വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ ഡോ.
വിപിനെയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിൻ്റെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും അണുബാധ ഒഴിവാക്കുന്നതിനായി ചെറിയ ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതർ newskerala.net നോട് പറഞ്ഞു.
ന്യൂറോ സർജറി ഐസിയുവിൽ പ്രവേശിപ്പിച്ച ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ ആക്രമിച്ചത്.
‘എൻ്റെ മകളെ കൊന്നില്ലേ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൂപ്രണ്ടിനെ ലക്ഷ്യമിട്ടാണ് സനൂപ് ആശുപത്രിയിൽ എത്തിയതെന്നാണ് വിവരം. മറ്റ് രണ്ട് മക്കളെയും പുറത്തുനിർത്തി സൂപ്രണ്ടിൻ്റെ മുറിയിലെത്തിയപ്പോൾ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല.
തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനെ ആക്രമിച്ചത്.
സനൂപിൻ്റെ മകൾ അനയ (9) ഈയിടെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. പനിയെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും യാത്രാമധ്യേ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മരണകാരണം വ്യക്തമാക്കുകയോ മരണ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തില്ലെന്ന് സനൂപും കുടുംബവും ആരോപിക്കുന്നു.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ശക്തമായി അപലപിച്ചു. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം അപലപനീയവുമാണ്.
കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രതിഷേധവുമായി ഡോക്ടർമാർ; കെജിഎംഒഎ പണിമുടക്കിലേക്ക് ആക്രമണത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ പണിമുടക്ക് പ്രഖ്യാപിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചു.
സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലും അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും സംഘടന ആരോപിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]