ഇരിട്ടി ∙ ഇരിട്ടി പുതിയ പാലം ജംക്ഷനിൽ വാഹനം ഇടിച്ചുതകർന്നു സ്ഥിരം അപകടങ്ങൾക്കു കാരണമായ ഡിവൈഡർ പുനഃസ്ഥാപിക്കാൻ 2 മാസത്തോളം യാതൊരു നടപടിയും സ്വീകരിക്കാത്ത മരാമത്ത് അധികൃതർ ജനകീയമായി പുനർനിർമിച്ചപ്പോൾ പൊളിച്ചുമാറ്റാൻ ഉത്തരവുമായി എത്തിയതു വിവാദമാകുന്നു. തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ പായം പഞ്ചായത്തിന്റെയും ഇരിട്ടി പൊലീസിന്റെയും നേതൃത്വത്തിൽ ജനകീയ സമിതി സ്പോൺസറെ കണ്ടെത്തി നിർമിച്ച ഡിവൈഡർ ബാരിക്കേഡുകൾ 7 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാണ് മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അന്ത്യശാസനം നൽകിയിരിക്കുന്നത്.
ചെടികൾ വച്ചു മനോഹരമാക്കിയ ഡിവൈഡറിൽ വാഹനം കയറിയാണ് പൂർണമായും തകർന്നത്.
പൊലീസിൽ പരാതി നൽകാതിരുന്ന മരാമത്ത് അധികൃതർ റിബൺ കെട്ടി അപകട മുന്നറിയിപ്പ് പോലും നൽകാത്തത് ആക്ഷേപത്തിനിടയാക്കിയിരുന്നു.
ഇതോടെയാണ് പായം പഞ്ചായത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ, ദുരന്തം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജനകീയമായി ഡിവൈഡർ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. നഗരമേഖലയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ സഹായത്തോടെ ഡിവൈഡർ പുനർനിർമിച്ചു ബാരിക്കേഡ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
നേരത്തേ ദിനംപ്രതി വാഹനങ്ങൾ അപകടത്തിൽ പെട്ട
സ്ഥാനത്ത് ഡിവൈഡർ പുനർനിർമിച്ച ശേഷം അപകടങ്ങൾ സംഭവിച്ചിട്ടുമില്ല. ഡിവൈഡർ പുനർനിർമിച്ചു ബാരിക്കേഡുകൾ നിർമിക്കുന്ന വിവരം പായം പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ട
വകുപ്പ് പ്രതിനിധികളെ അറിയിക്കുകയും വാക്കാൽ സമ്മതം അറിയിക്കുകയും ചെയ്തിരുന്നതായാണു സൂചന. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെ സ്ഥാപിച്ചതിനാൽ പൊളിച്ചുമാറ്റണമെന്നാണു കത്തിൽ മരാമത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.
അപകടക്കവല
ഇരിട്ടി പാലത്തിന്റെ പായം പഞ്ചായത്ത് ഭാഗം 3 റോഡുകൾ ചേരുന്ന കവല കൂടിയാണ്.
കൂട്ടുപുഴ, ഇരിട്ടി, തന്തോട് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് പാലം ജംക്ഷന്റെ അപകട സാഹചര്യം നേരത്തേ തിരിച്ചറിയാൻ സാധിക്കാത്തതിനാലാണ് റോഡ് പുനർനിർമാണ സമയത്ത് കെഎസ്ടിപി ഡിവൈഡർ നിർമിച്ചത്. തിരക്കേറിയ ഈ സംസ്ഥാനാന്തര പാതയിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതാണ്.
3 വർഷം മുൻപാണ് ലോകബാങ്ക് സഹായത്തോടെയുളള കെഎസ്ടിപി പദ്ധതിയിൽ പെടുത്തി സംസ്ഥാനാന്തര പാതയിൽ കേരളത്തിന്റെ അധീനതയിലുള്ള തലശ്ശേരി – വളവുപാറ റോഡ് പുനർനിർമാണം പൂർത്തിയാക്കിയത്.
മരാമത്ത് ഓഫിസിൽ നിന്ന് 500 മീറ്ററിനുള്ളിലാണ് ഇരിട്ടി പാലം കവലയിൽ വാഹനം കയറി തകർന്ന ഡിവൈഡറിന്റെ കോൺക്രീറ്റ് പാളികളും മണ്ണും എടുത്തുമാറ്റാതെ റോഡിൽ തന്നെ 2 മാസത്തോളം കിടന്നത്. മാധ്യമങ്ങളിൽ വാർത്ത ആയതോടെ ജനകീയ വിഷയങ്ങളിൽ പ്രതികരിക്കുന്ന ഒരു വ്ലോഗറാണു റോഡിൽ ചിതറിക്കിടന്നിരുന്ന കോൺക്രീറ്റ് പാളികൾ എടുത്തു നേരെ ആക്കി വച്ചത്.
ഇരിട്ടി ടൗണിൽ മരാമത്ത് റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ച വഴിവിളക്കുകൾ തെളിയാത്ത സാഹചര്യത്തിൽ നഗരസഭ ഇടപെട്ടാണു സ്വകാര്യ സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പോടെ വഴിവിളക്കുകളും പരസ്യബോർഡുകളും സ്ഥാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]