അമ്പലവയൽ ∙ തുടർച്ചയായി രണ്ട് വർഷം കോടികളുടെ ക്രമക്കേട് കണ്ടെത്തിയ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വീണ്ടും ലോക്കൽ ഫണ്ട് ഒാഡിറ്റ് തുടങ്ങി. 2022–23, 2023–24 വർഷങ്ങളിലെ ഒാഡിറ്റ് റിപ്പോർട്ടിൽ കേന്ദ്രത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ വർഷത്തെ ഫണ്ട് വിനിയോഗങ്ങളിലെ ഒാഡിറ്റിനായി സംഘം കേന്ദ്രത്തിലെത്തിയത്.
നാലു ദിവസം നീണ്ടുനിൽക്കുന്ന ഓഡിറ്റ് ഇന്നലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്നു നിർത്തിവച്ചു. കഴിഞ്ഞ കാലങ്ങളിൽ കോടികളുടെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇപ്പോഴും സംരക്ഷിക്കുന്ന കാർഷികസർവകലാശാലയുടെ നിലപാടിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
കേന്ദ്രത്തിലെ ചെക്ക് ഉപയോഗിച്ച് വൻതുക സ്വന്തം അക്കൗണ്ടിലേക്ക് പലപ്പോഴായി മാറിയെടുത്തവരും വ്യാജ ബില്ലുകൾ കാണിച്ച് തുക അടിച്ച് മാറ്റിയവരും സുരക്ഷിതരാണ്. ആകെ 1.20 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണു കണക്ക്.
കോടികളുടെ ക്രമക്കേടിൽ നടപടി എടുക്കാതെ വീണ്ടും ഒാഡിറ്റ് നടത്തുന്നത് എന്തിന് വേണ്ടിയാണെന്നാണ് ചോദ്യമുയരുന്നത്. ആരോപണം ശക്തമായപ്പോൾ ഓഡിറ്റ് നടത്താൻ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്നു നിർത്തിവയ്ക്കേണ്ടിവന്നതു നാണക്കേടായി.
ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയിടില്ലാതെ വീണ്ടും ഒാഡിറ്റിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതിൽ മറ്റു ജീവനക്കാർക്കിടയിലും പ്രതിഷേധം ശക്തമാവുകയാണ്.
ഇന്നലെ രാവിലെ സംഘം ഒാഡിറ്റ് ആരംഭിച്ചപ്പോഴാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. കേന്ദ്രം കോ–ഒാർഡിനേറ്ററുമായി ചർച്ച നടത്തി ഒാഡിറ്റ് നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടർന്ന് ഒാഡിറ്റ് സംഘത്തെ ഉപരോധിക്കുകയായിരുന്നു. ഉപരോധം നീണ്ടതോടെ പൊലീസും സ്ഥലത്തെത്തി.ഒാഡിറ്റ് നിർത്തണമെന്നും മുൻകാലങ്ങളിലെ ഒാഡിറ്റ് റിപ്പോർട്ടിന്മേൽ നടപടി എടുക്കണമെന്നുമുള്ള ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചു നിന്നതോടെ കേന്ദ്രം കോ–ഒാർഡിനേറ്റർ കാർഷിക സർവകലാശാല ഒാഡിറ്റ് വിഭാഗത്തിലെ ജോയിന്റ് ഡയറക്ടറുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു.
പിന്നാലെയാണ് ഒാഡിറ്റ് നിർത്തിവയ്ക്കാൻ തീരുമാനമായത്.
ഇക്കാര്യം സമരക്കാരെ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒാഡിറ്റ് നിർത്തിയതായി കാണിച്ച് യൂത്ത് കോൺഗ്രസിന് കേന്ദ്രം അധികൃതർ കത്ത് നൽകുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് അമൽ ജോയി, എം.ജെ.
അനീഷ്, ഡിന്റോ ജോസ്, സിറിൽ ജോസ്, രാഹുൽ ചീരാൽ, ശ്രീലാൽ, സ്റ്റാനി ജോസഫ്, കല്ലൂർ, ജിബിൻ നൈനാൻ, ഷമീർ തോമാട്ടുചാൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]