കോഴിക്കോട്∙ പനാത്തുതാഴം-സിഡബ്ല്യുആർഡിഎം റോഡിൽ ദേശീയപാതയ്ക്ക് കുറുകെ നേതാജി നഗറിൽ പണിയുന്ന എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. കേരള നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാന നഗര റോഡുകളുടെ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നൽകിയത്. എത്രയും വേഗം എലിവേറ്റഡ് ഹൈവേ വിശദ പദ്ധതി രേഖ തയാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മേൽപാലം നിർമിക്കുന്നതിനുള്ള തുകയ്ക്ക് അനുമതിയായിരുന്നു.
കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള നഗരപാത വികസന പദ്ധതിയിൽപ്പെട്ട
നഗരത്തിലെ 12 പ്രധാന റോഡുകളുടെ പ്രവർത്തന പുരോഗതി മന്ത്രി വിലയിരുത്തി. നിർമാണ പ്രവർത്തനം കൃത്യമായ സമയക്രമം പാലിച്ച് പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നഗരത്തിലെ പ്രധാന റോഡുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി രണ്ടാഴ്ച തോറും ഉദ്യോഗസ്ഥതല അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ആകെ 1.072 കിലോമീറ്റർ ദൂരവും 18 മീറ്റർ വീതിയും കണക്കാക്കുന്ന മിനി ബൈപാസ്-പനാത്തുതാഴം മേൽപാലത്തിന്റെ 6(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതു പ്രകാരം അതിർത്തി കല്ലിടൽ പൂർത്തിയായിട്ടുണ്ട്.
തുടർനടപടികൾ പൂർത്തിയാക്കി സ്ഥലമേറ്റെടുപ്പിനുള്ള 4(1) നോട്ടിഫിക്കേഷൻ നടപടികൾ ഉടൻ ആരംഭിക്കാനാകുമെന്നും യോഗത്തെ അറിയിച്ചു. ആകെ 8.392 കിലോമീറ്റർ നീളമുള്ള മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ആദ്യഘട്ടമായ മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ നിർമാണം തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. റോഡിന്റെ കോൺക്രീറ്റ് കാനകളുടെ പ്രവൃത്തി 4500 മീറ്റർ പൂർത്തിയായിട്ടുണ്ട്. മാർച്ച് വരെ കാലാവധി ഉണ്ടെങ്കിലും അതിനു മുൻപേ പുതുവത്സര സമ്മാനമായി പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി നേരത്തേ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. നാലുവരി പാതയായി നിർമിക്കുന്ന മീഞ്ചന്ത അരീക്കാട് മേൽപാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
മാളിക്കടവ്-തണ്ണീർപന്തൽ റോഡ്, അരയിടത്തുപാലം-അഴകൊടി ക്ഷേത്രം-ചെറൂട്ടി നഗർ റോഡ്, കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര മേൽപാലം, പെരിങ്ങൊളം ജംക്ഷൻ റോഡ്, മൂഴിക്കൽ– കാളാണ്ടിത്താഴം റോഡ്, കരിക്കാംകുളം-സിവിൽ സ്റ്റേഷൻ-കോട്ടൂളി റോഡ്, മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ് റോഡ്, രാമനാട്ടുകര-വട്ടക്കിണർ റോഡ്, കല്ലുത്താൻകടവ്-മീഞ്ചന്ത റോഡ്, മാനാഞ്ചിറ-പാവങ്ങാട് റോഡ്, പന്നിയങ്കര-പന്തീരാങ്കാവ് റോഡ്, ഫറോക്ക് പേട്ട
ജംക്ഷൻ തുടങ്ങി റോഡുകളുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. യോഗത്തിൽ കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ അശോക് കുമാർ, പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]