പുൽപള്ളി ∙ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യംകൊണ്ടു പൊറുതിമുട്ടുന്ന കർഷകർക്ക് കടുത്ത ഭീഷണിയായി മലയണ്ണാനും. നിലംതൊടാതെ മരങ്ങളിലൂടെ പാഞ്ഞുനടക്കുന്ന മലയണ്ണാൻസംഘം തേങ്ങ, അടയ്ക്ക, ഇതര കാർഷികവിളകൾ എന്നിവയെല്ലാം നശിപ്പിക്കുന്നു.
മൂപ്പെത്താത്ത കരിക്ക് തുളച്ചു കുടിക്കുന്നു. തെങ്ങുള്ള കർഷകർക്ക് സ്വന്തം ആവശ്യത്തിനുപോലും തേങ്ങ ലഭിക്കാത്ത അവസ്ഥ. വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ നിയമം കൊണ്ടുവരുമ്പോഴാണ് കൃഷിയിടത്തിൽ മലയണ്ണാനെ എയർഗൺകൊണ്ട് വെടിവച്ചുവെന്ന കുറ്റത്തിനു അമരക്കുനിയിൽ 3 കർഷകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
വനത്തിൽനിന്നു കിലോമീറ്ററുകളകലെയുള്ള തോട്ടങ്ങളിലും എല്ലാവിളകളും നശിപ്പിക്കുന്ന ജീവിയാണ് മലയണ്ണാൻ.
തെങ്ങിലെ മച്ചിങ്ങയടക്കം അണ്ണാൻ കടിച്ചു പറിച്ച് നിലത്തിടുന്നു. പേരയ്ക്ക, റംബുട്ടാൻ വാഴക്കുല, തുടങ്ങിയ പഴം–പച്ചക്കറിവിളകളും വ്യാപകമായി നശിപ്പിക്കുന്നു.
ശല്യം സഹിക്കാനാവാതെ വരുമ്പോഴാണ് എയർഗൺ, തെറ്റാലി എന്നിവയുപയോഗിച്ച് കർഷകർ മലയണ്ണാനെയും കുരങ്ങുകളെയും തുരത്തുന്നത്. ഇപ്പോൾ അതും ക്രിമിനൽ കേസായി.വനപാലകരുടെ നടപടി കാടത്തമാണെന്ന് വേലിയമ്പത്തു ചേർന്ന കർഷകരക്ഷാ സമിതിയോഗം ആരോപിച്ചു.
വന്യമൃഗങ്ങളെ വനത്തിൽ തന്നെ സംരക്ഷിക്കണമെന്നും അല്ലെങ്കിൽ അവയെ തടയാൻ വനാതിർത്തിയിൽ പ്രതിരോധ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അണ്ണാനെ കൊന്നതിന്റെ പേരിൽ ജാമ്യമില്ലാകുറ്റം ചുമത്തി ജയിലിൽ അടച്ചതിനുപുറമേ കൊലക്കേസ്, കവർച്ചക്കേസ് പ്രതികളെന്നവിധം ചിത്രങ്ങൾസഹിതം പരസ്യപ്രചാരണം നടത്തുന്ന വനപാലകർ കർഷകരെയും കുടുംബാംഗങ്ങളെയും നാടിനെയും അപമാനിക്കുകയാണെന്നും കുറ്റപ്പെടുത്തി. പി.വി.സ്വാമി അധ്യക്ഷത വഹിച്ചു.
പി.എം കുമാരൻ, ജോർജ് മാത്യു, ഗോപാലൻ കുണ്ടൂർ, പുത്തൻപുരയ്ക്കൽ വിലാസിനി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]