മുളന്തുരുത്തി ∙ അനുവദിച്ച തുകയ്ക്കു കരാറെടുക്കാൻ ആളില്ല, തിരുവാങ്കുളം-ചോറ്റാനിക്കര- വട്ടുക്കുന്ന് റോഡ് ടാറിങ് ത്രിശങ്കുവിൽ. 2023-24 വർഷത്തെ ശബരിമല പാക്കേജിൽ അനുവദിച്ച 3 കോടി രൂപയ്ക്ക് റോഡ് ടാർ ചെയ്യാനുള്ള കരാറെടുക്കാൻ ആരും തയാറാകാത്തതാണു പ്രതിസന്ധി. ടാറിങ്ങിനായി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചെങ്കിലും 2 പേർ മാത്രമാണു ടെൻഡർ സമർപ്പിച്ചത്.
ഇതാകട്ടെ അനുവദിച്ച തുകയേക്കാൾ 25% കൂടുതലും. ഇതിനാൽ കരാർ ഉറപ്പിക്കാൻ അധികൃതർക്കായില്ല.
കരാറുകാരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും തുക കുറയ്ക്കാൻ തയാറായില്ല. ഇതിനാൽ റീ ടെൻഡർ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.തകർന്നു കിടക്കുന്ന 5 കിലോമീറ്റർ ദൂരമുള്ള റോഡ് ടാർ ചെയ്യാൻ നിലവിൽ അനുവദിച്ച തുക അപര്യാപ്തമാണെന്നാണു കരാറുകാരുടെ വാദം.
2018ലെ എസ്റ്റിമേറ്റ് പ്രകാരമാണു ശബരിമല പാക്കേജിൽ നിന്നു റോഡിനു തുക വകയിരുത്തിയത്.
ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് നിലവിൽ പൂർണമായും തകർച്ചയിലാണ്. അതിനാൽ 2018ലെ എസ്റ്റിമേറ്റ് പ്രകാരം ടാറിങ് നടത്താൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. സർക്കാരിൽ നിന്നു പണം ലഭിക്കാനുള്ള കാലതാമസവും ജോലികൾ എടുക്കുന്നതിൽ നിന്നു കരാറുകാർ മാറിനിൽക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ചെറുകിട കരാറുകാർ വർക്ക് എടുക്കാൻ മുന്നോട്ടു വരുന്നില്ല.
ശബരിമല തീർഥാടകർ വലയും
നടപടികൾ പൂർത്തിയാക്കി തിരുവാങ്കുളം- ചോറ്റാനിക്കര- വട്ടുക്കുന്ന് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശബരിമല തീർഥാടകർ വലയും. മണ്ഡലകാലം ആരംഭിക്കാൻ ഇനി 38 ദിവസം മാത്രമാണുള്ളത്. ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനെത്തുന്ന ശബരിമല തീർഥാടകർ ആശ്രയിക്കുന്ന പ്രധാന റോഡാണ് തകർന്നു കിടക്കുന്നത്.
നവംബർ 16നു ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ ഇടതടവില്ലാതെ തീർഥാടകരുടെ വാഹനമെത്തും.
ഇതിനു മുൻപ് ടാറിങ് നടന്നില്ലെങ്കിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ വേണം അയ്യപ്പന്മാർ സഞ്ചരിക്കാൻ.റീ ടെൻഡറിലും തീരുമാനമായില്ലെങ്കിൽ ടാറിങ് അനന്തമായി നീളുമെന്നാണ് വിലയിരുത്തൽ. ആരും കരാറെടുത്തില്ലെങ്കിൽ എസ്റ്റിമേറ്റ് പുതുക്കി നൽകി സർക്കാർ അനുമതി ലഭിച്ചാലേ തുടർ നടപടികൾ സ്വീകരിക്കാനാകൂ.
ഇതിന് ഏറെ സമയം വേണ്ടിവരും. ഇതിനിടെ പെരുമാറ്റച്ചട്ടം നിലവിൽ വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ആവശ്യപ്പെട്ടത് 5 കോടി: അനൂപ് ജേക്കബ്
ശബരിമല പാക്കേജിൽ തിരുവാങ്കുളം- വട്ടുക്കുന്ന് റോഡിന് 5 കോടി ആവശ്യപ്പെട്ടിരുന്നുവെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. ഇതു വെട്ടിക്കുറച്ചാണ് 3 കോടി അനുവദിച്ചത്.
അന്നേ തുക അപര്യാപ്തമാണെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]