ആലപ്പുഴ∙ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ അതിദരിദ്ര മുക്തമായി പ്രഖ്യാപിക്കാൻ ഭവനരഹിത കുടുംബങ്ങളെ വാടകവീടുകളിലേക്കു മാറ്റുന്നു. വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ നവംബർ ഒന്നിനു മുൻപ് വീടു നിർമാണം പൂർത്തിയാകില്ലെന്ന് ഉറപ്പായതോടെയാണ് ഭവനരഹിത കുടുംബങ്ങളെ വാടകവീടുകളിലേക്കു മാറ്റുന്നത്. അതിദരിദ്ര കുടുംബങ്ങൾക്കു ലൈഫ് ഭവന പദ്ധതിയിൽ വീടു ലഭ്യമാകുന്നതുവരെ ഇവരെ വാടകവീടുകളിലേക്കു മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ മുൻപ് അനുമതി നൽകിയിരുന്നു.
വീട്ടുവാടക തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടിൽ നിന്നോ സ്പോൺസർഷിപ് വഴിയോ കണ്ടെത്തണം. വാടകവീട്ടിലേക്കു മാറ്റിയ കുടുംബങ്ങളെയും വീടു ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണു നിർദേശം.
അതിദരിദ്ര മുക്ത പദ്ധതി പ്രകാരം സംസ്ഥാനത്ത് 12,872 കുടുംബങ്ങൾക്കാണു വീട് നിർമിച്ചു നൽകേണ്ടത്.
ഇതിൽ ഇന്നലെ വരെ 11,658 കുടുംബങ്ങൾക്കു വീട് ഒരുക്കിയെന്നാണു സർക്കാരിന്റെ കണക്ക്. എന്നാൽ ഇതിൽ ഇരുപതു ശതമാനത്തോളം വാടകവീടുകളാണെന്നു തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ലൈഫ് ഭവനപദ്ധതിയിൽ സർക്കാർ നിശ്ചയിച്ച തുക അപര്യാപ്തമായതിനാലാണു എല്ലാവർക്കും വീട് നിർമിച്ചു നൽകാൻ കഴിയാത്തതെന്നും തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 400 ചതുരശ്ര മീറ്റർ വീട് നിർമിക്കാൻ 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
ചതുരശ്ര അടിക്ക് 1000 രൂപ നിരക്കിൽ വീട് നിർമിക്കാൻ സാധിക്കില്ല.
നിലവിലുള്ള നിരക്കിൽ വീടു നിർമാണം പൂർത്തിയാകില്ലെന്നു പരാതിയുയർന്നതോടെ ഭൂമിയില്ലാത്തവർക്കു വീടു നിർമിക്കാൻ ഭൂമി വാങ്ങാനായി അനുവദിക്കുന്ന പണം സർക്കാർ വർധിപ്പിച്ചിരുന്നു. 3 സെന്റ് ഭൂമി വേണമെന്നുള്ളത് രണ്ടു സെന്റായി ചുരുക്കി.
എന്നിട്ടും വീടുനിർമാണം നടക്കാതെ വന്നതോടെ 10 വർഷത്തിൽ താഴെ പഴക്കമുള്ള വീട് വാങ്ങി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി രണ്ടു മാസം മുൻപ് ഉത്തരവിറക്കി. അടുക്കളയും ഹാളും 2 കിടപ്പുമുറിയും ശുചിമുറിയും ഉള്ള 400 ചതുരശ്ര അടി വീടും സ്ഥലവും വാങ്ങാൻ പഞ്ചായത്തുകളിൽ 6 ലക്ഷം രൂപയും നഗരസഭകളിൽ 6.7 ലക്ഷം രൂപയും ചെലവഴിക്കാമെന്നായിരുന്നു ഉത്തരവ്.
ഈ തുകയും അപര്യാപ്തമായതിനാൽ വീടു വാങ്ങിനൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സാധിച്ചില്ല. തുടർന്നാണ് അതിദരിദ്ര വിമുക്ത പ്രഖ്യാപനത്തിനു മുന്നോടിയായി കുടുംബങ്ങളെ തിടുക്കത്തിൽ വാടകവീടുകളിലേക്കു മാറ്റുന്നത്.
എല്ലാവർക്കും ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ ഉറപ്പാക്കുകയാണു അതിദരിദ്ര വിമുക്ത സംസ്ഥാനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വാടകവീടിനെയും വാസസ്ഥലമായി കണക്കാക്കാമെന്നും ലൈഫ് ഭവനപദ്ധതിയിൽ വീടു ലഭിക്കുന്നതുവരെ മാത്രമേ ഇവരെ വാടകവീടുകളിൽ താമസിപ്പിക്കൂ എന്നുമാണ് അധികൃതരുടെ വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]