മല്ലപ്പള്ളി ∙ ടൗണിൽ അനധികൃത പാർക്കിങ് വർധിക്കുന്നു. വാഹനഗതാഗതം നിയന്ത്രിക്കാൻ സജ്ജീകരണമില്ലാത്തതിനാൽ വാഹനയാത്ര ക്ലേശകരമെന്നും പരാതി ഉയരുന്നു.പാർക്കിങ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽപോലും വാഹനങ്ങൾ നിർത്തിയിടുന്നതു പതിവായിരിക്കുകയാണ്.
സ്ഥലപരിചയമില്ലാത്തവരാണു പലപ്പോഴും ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത്. തിരുവല്ല റോഡിൽനിന്നു സെൻട്രൽ ജംക്ഷനിലേക്കുള്ള വൺവേ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലിനുശേഷം വൺവേ റോഡിൽ കാർ പാർക്ക് ചെയ്തതുമൂലം 10 മിനിറ്റോളം ഗതാഗതതടസ്സം നേരിട്ടു. ഇക്കാരണത്താൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു സെൻട്രൽ ജംക്ഷനിലേക്കു പോകാൻ കഴിയാത്ത സ്ഥിതിയായി. ഇതേത്തുടർന്നു കോഴഞ്ചേരി, തിരുവല്ല എന്നീ റോഡുകളിൽ വാഹനങ്ങളുടെ നിരയായി.
ഗതാഗതം നിയന്ത്രിക്കുന്നതിനു ടൗണിൽ പൊലീസും ഹോംഗാർഡും ഇല്ല. അടുത്തിടെ നടന്ന താലൂക്ക് വികസനസമിതി യോഗത്തിൽ ഹോംഗാർഡിനെ നിയമിക്കണമെന്ന് ആവശ്യമുയർന്നുവെങ്കിലും ഇതുവരെയും നിയമനം നടത്തിയിട്ടില്ല.
പലയിടങ്ങളിലും അടുത്തിടെ പൊതുമരാമത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചുവെങ്കിലും ഇതൊന്നും ഡ്രൈവർമാർക്കു കാണാൻ കഴിയാത്ത ഇടങ്ങളിലാണെന്ന് ആക്ഷേപമുയർന്നിരുന്നു. മുന്നറിയിപ്പ് ബോർഡ് കാണാൻ കഴിയാത്തതിനാൽ വൺവേ തെറ്റിച്ച് പോകുന്ന വാഹനങ്ങളുടെ എണ്ണവും ഏറെയാണ്.
ഇത്തരത്തിൽ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുമായി മിക്കപ്പോഴും വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]