മുറ്റിച്ചൂർ∙ രാജ്യം നാളെ ദേശീയ തപാൽദിനം ആചരിക്കുമ്പോൾ യോഗനാഥൻ കരിപ്പാറയ്ക്ക് (67) ഓർമകളുടെ കുളിർമ പകർന്ന് പെട്ടി നിറയെ പഴയ കത്തുകൾ. 250 കത്തുകളടങ്ങുന്ന പെട്ടി നിധി പോലെയാണ് യോഗനാഥൻ സൂക്ഷിക്കുന്നത്.
1983 മുതൽ 96 വരെയുള്ള 13 വർഷത്തെ അഞ്ഞൂറിലേറെ കത്തുകൾ സൂക്ഷിച്ചിരിന്നുവെങ്കിലും മഴവെള്ളം വീണ് നനഞ്ഞതിനെ തുടർന്ന് അവശേഷിക്കുന്നത് പകുതിയോളം കത്തുകൾ മാത്രമാണ്. ഇതിൽ 210 കത്തുകൾ യുഎഇയിലെ പ്രവാസകാലത്ത് നാട്ടിലേക്കയച്ചതും വീട്ടുകാരും കൂട്ടുകാരും യോഗനാഥനയച്ചതുമാണ്.
40 എണ്ണം നാട്ടുകത്തുകളാണ്.
പ്രവാസജീവിതത്തിന്റെ പ്രതിസന്ധികളും പ്രയാസങ്ങളും ചൂടും തണുപ്പും വീട്ടുകാര്യങ്ങളും ദേശവിശേഷങ്ങളും മാതാപിതാക്കളുടെ ഉപദേശങ്ങളും ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങളുമെല്ലാമാണ് കത്തുകളിലെല്ലാം. ഇടയ്ക്കിടക്ക് പഴയകത്തുകൾ വായിക്കുമ്പോൾ ഒരു കാലഘട്ടമാണ് യോഗനാഥന്റെ മനസ്സിൽ തെളിയുന്നത്. മാതാപിതാക്കളുടെ കത്തുകൾ വീണ്ടും വായിക്കുമ്പോൾ അവരുടെ സ്നേഹവും വാത്സല്യവും ഉപദേശങ്ങളും നൽകുന്ന ഊർജം വല്ലാത്തൊരുനുഭവമാണ് യോഗനാഥന്.
ജർമനിയിൽ ജോലിക്കാരനും നരവംശശാസ്ത്ര വിദ്യാർഥിയുമായ മകൻ സേഥിയുടെ ഭാര്യ ആൻ ക്രിസ്റ്റീനും കുടുംബത്തിൽ കത്തുകളോടുള്ള ഇഷ്ടം സൂക്ഷിക്കുന്നയാളാണ്.നാട്ടിൽ വരുമ്പോഴൊല്ലാം മരുമകൾ കത്തുകൾ പലതവണ എടുത്ത് നോക്കും.
ജർമനിയിൽ പ്രധാനപ്പെട്ട രേഖളെല്ലാം കത്തുകളിലൂടെയാണ് കൈമാറുന്നതെന്നും കത്ത് സംസ്കാരം ഇപ്പോഴും അവിടെ സജീവമാണെന്നും മരുമകൾ പറയാറുണ്ട്.
വിശേഷദിവസങ്ങളിൽ മകൾ ലക്ഷ്മിയും മരുമകൾ ആൻ ക്രിസ്റ്റീനും ഗ്രീറ്റിങ് കാർഡുകൾ യോഗനാഥന് അയ്ക്കാനും മറക്കാറില്ല. ഗൾഫിലെ ജോലിക്കാലത്ത് ഭാര്യ വാത്സ്യായന അയച്ചിരുന്ന കത്തുകളെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട് യോഗനാഥൻ.
പ്രസിദ്ധീകരണം നിലച്ച ദേശവിശേഷം പത്രത്തിന്റെ മാനേജിങ് ഡയറക്റായിരുന്നു യോഗനാഥൻ. ഇപ്പോൾ വീടിനോട് ചേർന്ന് റൈസ് മില്ല് നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]