മാനന്തവാടി ∙ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് എതിരെ ഹൈക്കോടതി വിധി വന്നിട്ടും തുക തിരികെ നൽകാൻ കഴിയാതെ തിരുനെല്ലി സർവീസ് സഹകരണ ബാങ്ക്. സഹകരണ സംഘങ്ങളിൽ നിക്ഷേപം നടത്തരുതെന്ന മലബാർ ദേവസ്വം ബോർഡിന്റെ നിർദേശം പാലിക്കപ്പെടാത്തതിനെ തുടർന്നാണ് കോടതി ഇടപെടൽ ഉണ്ടായത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് രവി ഉള്ളിയേരി എന്ന വ്യക്തിയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
നിക്ഷേപം തിരികെ ലഭിക്കാതായതോടെ തിരുനെല്ലി ദേവസ്വവും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
തുടർന്ന് പലവട്ടം രേഖാപരമായി ആവശ്യപ്പെട്ടെങ്കിലും നിക്ഷേപത്തുക പൂർണമായി തിരികെ ലഭിച്ചിട്ടില്ല. തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടേതായി 17കോടി രൂപയാണ് തിരുനെല്ലി സർവീസ് സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം ഉണ്ടായിരുന്നത്. ഇതിൽ 9 കോടി രൂപ പലവട്ടമായി തിരികെ നൽകി.
8 കോടി രൂപ ഇനിയും തിരികെ നൽകാനുണ്ട്. ഇൗ തുക ഒരുമിച്ച് നൽകാൻ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലാണ് ബാങ്ക്. രവീന്ദ്രൻ ഉള്ളിയേരി നൽകിയ ഹർജിയിൽ ഹൈക്കോടതി നൽകിയ വിധിയിൽ സഹകരണ സ്ഥാപനങ്ങൾ സ്ഥിര നിക്ഷേപങ്ങളും മറ്റ് നിക്ഷേപങ്ങളും തിരികെ നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.
ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിന്യായം പുറപ്പെടുവിച്ചത്. തിരുനെല്ലി–തൃശ്ശിലേരി ദേവസ്വങ്ങൾ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള 5 സഹകരണ സംഘങ്ങളും സിപിഎം നിയന്ത്രണത്തിലുള്ളത്. അതുകൊണ്ട് തന്ന സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്ന് പ്രശ്ന പരിഹാരം കാണാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബ്രഹ്മഗിരി സഹകരണ സംഘത്തിലെ വനൻ വെട്ടിപ്പിന് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള തിരുനെല്ലി സഹകരണ ബാങ്കിലെ പ്രതിസന്ധി മുതലെടുക്കാനുള്ള ശ്രമം യുഡിഎഫ് നേതൃത്വവും ഏറ്റെടുക്കാനിടയുണ്ട്.
നിയമ നടപടികളുമായി മുന്നോട്ട് പോകും; തിരുനെല്ലി ദേവസ്വം
തിരുനെല്ലി ∙ ഹൈക്കോടതി വിധി വന്നിട്ടും നിഷേപത്തുക തിരികെ നൽകാൻ 5 സഹകരണ സ്ഥാപനങ്ങൾ ഇതുവരെ തയാറായിട്ടില്ല. തിരുനെല്ലി സർവീസ് സഹകരണ ബാങ്ക്, വയനാട് ജില്ലാ ടെംമ്പിൾ എംപ്ലോയീസ് സൊസൈറ്റി, മാനന്തവാടി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി, മാനന്തവാടി കോ-ഓപ്പറേറ്റീവ് റൂറൽ സൊസൈറ്റി, വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് നിലവിൽ 8.96 കോടി രൂപയും അതിന്റെ പലിശയും ലഭിക്കാൻ ഉണ്ട്.
ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനാൽ പണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ തുക എത്രയും വേഗം തിരികെ ലഭിക്കേണ്ടതുണ്ട്. തൃശ്ശിലേരി ക്ഷേത്രത്തിന് 1.13 കോടി രൂപയും പലിശയും ലഭിക്കാനുണ്ട്.
മലബാർ ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരം തുക തിരികെ ലഭിക്കാനുള്ള നിയമ നടപടികൾ നടത്തി വരികയാണെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി പറഞ്ഞു
അടിത്തറ ശക്തം; നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് ബാങ്ക്
കാട്ടിക്കുളം ∙ തിരുനെല്ലി സഹകരണ ബാങ്ക് മികച്ച നിലയിലാണ് പ്രവർത്തിച്ച് വരുന്നതെന്നും നിക്ഷേപകർക്ക് ഒരു വിധത്തിലുമുള്ള ആശങ്കയും വേണ്ടെന്നും അധികൃതർ.
തിരുനെല്ലി ദേവസ്വം ആവശ്യപ്പെട്ട സമയങ്ങളിൽ എല്ലാം ബാങ്ക് തുക നൽകിയിട്ടുണ്ട്.
ഇന്നലെയും ബാങ്ക് 50 ലക്ഷം രൂപ ദേവസ്വത്തിന് ഒരു സ്ഥിര നിക്ഷേപം കാലാവധി ആയത് തിരികെ നൽകിയിട്ടുണ്ട്.
2023 ന് ശേഷം ഒരു ഡിപ്പോസിറ്റും ബാങ്ക് ദേവസ്വത്തിൽ നിന്നും സ്വീകരിച്ചിട്ടില്ല. ദേവസ്വം നൽകിയ ഒരു ചെക്ക് പോലും ഇതുവരെ മടങ്ങിയിട്ടും ഇല്ല.
100 വർഷത്തോളമായി ദേവസ്വം ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി വരുന്നുണ്ട്. ഹൈക്കോടതി വിധിക്ക് എതിരെ ബാങ്ക് റിവിഷൻ ഹർജി നൽകിയിട്ടുണ്ട്. ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ബാങ്കിനെ തകർക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഇത് അംഗീകരിക്കാൻ കഴിയില്ല. ദേവസ്വം നിക്ഷേപങ്ങൾ സഹകരണ ബാങ്കുകളിലും നടത്താമെന്ന നിയമം കൊണ്ടുവരികയാണ് വേണ്ടത്.
8.2 കോടി രൂപ കടാശ്വാസം അനുവദിച്ച ഇനത്തിലും പലിശ സബ്സിഡി ഇനത്തിൽ 1.61 കോടി രൂപയും സർക്കാരിൽ നിന്നും ലഭിക്കാനുണ്ട്. 1919 ൽ ഐക്യനാണയ സംഘമായി പ്രവർത്തനം ആരംഭിച്ച ബാങ്കിൽ നിലവിൽ 13000 ൽ ഏറെ എ ക്ലാസ് അംഗങ്ങളുണ്ട്.
5 ബ്രാഞ്ചുകൾ ഉള്ള ബാങ്കിന് 76 കോടി രൂപ പ്രവർത്തന മൂലധനമുണ്ട്. നീതി സ്റ്റോർ, വളം ഡിപ്പോ എന്നിവയും നടത്തി വരുന്ന ബാങ്ക് ലാഭത്തിൽ പ്രവർത്തിച്ച് വരുന്നതാണ്. കാട്ടിക്കുളം ടൗണിൽ മാത്രം 2 ഏക്കറിലേറെ സ്ഥലവും സ്വന്തമായി കെട്ടിടങ്ങളുമുള്ള ബാങ്കിലെ നിക്ഷേപം സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടതില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]