വാളയാർ ∙ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് കണ്ണാടി കുന്നപറമ്പ് ആർ.ചന്ദ്രബാബു (45) ആണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ 8 പേർ അറസ്റ്റിലായി.
ജൂൺ എട്ടിനായിരുന്നു സംഭവം. കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന വ്യാപാരികളെയാണു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി കാറിൽ കടത്തിക്കൊണ്ടുപോയി മർദിച്ച് 25 ലക്ഷം കവർന്നത്. അറസ്റ്റിലായ ചന്ദ്രബാബു ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽപോയി.
തുടർന്ന് ഇന്നലെ വൈകിട്ടോടെ കോടതിയിൽ കീഴടങ്ങി. രാത്രിയോടെ വാളയാർ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പട്ടാമ്പി സ്വദേശികളായ 2 വ്യാപാരികളാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. കോയമ്പത്തൂർ പോത്തന്നൂരിൽ നിന്നാണ് ഇവർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറിയത്.
വ്യാപാര ആവശ്യങ്ങൾക്കായി സ്വർണം വിറ്റ് മടങ്ങുംവഴി, ട്രെയിൻ വാളയാറെത്തിയപ്പോഴാണ് കാക്കി പാന്റ്സ് ധരിച്ച അഞ്ചംഗസംഘം ഇരുവർക്കും അരികിലെത്തിയത്.
പൊലീസാണെന്ന് പറഞ്ഞ് ബാഗ് പരിശോധിച്ച് പണമുണ്ടെന്ന് ഉറപ്പുവരുത്തി. കഞ്ചിക്കോട്ടെത്തിയപ്പോൾ ഇരുവരെയും ട്രെയിനിൽ നിന്നു പിടിച്ചിറക്കി.
സ്റ്റേഷനു പുറത്തു കാത്തുനിന്ന നാലംഗ സംഘത്തോടൊപ്പം കാറിൽ കയറ്റി കടത്തിക്കൊണ്ടുപോകുകയും കാറിൽ വച്ചു മർദിച്ച് അവശരാക്കിയ ശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി ഇരുവരെയും ദേശീയപാതയിൽ തള്ളുകയുമായിരുന്നു. തുടർന്നു സംഘം കടന്നുകളഞ്ഞു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]