മേൽപ്പറമ്പ്∙ സംസ്ഥാനപാതയരികിലുള്ള ചെമ്മനാട് പഞ്ചായത്ത് മീൻചന്ത കെട്ടിടത്തിന്റെ നവീകരണം തുടങ്ങി. 2003 മാർച്ച് 30ന് ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം.
22 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഭിത്തി പെയ്ന്റ് ചെയ്തും നിലം ടൈൽ, ഇന്റർലോക് പാകിയും ശുചിമുറി ഉൾപ്പെടെ ഏർപ്പെടുത്തി നവീകരിക്കുന്നതിനു ജിഎസ്ടി അടക്കം 10 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നവീകരണത്തിനുള്ള പണി തുടങ്ങി.
ശുദ്ധജലം കുടിക്കൂ, അശുദ്ധജലം അപകടകാരി, പരിസരം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ബോധവൽക്കരണ സന്ദേശങ്ങളുടെ പോസ്റ്റർ പതിപ്പിച്ച കെട്ടിടം ആകെ വൃത്തിഹീനമായും മേൽക്കൂര ഉൾപ്പെടെ കാടുപിടിച്ച നിലയിലുമായിരുന്നു.
കീഴൂർ നിന്നുള്ള ഇരുപതിലേറെ വനിതകൾ ഇവിടെ മത്സ്യം വിൽക്കുന്നുണ്ട്. കെട്ടിടത്തിൽ ശുചിമുറിക്കു വേണ്ടി മാറ്റിവച്ച മുറിയിൽ വൈദ്യുതി മീറ്റർ ആണ് സ്ഥാപിച്ചിരുന്നത്.
സമീപത്തെ കിണറിലെ വെള്ളം ശുദ്ധീകരിച്ചാൽ ഉപയോഗിക്കാൻ കഴിയും.
വെള്ളമില്ലാതെ ശുചിമുറി
കുഴൽക്കിണർ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നുവെങ്കിലും ഇപ്പോൾ നടന്നു വരുന്ന ടെൻഡർ പ്രവൃത്തിയിൽ അതില്ല. 14 ശതമാനം കുറവ് തുക ക്വോട്ട് ചെയ്ത് എടുത്ത പ്രവൃത്തിയിൽ ശുചിമുറി ഒരുക്കാൻ കുഴിയെടുക്കുന്നത് തടഞ്ഞതിനെത്തുടർന്ന് ഇപ്പോൾ ശുചിമുറി പണി നിലച്ച മട്ടാണ്.
കെട്ടിടത്തിലെ നിലം ഇന്റർലോക്, ടൈൽ പണി പൂർത്തിയായി. പുറത്തേക്ക് മൂന്നു മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും ഷീറ്റ് ഇടാനുണ്ട്.
ഗ്രിൽ ഫിറ്റ് ചെയ്യാനുണ്ട്. കെട്ടിടത്തിന്റെ നവീകരണം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ മന്ദഗതിയിലാണ് നടക്കുന്നത്. ശുചിമുറി ഒരുക്കിയാൽ അത് ദിവസവും പരിപാലിക്കുന്നതിനാവശ്യമായ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ പരിസര മലിനീകരണം ഉണ്ടാകുമെന്ന കാരണം ഉന്നയിച്ചായിരുന്നു ഇതിന്റെ പണി തടഞ്ഞത്. വെള്ളം സൗകര്യം ഏർപ്പെടുത്താതെ ശുചിമുറി പണിതിട്ട് എന്തു കാര്യം എന്നായിരുന്നു ചോദ്യം.
സമീപത്തെ കിണർ വൃത്തിയാക്കി കുടിക്കുന്നതിനും ശുചിമുറി ആവശ്യത്തിനും മീൻ വിൽപന ഹാൾ വൃത്തിയാക്കുന്നതിനും ഉൾപ്പെടെ വെള്ളം ഉപയോഗപ്പെടുത്തണം എന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. ഇതിൽ നിന്നു പൈപ്പ് ലൈനും മോട്ടറും സ്ഥാപിച്ച് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ കഴിയും. നല്ല നിലയിൽ ഈ സംവിധാനം പ്രവർത്തനം തുടങ്ങിയാൽ സംസ്ഥാന പാതയിലെ വാഹനയാത്രക്കാർക്കു കൂടി ഇത് ഉപയോഗപ്പെടുത്താൻ കഴിയും.
സമീപത്തെ ഓട്ടോ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും ഉപകാരമാകും. എന്നാൽ ദിവസവും ഇത് പരിപാലിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]