രാവിലെ സ്കൂളിലേക്കുപോകാൻ ബസ് കിട്ടാനുള്ള ഓട്ടത്തിൽ തുടങ്ങിയതാണ് അടൂർ സ്വദേശിനിയായ സ്നേഹ മറിയം വിൽസണിന്റെ (19) ഓട്ടക്കുതിപ്പ്. ഇന്നു ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാങ്ങിക്കൂട്ടുമ്പോൾ സ്നേഹയ്ക്ക് ഓട്ടത്തിനോടുള്ള സ്നേഹം കൂടുകയാണ്.
ആന്ധ്രപ്രദേശിൽ നടന്ന സൗത്ത് സോൺ ജൂനിയർ അത്ലറ്റിക് മീറ്റിൽ സ്നേഹ നേടിയതാകട്ടെ ഒരു സ്വർണവും 2 വെള്ളിയും.
അണ്ടർ 20 വിഭാഗത്തിൽ 4×400 മീറ്റർ മിക്സഡ് റിലേയിലായിരുന്ന സ്വർണക്കൊയ്ത്ത്. വനിതാ വിഭാഗം 400 മീറ്ററിലും 200 മീറ്ററിലുമാണു വെള്ളിമെഡൽ നേടിയത്.
കാതോലിക്കേറ്റ് കോളജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാണ് സ്നേഹ. മേലൂട് മാവിളയിൽ പരേതനായ എം.വൈ.വിൽസണിന്റെയും അനിതാ ഫിലിപ്പിന്റെയും മകളാണ്.
പരിശീലകൻ റിജിൻ മാത്യു ഏബ്രഹാം.
ടീച്ചർ കണ്ടെത്തിയ കഴിവ്
സ്കൂൾതല മത്സരങ്ങളിൽ മറ്റുള്ളവരെ ഓടി തോൽപിക്കുന്ന മിടുക്കിയുടെ പ്രകടനം കണ്ട് അടൂർ സെന്റ് മേരീസ് സ്കൂളിലെ കായികാധ്യാപികയായ സിമി മറിയം ജോർജാണ് സ്നേഹയ്ക്ക് ഓട്ടത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു നൽകുന്നത്. 7–ാം ക്ലാസിൽ പഠിക്കുമ്പോൾ സിമിയുടെ നിർബന്ധം കാരണം ജില്ലാതല സ്പോർട്സ് ക്യാംപിൽ പങ്കെടുത്തു.
‘ഒന്നാം ക്ലാസ് മുതൽ ഓടിത്തുടങ്ങിയതാണ്. 6–ാം ക്ലാസ് വരെ സബ് ജില്ലാ മത്സരങ്ങളിൽ സമ്മാനം നേടുമായിരുന്നു’ സ്നേഹ പറഞ്ഞു.
400 മീറ്റർ ഓട്ടം റിലേ എന്നീ മത്സരങ്ങളോടാണു സ്നേഹയ്ക്കു സ്നേഹം കൂടുതൽ.
വീട്ടിലെ നോ, യെസ് ആയപ്പോൾ
എട്ടാം ക്ലാസ് മുതൽ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ സ്നേഹ തുടങ്ങിയിരുന്നു. എന്നാൽ, പത്താം ക്ലാസ് എത്തിയപ്പോൾ അമ്മ അനിത ഓട്ടക്കുതിപ്പിന് നോ പറഞ്ഞു.
മകൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയായിരുന്നു ആ വിലക്ക്. എന്നാൽ മകളുടെ നിർബന്ധത്തിനു വഴങ്ങി പ്ലസ് വണ്ണിലും പ്ലസ്ടുവിലും കൂടി മത്സരിക്കാൻ അമ്മ സമ്മതം മൂളി.
അമ്മയുടെ സമ്മതം മകൾക്കു സമ്മാനിച്ചതാകട്ടെ നേട്ടങ്ങളുടെ ട്രാക്കാണ്. മകൾക്ക് ഓട്ടത്തിൽ ഭാവിയില്ലെന്നു കരുതി അനിത സ്നേഹയ്ക്കു ചെറുപ്പത്തിൽ ലഭിച്ച ട്രോഫികളെല്ലാം കളഞ്ഞിരുന്നു.
എന്നാൽ 4–ാം ക്ലാസ് മുതൽ മകൾ നേടിയെടുത്ത ട്രോഫികളെല്ലാം അനിത ഇപ്പോൾ പൊന്നുപോലെ സൂക്ഷിക്കുകയാണ്.
നേട്ടങ്ങളുടെ പട്ടിക
സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാംപ്യൻഷിപ്, യൂത്ത് നാഷനൽസ്, സംസ്ഥാന സ്കൂൾ കായികമേള, ദേശീയ സ്കൂൾ അത്ലറ്റിക് ചാംപ്യൻഷിപ്, കേരള ഇന്റർ ഡിസ്ട്രിക്ട് അത്ലറ്റിക്സ് ചാംപ്യൻഷിപ്, ദേശീയ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് ചാംപ്യൻഷിപ് എന്നിവയിൽ എല്ലാം സ്നേഹ മെഡൽ നേടിയിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]