ഒറ്റപ്പാലം ∙ പൈപ് ലൈൻ സ്ഥാപിക്കാൻ റെയിൽവേ അനുമതി നിഷേധിച്ചതിനു പിന്നാലെ നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ രൂപരേഖ മാറ്റുന്നു. പൈപ് ലൈൻ, റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്ന രീതിയിലുള്ള പ്ലാൻ മാറ്റി നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണു നഗരസഭയുടെ തീരുമാനം.റെയിൽവേ ഭൂമി ഒഴിവാക്കി ചെർപ്പുളശ്ശേരി റോഡ് ഭാഗത്തേക്കു പൈപ് ലൈൻ നീട്ടും.
ഇതോടെ റെയിൽവേ അനുമതി എന്ന കടമ്പ മറികടക്കാം. ഇതോടൊപ്പം താലൂക്ക് ആശുപത്രിയിലെ മലിനജല സംസ്ക്കരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം.
ആർഎസ് റോഡിലൂടെയുള്ള പൈപ് ലൈൻ സ്ഥാപിക്കലാണ് ഒഴിവാക്കിയത്.
ആർഎസ് റോഡ് ഉപയോഗിക്കുന്നതിനു പാട്ടക്കരാർ പ്രകാരമുള്ള വാടക വർഷങ്ങളായി നഗരസഭ നൽകിയിട്ടില്ലെന്ന് ആരോപിച്ചാണു പദ്ധതിയുടെ അനുമതി റെയിൽവേ നിഷേധിച്ചത്. വാടക ഇനത്തിൽ 23 ലക്ഷം രൂപ നഗരസഭ നൽകാനുണ്ടെന്നാണു റെയിൽവേയുടെ കണക്ക്.
ഇതു സംബന്ധിച്ചു നേരത്തെ നഗരസഭയ്ക്കു റെയിൽവേ നോട്ടിസും അയച്ചിരുന്നു.ചെർപ്പുളശ്ശേരി റോഡിൽ പാലാട്ട് റോഡ് കവല വരെയാണു മുൻ പദ്ധതിരേഖ പ്രകാരം പൈപ് ലൈൻ സ്ഥാപിക്കേണ്ടത്. പുതുക്കിയ പ്ലാൻ അനുസരിച്ച് ആർഎസ് റോഡ് ഒഴിവാക്കി ചെർപ്പുളശ്ശേരി റോഡിൽ നഗരസഭാ ഓഫിസ് പരിസരം വരെ പൈപ് ലൈൻ നീട്ടും.
ഇതിനുള്ളിലാണു താലൂക്ക് ആശുപത്രി എന്നിരിക്കെ ഇവിടത്തെ മലിനജല ശുദ്ധീകരണത്തിനു കൂടി പ്രയോജനപ്പെടുത്താമെന്നാണു ധാരണ.
കിഫ്ബിയിൽ നിന്ന് അനുവദിക്കപ്പെട്ട 29 കോടി രൂപ ചെലവഴിച്ചാണ് നഗരത്തിലെ മുഴുവൻ മലിനജലവും സംസ്ക്കരിക്കാൻ കഴിയാവുന്ന ബൃഹത് പദ്ധതി നടപ്പാക്കുന്നത്.
പ്രതിദിനം 15 ലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കാൻ കഴിയാവുന്ന പ്ലാന്റിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടെയായിരുന്നു റെയിൽവേയുടെ ഭാഗത്തു നിന്നുള്ള ഉടക്ക്.നഗരത്തിലെ പ്രധാന റോഡുകൾക്കിടയിൽ 560 ചേംബറുകൾ നിർമിച്ചാണു മലിനജലം ശേഖരിക്കുക. ഇതു ബസ് സ്റ്റാൻഡിന് പിന്നിലെ പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ച ശേഷം കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]