കാട്ടാക്കട ∙ ഏറെ പ്രതിഷേധങ്ങൾക്കു ശേഷം ഒരു കൊല്ലം മുൻപ് കൊട്ടിഘോഷിച്ച് നിർമാണം ആരംഭിച്ച കിള്ളി–മേച്ചിറ–മൂങ്ങോട്–വിളപ്പിൽശാല ഇഎംഎസ് അക്കാദമി റോഡ് നവീകരണം പാളുന്നു.
എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു വർഷം മുൻപ് ജില്ലയിൽ ആദ്യം നവീകരണം ആരംഭിച്ച റോഡിനാണ് ദുർഗതി. മറ്റ് മണ്ഡലങ്ങളിൽ ഇതിനു ശേഷം ആരംഭിച്ച റോഡുകളുടെ നവീകരണം പൂർത്തീകരണ ഘട്ടത്തിൽ എത്തിയിട്ടും കിള്ളി–മേച്ചിറ റോഡ് നവീകരണം ഇഴഞ്ഞ് നീങ്ങുകയാണ്.
ഇതിനിടെയാണ് നവീകരിച്ച ഭാഗങ്ങളിൽ ടാർ ഇളകി തുടങ്ങിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കാട്ടാക്കട,അരുവിക്കര,പാറശാല മണ്ഡലങ്ങളിൽ ഉൾപ്പെട്ട അഞ്ചു റോഡുകളാണ് എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്നത്.
83 കോടിയാണ് 5 റോഡുകൾക്കായി വകയിരുത്തിയിട്ടുള്ളത്.
ഹൈദരാബാദ് കേന്ദ്രമായ കമ്പനിക്കാണ് 5 റോഡിന്റെയും കരാർ. ആദ്യം നവീകരണം തുടങ്ങിയത് കിള്ളി–മേച്ചിറ റോഡ്.
6 മാസം മുൻപ് നവീകരണം പൂർത്തിയാക്കിയ ആദ്യ 2 കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ ടാർ ഇളകിയിട്ടുള്ളത്. ഇനി 3.5 കിലോമീറ്റർ ദൂരം ടാർ ചെയ്യാനുണ്ട്.
ഇത് എന്നെന്ന് ആർക്കും ഒരു പിടിയുമില്ല.ആദ്യം ആരംഭിച്ച വർക്ക് പൂർത്തിയാക്കാതെ കമ്പനി മറ്റ് മണ്ഡലങ്ങളിലെ വർക്കുകൾ തുടങ്ങി. അരുവിക്കരയിലെ 3.5 കിലോമീറ്റർ ദൂരം നവീകരിച്ചു.
പാറശാല മണ്ഡലത്തിലെ വർക്കുകൾ പുരോഗമിക്കുന്നു. ഒരു വർഷം മുൻപെ തുടങ്ങിയ റോഡിന്റെ നിർമാണം പാതിവഴിയിൽ ഇട്ടെറിഞ്ഞാണ് മറ്റ് സ്ഥലങ്ങളിലേക്ക് കരാർ കമ്പനി പോയത്.
ഇവിടെ പ്രതിഷേധം ഉയരുമ്പോൾ എന്തെങ്കിലും കാട്ടിക്കൂട്ടും.
അനവധി പ്രതിഷേധങ്ങൾ അരങ്ങേറി. പക്ഷേ യാതൊരു ഫലവുമില്ല. ഇപ്പോൾ നിർമാണം പൂർത്തിയാകും മുൻപ് റോഡ് തകരുന്ന സ്ഥിതി.
കരാറുകാരുടെ അനാസ്ഥ മരാമത്ത് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. റോഡ് ബലപ്പെടുത്തിയ ശേഷം സാമിലെയർ വിരിച്ച ശേഷമാണ് ബിസി ഓവർ ലേ ചെയ്യുക.
ഇങ്ങനെ ബിസി ഓവർ ലേ ചെയ്ത ഭാഗത്താണ് പല സ്ഥലത്തും ടാർ ഇളകിയത്. ടാർ ഇളകിയ സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ചാക്കുകളും പുറത്ത് വന്നു.
ഇനി വീണ്ടും വെട്ടി പൊളിച്ച് ടാർ ചെയ്യണം. കരാർ കമ്പനിയുടെ അനാസ്ഥയാണ് കോടികൾ മുടക്കുന്ന റോഡിന്റെ നിർമാണം പൂർത്തിയാകും മുൻപ് തകർച്ചയ്ക്ക് കാരണമായതെന്ന് നാട്ടുകാർ.
∙ ജില്ലയിൽ എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ വർക്കാണ് കിള്ളി മേച്ചിറ വിളപ്പിൽശാല റോഡ്.
നിർമാണത്തിന്റെ തുടക്കത്തിൽ പേവർ മെഷിനുണ്ടായ തകരാർ ചില പ്രശ്നങ്ങൾക്ക് കാരണമായി. പുതിയ മെഷീൻ കൊണ്ടുവന്ന് നിർമാണം നടത്തുന്നു.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതും ബിസി ഓവർലേ ചെയ്യുന്നതിനു തലേ ദിവസം വാട്ടർ അതോറിറ്റി റോഡിന്റെ പല ഭാഗവും കുഴിച്ചതും കാരണം ചില സ്ഥലങ്ങളിൽ റോഡ് വശങ്ങൾ തകരാൻ കാരണമായി. ഇതൊക്കെ ശരിയാക്കാൻ കരാർ കമ്പനിക്ക് കിഫ്ബി നിർദേശം നൽകി. ഇതിനു ശേഷം മാത്രമേ കരാറുകാർക്ക് പണം നൽകു.
റോഡിൽ ശേഷിക്കുന്ന 3.5 കി.മി ദൂരം ടാർ ചെയ്യുന്നതിനുള്ള നടപടി രണ്ട് ദിവസത്തിനകം ആരംഭിക്കും. നിർമാണത്തിൽ ക്വാളിറ്റി പ്രശ്നം ഇല്ല.
ടാർ ഇളകിയ സ്ഥലങ്ങൾ കട്ട് ചെയ്ത് വീണ്ടും ബി.സി.ഓവർ ലേ ചെയ്യുമെന്ന് കെആർഎഫ്ബി അസി.എൻജിനീയർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]