കൊല്ലം ∙ നഗരത്തിൽ റോഡപകടം തുടർക്കഥയായതോടെ നിയമലംഘനങ്ങൾ പിടികൂടാനും ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാനും കർശന നടപടികളുമായി പൊലീസ്. നഗരത്തിലെ പ്രധാന റോഡുകളിലും ജംക്ഷനുകളിലും പൊലീസ് സാന്നിധ്യം ഇല്ലെന്നും നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നുമുള്ള പരാതി കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുമ്പുപാലത്തിന് സമീപം കഴിഞ്ഞ ദിവസം സ്കൂട്ടറിൽ ഇടിച്ച ലോറിയുടെ പിൻചക്രം കയറിയിറങ്ങി പ്രവാസി യുവാവ് മരിച്ച സംഭവത്തോടെ റോഡുകളിലെ ചട്ടലംഘനങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതോടെയാണ് എല്ലാ പ്രധാന ജംക്ഷനുകളിലും പോയിന്റുകളിലും പൊലീസ് ഉദ്യോഗസ്ഥരോ ട്രാഫിക് വാർഡന്മാരോ ഉണ്ടാവണമെന്നും ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഇന്നലെ രാവിലെ തന്നെ പൊലീസിന് നിർദേശം നൽകിയത്.
ഇന്നലെ മുതൽ നഗരത്തിലെ പ്രധാന ജംക്ഷനുകളിൽ ട്രാഫിക് നിയന്ത്രിക്കാനും നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും പൊലീസിനെയും ട്രാഫിക് വാർഡന്മാരെയും നിയമിച്ചിരുന്നു.
ഓരോ 2 മണിക്കൂറിലും സ്ഥലത്തെ സാഹചര്യവും നിയമലംഘനങ്ങളുടെ കണക്കും കൈമാറാനായിരുന്നു നിർദേശം. ഇതോടെ ഇന്നലെ വിവിധ ഇടങ്ങളിൽ നിന്ന് ഒട്ടേറെ പേർക്കാണ് പൊലീസ് പിഴ ചുമത്തിയത്.
അമിതവേഗം, ഫ്രീ ലെഫ്റ്റ് ലംഘിക്കൽ, സിഗ്നൽ മറികടക്കൽ, ഓട്ടോറിക്ഷകളിലെ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ പേരെയും പിടികൂടിയത്.
അതേ സമയം റോഡുകളിലെ തിരക്ക് ദിനംപ്രതി വർധിക്കുന്നതിനാൽ കൂടുതൽ ഇടങ്ങളിൽ ട്രാഫിക് വാർഡന്മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. നഗരത്തിലേക്കുള്ള പ്രവേശന ജംക്ഷനായ കല്ലുംതാഴം ജംക്ഷനിൽ മിക്കപ്പോഴും ദേശീയപാത അതോറിറ്റി നിയോഗിക്കുന്ന 2 കരാർ ജീവനക്കാർ മാത്രമാണുള്ളത്.
പൊലീസ് സാന്നിധ്യം നിർബന്ധമായും വേണ്ട ഇടമാണ് ഇത്.
നോ പാർക്കിങ് ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും റോഡിലെ ഗതാഗതത്തെ മോശമായി ബാധിക്കുന്ന കാര്യമാണ്. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുന്നതിനപ്പുറം വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാൻ ഇനിയും പൊലീസിനായിട്ടില്ല.
ഫ്രീ ലെഫ്റ്റ് സുഗമമാക്കും
കൊല്ലം ∙ ഗതാഗതം സുഗമമാക്കാൻ പൊലീസ് കൂടുതൽ പ്രാധാന്യം നൽകുന്നത് ജംക്ഷനുകളിലെ ഫ്രീ ലെഫ്റ്റ് മറയാക്കിയുള്ള പല വാഹനങ്ങളുടെയും അനധികൃതയാത്ര നിയന്ത്രിക്കാനാണ്.
മിക്ക ജംക്ഷനുകളിലെയും ഗതാഗതം സ്തംഭിക്കുന്നതിൽ വലിയ പങ്ക് ഫ്രീ ലെഫ്റ്റ് മറികടന്നു നിർത്തിയിടുന്ന വാഹനങ്ങളാണ്. ട്രാഫിക് സിഗ്നലുകളിൽ ഫ്രീ ലെഫ്റ്റിലൂടെ പോകേണ്ട
വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത തരത്തിൽ മുൻപിൽ തന്നെ മറുഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർത്തുന്നതോടെ പിന്നിൽ വാഹനങ്ങൾ കൂടുകയും മേഖലയാകെ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്യും.
ബസുകളടക്കം ഇത്തരത്തിൽ നിർത്തിയിടുന്നതു പതിവാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]