നിലയ്ക്കൽ ∙ രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിനു മുന്നോടിയായി നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള തീർഥാടന പാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്ന വൃക്ഷങ്ങൾ നാളെ വൈകുന്നേരത്തോടെ പൂർണമായും നീക്കംചെയ്യാനാകുമെന്ന് ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ എ.എസ് അശോകൻ പറഞ്ഞു.നിലയ്ക്കൽ പെട്രോൾ പമ്പ് മുതൽ പമ്പ വരെയുള്ള ഭാഗത്തെ ഇരുപതോളം വൃക്ഷങ്ങളാണ് മുറിച്ച് മാറ്റുക.
ഇത് കൂടാതെ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന 30ൽ അധികം ശിഖരങ്ങളും നീക്കം ചെയ്യും. പ്ലാപ്പള്ളി, കണമല ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ഭാഗം.
പ്ലാപ്പള്ളി ഡപ്യൂട്ടി റേഞ്ചർ ഷിജു വി.ചാക്കോയുടെ നേതൃത്വത്തിൽ വനപാലകസംഘം ഇന്നലെ രാവിലെ മുതൽ വൃക്ഷങ്ങൾ മുറിച്ച് മാറ്റുന്ന ജോലികൾ ആരംഭിച്ചു.
കെഎസ്ഇബി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ഹൈഡ്രോളിക് വാഹനം ഉപയോഗിച്ച് വൃക്ഷങ്ങളുടെ ശിഖരങ്ങൾ പെട്ടെന്നു മുറിക്കാൻ വേണ്ടിയുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങൾ പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ പരിധിയിലാണ്. ഇവിടെ 32 വൃക്ഷങ്ങളുടെ ശിഖരങ്ങളാണ് മുറിച്ച് മാറ്റുന്നതെന്ന് പമ്പാ റേഞ്ച് ഓഫിസർ എം.കെ.മുകേഷ് പറഞ്ഞു.
പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷൻ പീരുമേട് ഡി.ഡി എസ്.സന്ദീപ് ഇന്നലെ സ്ഥലത്തെത്തി ഉദ്യോഗസ്ഥർക്കു വേണ്ട നിർദേശങ്ങൾ നൽകി. ജോലികൾ ആരംഭിച്ചെങ്കിലും മഴ മരംമുറിക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ശിഖരങ്ങൾ നീക്കം ചെയ്യാൻ ഒരാഴ്ചയോളം വേണ്ടി വരുമെന്നാണ് സൂചന.
ഒരുക്കങ്ങൾ പുരോഗമിക്കുന്നു
∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ദ്രുതഗതിയിൽ.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
17 ന് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും.
22 നാണ് രാഷ്ട്രപതിയുടെ സന്ദർശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

