കല്ലമ്പലം∙ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനും ആറ്റിങ്ങലിനും ഇടയിലുള്ള ഹൈ റിസ്ക് മേഖലകളിൽ ഒന്നായ കടുവയിൽ പള്ളി ജംക്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനം വലയുന്നു. കാൽനടയാത്ര ദുരിതം എന്ന് നാട്ടുകാർ.
റോഡ് മുറിച്ച് കടക്കാൻ കഴിയാതെ വിദ്യാർഥികളും വയോധികരും . അപകടങ്ങൾ നിത്യ സംഭവമായിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം. പ്രധാനപ്പെട്ട മൂന്ന് ആരാധനാലയങ്ങൾ സംഗമിക്കുന്ന സ്ഥലമാണ് കടുവയിൽ പള്ളി ജംക്ഷൻ.
കൂടാതെ മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന കെടിസിടി സ്കൂളും തൊട്ടടുത്താണ്.
രാവിലെ ഏഴു മുതൽ ആരംഭിക്കുന്ന തിരക്ക് വൈകിട്ട് എട്ടു മണിവരെ നീളും. തൊട്ടടുത്ത ഓഡിറ്റോറിയത്തിൽ വിവാഹമോ മറ്റ് പരിപാടികളോ ഉണ്ടെങ്കിൽ കുരുക്ക് മുറുകും.
റോഡ് മുറിച്ച് കടക്കാനാണ് ഈ മേഖലയിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതായി പരാതി ഉയർന്നിട്ടുള്ളത്. ധാരാളം അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് ഇൗ ജംക്ഷൻ . കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇരുന്നൂറിൽ പരം അപകടങ്ങൾ നടന്നതായാണ് വിവരാവകാശ കണക്കുകൾ പറയുന്നത്.
ഇതിൽ 65 വലിയ അപകടങ്ങളുണ്ടായി. 3 പേരാണ് ഈ കാലയളവിൽ അപകടത്തിൽ മരിച്ചത്.
പരുക്കേറ്റ് ചികിത്സയുടെ ദുരിതം പേറുന്നവർ ഡസനിലേറെ വരും.
പേരുകേട്ട കടുവയിൽ പള്ളി സ്ഥിതി ചെയ്യുന്നതിനാൽ കൊല്ലം തിരുവനന്തപുരം പാതയിലെ പ്രധാന ജംക്ഷൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇവിടെ ട്രാഫിക് നിയമ ലംഘനങ്ങളും ധാരാളം നടക്കുന്നതായാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. അമിതവേഗവും നിയന്ത്രണമില്ലാത്ത മറികടക്കലും യഥേഷ്ടം നടക്കുന്നതായാണ് പരാതി.
സീബ്രാ ലൈനിൽ നിന്നാൽ പോലും വാഹനം നിർത്താതെ ചീറിപ്പായുന്നതിനാൽ ജീവൻ പണയം വച്ചാണ് കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നത്.
ഇവിടെ ഒരു മേൽപാലം പണിയണം എന്ന വർഷങ്ങളായുള്ള ആവശ്യം ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പൊലീസ് എയ്ഡ് പോസ്റ്റ് എങ്കിലും സ്ഥാപിച്ച് ഇത്രയും പ്രധാനപ്പെട്ട കവലയിലെ കുരുക്ക് ഒഴിവാക്കാനും നടപടിയില്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി കടുവയിൽ തോട്ടക്കാട് യൂണിറ്റ് ഇതു സംബന്ധിച്ച് പ്രത്യേക യോഗം ചേരുകയും ഉന്നതർക്ക് പരാതി നൽകാൻ തീരുമാനിച്ചതായും പ്രസിഡന്റ് എം.എം.ഹാഷിം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]