ഗാസയിൽ സമാധാനത്തിന്റെ ‘ആദ്യ’ ചുവടിലേക്ക് ഇസ്രയേലും ഹമാസും കടന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നഷ്ടത്തിലേക്ക് വീണ് രാജ്യാന്തര ക്രൂഡ് ഓയിൽ വില. ഇസ്രയേലും ഹമാസും വെടിനിർത്തലിന്റെ ആദ്യഘട്ടത്തിലേക്ക് കടന്നെന്നും ബന്ദികളെ പരസ്പരം കൈമാറുമെന്നുമാണ് ട്രംപ് അറിയിച്ചത്.
ഗാസ യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും നിർണായകമായ നീക്കമാണിത്.
ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 62.11 ഡോളറിലേക്കും ബ്രെന്റ് വില 65.87 ഡോളറിലേക്കും ഇടിഞ്ഞു. ഒരു ശതമാനം നഷ്ടമാണ് ഇരു ഇനങ്ങളും നേരിട്ടത്.
ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാൻ സൗദി അറേബ്യയും റഷ്യയും നേതൃത്വം നൽകുന്ന ഒപെക് പ്ലസ് കൂട്ടായ്മ കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. ഈ തീരുമാനവും എണ്ണവിലയിൽ കനത്ത ഇടിവിന് വഴിവയ്ക്കേണ്ടതായിരുന്നു.
എന്നാൽ, പ്രതീക്ഷിച്ചത്ര ഉൽപാദന വർധന ഇല്ലാത്തത് എണ്ണവില കഴിഞ്ഞദിവസങ്ങളിൽ കൂടാനാണ് വഴിവച്ചത്.
ഇസ്രയേൽ-ഹമാസ്, ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളെ തുടർന്ന് സമീപകാലത്ത് എണ്ണവില ബാരലിന് 70 ഡോളറിലേക്കുവരെ ഉയർന്നിരുന്നു. യുദ്ധസമാന സാഹചര്യംമൂലം മധ്യേഷ്യയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയായിരുന്നു കാരണം.
ഇപ്പോൾ, സമാധാനത്തിന്റെ പാത തുറന്നതോടെയാണ് എണ്ണവില വീണ്ടും നഷ്ടത്തിന്റെ ട്രാക്കിലായത്. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണ വില ഇടിയുന്നത് സാമ്പത്തികമായി വൻ നേട്ടമാകും.
നിലവിൽ റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ കിട്ടുന്ന എണ്ണയാണ് ഇന്ത്യ വലിയതോതിൽ വാങ്ങിക്കൂട്ടുന്നത്.
മധ്യേഷ്യയിൽ നിന്നുള്ള എണ്ണയുടെ വിലയും കുറഞ്ഞാൽ ശ്രദ്ധ അങ്ങോട്ടേക്ക് തിരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയും. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്കയുമായുള്ള ഭിന്നത മയപ്പെടുത്താനും ഇതുവഴി ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും.
നിലവിൽ 2026ലേക്കുള്ള എണ്ണ ഇറക്കുമതി കരാറുകൾക്കായി ഇന്ത്യൻ കമ്പനികൾ ഉറ്റുനോക്കുന്നത് ഗൾഫ് രാഷ്ട്രങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ്.
ഇന്ത്യയെ പിണക്കരുതെന്ന് ട്രംപിനോട് യുഎസ് കോൺഗ്രസ്
ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ്. ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് സുഹൃദ് രാഷ്ട്രമായ ഇന്ത്യയെ അമേരിക്കയിൽ നിന്ന് അകറ്റി.
ചൈനയോടും റഷ്യയോടും കൂടുതൽ അടുക്കുകയാണ് ഇപ്പോൾ ഇന്ത്യ. ഇൻഡോ-പസഫിക് മേഖലയിൽ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവകൂടി ഉൾപ്പെടുന്ന പ്രതിരോധ സംഖ്യമായ ക്വാഡിൽ അംഗമാണ് ഇന്ത്യയെന്നിരിക്കേ, ട്രംപിന്റെ നിലപാടുകൾ യുഎസിന്റെ താൽപര്യങ്ങളെയാണ് ഹനിക്കുക.
ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാകണമെന്നും പ്രശ്നം വഷളാക്കരുതെന്നും യുഎസ് കോൺഗ്രസ് അംഗങ്ങളായ ഡിബോറ കെ. റോസ്, ബ്രാഡ് ഷെർമൻ, പ്രമീള ജയപാൽ, ഫ്രാങ് പാലൺ ജൂനിയർ, രാജ കൃഷ്ണമൂർത്തി തുടങ്ങിയവർ ട്രംപിനോട് ആവശ്യപ്പെട്ടു.
പലിശ കുറയ്ക്കാൻ അമേരിക്ക, നേട്ടത്തിൽ ഓഹരി
2025ൽ 2 തവണകൂടി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന നൽകി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്.
കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ പലിശ 0.25% കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞമാസത്തെ തൊഴിലില്ലായ്മ കണക്കുകൾ ട്രംപ് ഭരണകൂടം ഇന്നു പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ട്രംപിന്റെ ഗവൺമെന്റ് ഷട്ട്ഡൗണിന്റെ 9-ാം ദിവസത്തിലേക്ക് കടക്കുന്നതിനാൽ, ഇത്തരം കണക്കുകൾ പുറത്തുവിടേണ്ടെന്ന തീരുമാനത്തിലാണ് നിലവിലുള്ളത്.
ഷട്ട്ഡൗണും സാമ്പത്തിക സ്ഥിതിയുടെ സൂചകങ്ങളായ ഇത്തരം കണക്കുകൾ ലഭ്യമാകാത്തതും യുഎസിന്റെ സാമ്പത്തിക മേഖലയെ അസ്വസ്ഥപ്പെടുത്തും.
∙ എഐ, ചിപ് കമ്പനികളുടെ മികച്ച പ്രകടനത്തെ തുടർന്ന് യുഎസ് ഫ്യൂച്ചേഴ്സ് വിപണികൾ നേട്ടത്തിലേറി. ഡൗ, നാസ്ഡാക്, എസ് ആൻഡ് പി എന്നിവ 0.2% വരെ ഉയർന്നു.
∙ ജപ്പാനിൽ നിക്കേയ് കുതിപ്പ് തുടർക്കഥയാക്കിയിട്ടുണ്ട്; ഇന്ന് 1.34% മുന്നേറി.
∙ ചൈനയിൽ ഷാങ്ഹായ് സൂചിക 0.65% കയറി, ഹോങ്കോങ് സൂചിക 0.09% താഴ്ന്നു.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.69% നേട്ടത്തിലാണ് വ്യാപാരം ചെയ്തത്.
ഗിഫ്റ്റ് നിഫ്റ്റിക്ക് കരകയറ്റം
കഴിഞ്ഞ ദിവസങ്ങളിൽ സമ്മർദത്തിലായിരുന്ന ഗിഫ്റ്റ് നിഫ്റ്റി ഇന്നു 60 പോയിന്റ് വരെ കയറിയത്, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങുമെന്ന സൂചന നൽകുന്നു.
ഇന്നലെ ലാഭമെടുപ്പിനെ തുടർന്ന് സെൻസെക്സ് 0.19 ശതമാനവും നിഫ്റ്റി 0.25 ശതമാനവും താഴ്ന്നിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരികളുടെ വിൽപനക്കാരായി തുടരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ പക്ഷേ 81 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. വിദേശ നിക്ഷേപകർ തിരിച്ചുവരുന്നത് വിപണിക്ക് കരുത്താകും.
രൂപ ഇന്നലെ ഡോളറിനെതിരെ 3 പൈസ താഴ്ന്ന് 88.80ൽ എത്തി. ക്രൂഡ് വില ഇടിവും ഓഹരി വിപണിയുടെ മികച്ച പ്രകടനവും രൂപയ്ക്കും കരുത്ത് പകർന്നേക്കും.
ടിസിഎസിന്റെ ‘ഫലം’ ഇന്ന്; ശ്രദ്ധയിൽ ഇവർ
ഇന്ത്യയിൽ വീണ്ടും കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം പുറത്തുവരുന്നതിന്റെ സീസൺ തുടങ്ങുകയാണ്.
ഐടി കമ്പനിയായ ടിസിഎന്റെ സെപ്റ്റംബർപാദ ഫലം ഇന്നറിയാം. കണക്കുകൾ മികച്ചുനിന്നാൽ ഐടിക്കു മാത്രമല്ല, ഇന്ത്യൻ ഓഹരി വിപണിക്കാകെ അത് ആവേശമാകും.
കണക്കുകൾ നിരാശപ്പെടുത്തിയാൽ കാത്തിരിക്കുന്നത് നഷ്ടത്തിന്റെ പാതയുമായേക്കാം.
∙ ടാറ്റ എൽക്സി, ജിഎം ബ്രൂവറീസ്, അവസര ഫിനാൻസ്, ട്രൈറ്റൻ കോർപ് തുടങ്ങിയവയും ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.
∙ സെൻകോ ഗോൾഡിന്റെ ഏപ്രിൽ-സെപ്റ്റംബർ വരുമാനം 18% ഉയർന്നു.
∙ ഇന്ത്യയിൽ 500 പുതിയ സർവീസ് കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]