ബാലുശ്ശേരി∙ കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ക്ഷേത്രം മുൻ എക്സിക്യുട്ടിവ് ഓഫിസർ ടി.ടി.വിനോദനെതിരെ നിലവിലുള്ള എക്സിക്യുട്ടിവ് ഓഫിസർ എ.ദിനേശ്കുമാർ നൽകിയ പരാതിയിലാണു കേസ്. സ്വർണ ഉരുപ്പടികൾ കാണാതായതിൽ പ്രതിഷേധം ശക്തമായതോടെയാണു ദിവസങ്ങൾക്കു ശേഷം എക്സിക്യുട്ടിവ് ഓഫിസർ ഇന്നലെ പരാതി നൽകാൻ തയാറായത്. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള കോട്ട
പരദേവതാ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഏതാണ്ട് 160 ഗ്രാം സ്വർണാഭരണങ്ങളാണു കാണാതായത്.
പൊലീസിൽ പരാതി നൽകാതെ ആരോപണ വിധേയനെ ദേവസ്വം ബോർഡ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ക്ഷേത്രം ഓഫിസിൽ എത്തി. പ്രതിഷേധം കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു. എക്സിക്യുട്ടിവ് ഓഫിസർ പൊലീസിനു പരാതി നൽകാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ.
ഇതോടെ ക്ഷേത്രം അധികൃതർ പരാതി എഴുതി അവരെ വായിച്ചു കേൾപ്പിച്ചു.
വ്യക്തമായി അന്വേഷണം വേണമെന്ന ആവശ്യം പരാതിയിലില്ലെന്നു പറഞ്ഞു ബിജെപി പ്രതിഷേധിച്ചു. സ്വർണം വീണ്ടെടുക്കുന്നതിനൊപ്പം ഗൂഢാലോചന കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർ പുതിയ പരാതി തയാറാക്കി വായിച്ചു കേൾപിച്ചതോടെയാണു ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്. 20 മാസം മുൻപ് സ്ഥലം മാറിപ്പോയപ്പോൾ ലോക്കറിന്റെ താക്കോൽ ടി.ടി.വിനോദൻ കൈമാറിയിരുന്നില്ല.
ഒട്ടേറെ തവണ നോട്ടിസ് നൽകിയ ശേഷമാണു വിനോദൻ താക്കോലും കൈവശമുണ്ടായിരുന്ന 450 ഗ്രാം സ്വർണവും കൈമാറിയത്.
കസ്റ്റോഡിയൻ എന്ന നിലയിൽ ഉരുപ്പടികൾ താൻ സൂക്ഷിച്ചതാണെന്നും ബാക്കി വരുന്ന സ്വർണം ചൊവ്വാഴ്ച ഉച്ചയ്ക്കു മുൻപ് എത്തിക്കാം എന്നുമാണു വിനോദൻ കഴിഞ്ഞ ദിവസം ദേവസ്വം അധികൃതരെ അറിയിച്ചത്. വാക്കു പാലിക്കുമെന്നു കരുതിയാണു പരാതി നൽകാതിരുന്നതെന്നും ഇന്നലെ വിളിച്ചപ്പോൾ വിനോദന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു.
മാറി വന്ന എക്സിക്യൂട്ടീവ് ഓഫിസർമാരെല്ലാം ലോക്കറിന്റെ ചുമതല കൈമാറണമെന്നു വിനോദനു നോട്ടിസ് നൽകിയിരുന്നു.
മലബാർ ദേവസ്വത്തിനു ഗാർഡ് റൂം ഇല്ലാത്തതു കൊണ്ടാണ് ഓരോ ക്ഷേത്രത്തിന്റെയും ഉത്തരവാദിത്തത്തിൽ സ്വർണവും വെള്ളിയും സൂക്ഷിക്കുന്നതെന്നു വെരിഫിക്കേഷൻ ഓഫിസർ പി.രാഹുൽ പറഞ്ഞു. റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികളിലൂടെ ദേവന്റെ സ്വത്തു വീണ്ടെടുക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]