കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ ആറാം വാർഡിലെ കല്ലാനോട് ലക്ഷംവീട് നഗറിലെ 20 കുടുംബങ്ങളിൽ 5 കുടുംബങ്ങൾക്ക് സ്വന്തമായി വീട് ഉൾപ്പെടെയുള്ള 4 സെന്റ് ഭൂമിക്ക് ഭൂരേഖകൾ ലഭ്യമല്ലാത്തതിനാൽ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ മുടങ്ങുന്നതായി പരാതി. 1972 ൽ പഞ്ചായത്ത് അനുവദിച്ച ലക്ഷംവീട് നഗറിന്റെ ഭൂമിക്കാണ് ഇതുവരെയായിട്ടും പട്ടയം ലഭിക്കാത്തത്. പട്ടയത്തിനായി വർഷങ്ങളായി വിവിധ ഓഫിസുകൾ കയറിയിറങ്ങിയ കുടുംബങ്ങളുടെ ജീവിതം ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്.ഭൂമിക്ക് നിലവിൽ രേഖകൾ ഇല്ലാത്തതിനാൽ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
ഭവന നിർമാണ സഹായം, വിദ്യാഭ്യാസ ആനുകൂല്യം, പഞ്ചായത്തിന്റെ വിവിധ ആനുകൂല്യങ്ങൾ, ബാങ്ക് വായ്പ ഉൾപ്പെടെ ലഭിക്കാതെ കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണ്.പട്ടയം ലഭിക്കാൻ ഒട്ടേറെ തവണ പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫിസുകൾ കയറിയിറങ്ങിയിട്ടും നടപടിയെടുത്തിട്ടില്ല.
6 മാസങ്ങൾക്ക് മുൻപ് കക്കയത്ത് നടത്തിയ അദാലത്തിലും അപേക്ഷ നൽകിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. 1972ൽ അനുവദിച്ച ലക്ഷംവീട് നഗറിൽ ഇരട്ടവീടുകളാണു ഉണ്ടായിരുന്നത്. 30 വർഷം മുൻപാണ് ഇത് ഒറ്റ വീടുകളാക്കി മാറ്റിയത്.
ആനുകൂല്യങ്ങൾ മുടങ്ങി ബിജുവിന്റെ കുടുംബം
പിതാവ് അരിയന്റെ പേരിൽ 1995ൽ കൂരാച്ചുണ്ട് വില്ലേജിൽ 5 രൂപ നികുതിയടച്ചതിന്റെ രശീത് മാത്രമാണ് മകൻ കാനാട്ട്താഴെ ബിജുവിന്റെ കൈവശമുള്ളത്.
സ്വന്തമായുള്ള 4 സെന്റ് ഭൂമിക്ക് പട്ടയം ഇല്ലാകത്തതിനാൽ വിവിധ ആനുകൂല്യങ്ങൾ വർഷങ്ങളായി ഈ കുടുംബത്തിന് മുടങ്ങി. പട്ടികജാതി വിഭാഗത്തിലെ ഈ കുടുംബത്തിലെ 3 മക്കൾക്കും വിദ്യാർഥികളുടെ 2 ലക്ഷം രൂപയുടെ പഠനമുറി ആനുകൂല്യം ലഭിച്ചില്ല.
ഭൂമിക്ക് രേഖ ഇല്ലാത്തതിനാൽ വിദ്യാർഥികളായ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നിഷേധിക്കുന്ന സ്ഥിതിയാണ്.പഞ്ചായത്തിൽ നിന്നും ഭവന പുനരുദ്ധാരണ ധനസഹായം, ബാങ്ക് വായ്പ ഉൾപ്പെടെ മുടങ്ങുന്നതായി ഈ കുടുംബാംഗങ്ങൾ പറഞ്ഞു. 25 വർഷത്തിലേറെ പഴക്കമുള്ള വീടിന്റെ നവീകരണവും തടസ്സപ്പെട്ടു.
ഭവനനിർമാണ ധനസഹായം മുടങ്ങി പ്രകാശൻ
ലക്ഷംവീട് നഗറിലെ കുരിശിങ്കൽ പ്രകാശന്റെ 30 വർഷത്തോളം പഴക്കമുള്ള ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂരയും ഭിത്തിയും നശിച്ച് വീഴാറായ നിലയിലാണ്.
പ്രധാനമന്ത്രി പദ്ധതിയിൽ വീട് നിർമാണത്തിന് ലിസ്റ്റിൽ ഉൾപ്പെടെ ഈ കുടുംബത്തിന് ഭൂമിയുടെ രേഖ ലഭിക്കാത്തതാണ് തടസ്സമാകുന്നത്.പട്ടയത്തിനു വേണ്ടി ഒരു വർഷം മുൻപും അപേക്ഷ നൽകിയിരുന്നതായി പ്രകാശൻ പറഞ്ഞു. ഭാര്യ വിലാസിനിയും മകനും ഉൾപ്പെടുന്ന മൂന്നംഗ കുടുംബം അപകട
ഭീഷണിയിലായ വീട്ടിലാണ് കഴിയുന്നത്. വർഷങ്ങളായുള്ള പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.
പതിറ്റാണ്ടുകളായി ഭൂരേഖ ലഭിക്കാൻ ഒട്ടേറെ ഓഫിസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടായില്ലെന്നു 86 വയസ്സുകാരിയായ നടുവത്താനിക്കൽ ത്രേസ്യാമ്മ പറഞ്ഞു. അയൽവാസികളായ നഗർ കുടുംബങ്ങളുടെ പട്ടയ നമ്പർ സൂചിപ്പിച്ച് അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല.
ഭവനനിർമാണ ധനസഹായവും പഞ്ചായത്തിന്റെ വിവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത സ്ഥിതിയിലാണ്.ജനപ്രതിനിധികൾ, പഞ്ചായത്ത്, റവന്യു അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പട്ടയം അനുവദിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]