കാസർകോട്∙ ദേശീയപാത ആദ്യറീച്ച് എൻഎച്ച്എഐ (ദേശീയപാതാ അതോറിറ്റി) ഏറ്റെടുത്ത സന്തോഷത്തിനിടയിലും ജില്ലയ്ക്ക് ആശങ്കയായി അപകടസാധ്യതാ പ്രദേശങ്ങൾ. തെക്കിൽ, ബേവിഞ്ച, മണ്ണിടിഞ്ഞ വീരമലക്കുന്ന് എന്നിവിടങ്ങളിൽ നവീകരണം പൂർത്തിയായിട്ടില്ല.
2, 3 റീച്ചുകളിലെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസ് ഇക്കാര്യത്തിൽ പലവട്ടം പഴികേട്ടെങ്കിലും നിർമാണം ഇഴയുകയാണ്. അപകടഭീഷണി നിലനിൽക്കുന്ന ചെർക്കള– ചട്ടഞ്ചാൽ ദേശീയപാത വികസനം എന്നു തീരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
കുന്നു പറിച്ചെടുത്ത് സമീപം താമസിക്കുന്നവർക്കും യാത്രക്കാർക്കും ഒരു പോലെ അപകട മുനമ്പ് തീർത്ത പ്രദേശമാണിത്. ദേശീയപാത 66ന്റെ അശാസ്ത്രീയമായ നിർമാണം ദുരന്തത്തിനു കാരണമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു 11 മാസം മുൻപ് ലഭിച്ച വിദഗ്ധ സമിതി റിപ്പോർട്ട് പശ്ചാത്തലത്തിൽ പോലും ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല.
ഫലത്തിൽ ഒരു പണിയും നടക്കുന്നില്ല. ഏതാനും ചിലരെ സൈറ്റിൽ കാണാം.
ഇങ്ങനെ പോയാൽ അടുത്ത കാലത്തൊന്നും ഈ പണി തീരില്ല എന്നു തറപ്പിച്ചു പറയുന്നു നാട്ടുകാരും അധികൃതരും.
വിദഗ്ധ സമിതിക്കും പുല്ലുവില
ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിനെത്തുടർന്ന് അതോറിറ്റി നിയമിച്ച വിദഗ്ധ സമിതിയാണ് ദുരന്തം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രാഥമിക റിപ്പോർട്ട് നൽകിയത്. മലയാള മനോരമ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ധസമിതി അംഗങ്ങളും ഇക്കാര്യം വിശദമാക്കിയതാണ്.
ഭാഗ്യം കൊണ്ട് വൻദുരന്തം ഒഴിവാകുകയായിരുന്നു ബേവിഞ്ചയിലും തെക്കിലിലും മണ്ണിടിഞ്ഞും പാറക്കെട്ട് വീണും ഭിത്തിയിൽ വലിയ ദ്വാരവും നെടുകെ വിള്ളലും വീണ ഇടങ്ങൾ. തലപ്പാടി – ചെങ്കള റീച്ച് നിർമാണം പൂർത്തിയായി വാഹന ഗതാഗതത്തിനു തുറന്നു കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ തുടർച്ചയായുള്ള ചെങ്കള –നീലേശ്വരം റീച്ചിന്റെ തുടക്കം തന്നെ പണി ആകെ കുളമായ നിലയിലാണ്.
കഴിഞ്ഞ ഓണത്തിനു ചെർക്കളയിൽ നിന്നുള്ള ഫ്ലൈഓവർ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നായിരുന്നു പ്രചാരണം.
പാലം ഇഴയുന്നു
എന്നാൽ മൂന്നു പാലങ്ങളിലായി 80%, 50%, 20% എന്നിങ്ങനെയാണ് പണി തീർന്നത്. പാലത്തിന്റെ പണി നടക്കുന്നതിനിടെ ഒരു തൊഴിലാളി മുകളിൽ നിന്നു വീണു മരിച്ചതോടെ തൊഴിലിലും സുരക്ഷ ഇല്ലാതായി.
വികെ പാറ മുതൽ ബേവിഞ്ച സ്റ്റാർ നഗർ വരെയും കാനത്തും കുണ്ടിലും സമീപത്തും ദുരന്തമുനമ്പ് ആണ്. കുന്നിടിച്ചു റോഡ് ഒരുക്കുന്നതിന്റെ ഭാഗമായി സോയിൽ നെയ്ലിങ് ചെയ്ത് നിർത്തിയ ഭിത്തി ഇടിഞ്ഞുവീണ് അപകടമായ സ്ഥിതിക്കു മാറ്റം വന്നിട്ടില്ല.
മണ്ണിന്റെ സ്വഭാവം അനുസരിച്ച് ബെഞ്ചുകൾ നിർമിച്ച് ഓരോ ബെഞ്ചിനും മതിയായ വീതി നൽകി ദേശീയപാതയോടു ചേർന്നുള്ള ചരിവ് മെച്ചപ്പെടുത്തുക, റോഡിനു ശരിയായ ഡ്രെയ്നേജ് സംവിധാനം നിർമിക്കുക, ചരിവിൽ നിന്നുള്ള വെള്ളം അഴുക്കു ചാലിലും കലുങ്ക് വഴിയും തിരിച്ചു വിടുക, നിർമാണ പ്രവർത്തനങ്ങൾ കാരണം പ്രകൃതിദത്ത നീർച്ചാലുകൾ അടഞ്ഞു പോയതിനാൽ ഭൂഗർഭജലം വറ്റിക്കാൻ ഡ്രെയ്നേജ് പൈപ്പുകൾ സ്ഥാപിക്കുക, കുന്നു ചരിവ്, സംരക്ഷണ ഭിത്തി എന്നിവയിൽ കോൺക്രീറ്റ് മിശ്രിതം പുരട്ടുക, വെള്ളം പുറത്തേക്ക് ഒഴുകി പോകാൻ അവയിൽ ദ്വാരങ്ങൾ നൽകുക തുടങ്ങിയവയായിരുന്നു വിദഗ്ധസമിതി നിർദേശങ്ങൾ.
റീട്ടെയ്നിങ് വാൾ എവിടെ സർ
വികെപാറ മുതൽ സ്റ്റാർ നഗർ വരെ 15 മീറ്റർ വീതിയിൽ സ്ഥലം അക്വയർ ചെയ്തു തട്ടുതട്ടായി തിരിച്ചു റീട്ടെയ്നിങ് വാൾ നിർമിക്കണം എന്ന നിർദേശം ജില്ലാ ഭരണകൂടം തന്നെ മുന്നോട്ടു വച്ചിരുന്നു. ഇതിനുള്ള നടപടികൾ തുടങ്ങിയതായി കാണുന്നില്ല.
ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കിൽ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായില്ല. കമാനം സഹിതമുള്ള പഴയപാലം അപകട
ഭീഷണിയിലാണ്.
ഇതിലൂടെ കുഴികൾ താണ്ടിയാണ് ടാങ്കർ ഉൾപ്പെടെ വാഹനങ്ങൾ കടന്നു പോകുന്നത്. ജുമാമസ്ജിദ് ഭാഗത്തേക്കും ബോവിക്കാനം ഭാഗത്തേക്കും വാഹനങ്ങൾക്കു കടന്നു പോകുന്നതിനുള്ള സുഗമമായ അടിപ്പാത ഇല്ല.
ജുമാമസ്ജിദ് ഭാഗത്തുള്ള ചെറിയ അടിപ്പാതയിൽ ചെളി നിറഞ്ഞു നിൽക്കുന്നു. എല്ലാ സുരക്ഷിതത്വവും ഉറപ്പു നൽകിയുള്ള റോഡ് ഗതാഗത സൗകര്യം നിലവിൽ വരാത്തതിനാൽ ഏറെ ആശങ്കയോടെയാണ് ചെർക്കള – ചട്ടഞ്ചാൽ ദേശീയപാതയിൽ വാഹനങ്ങൾ കടന്നു പോകുന്നത്.
വീരമലയെ തട്ടുകളാക്കുന്നു
ചെറുവത്തൂർ ∙ മണ്ണിടിച്ചിൽ നേരിട്ട വീരമലയിൽ അപകട
ഭീഷണി ഒഴിവാക്കാനുള്ള പ്രവൃത്തിക്ക് തുടക്കമായി. മലയെ തട്ടുകളാക്കി കൊണ്ടുളള പ്രവൃത്തിയാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി മലയുടെ മുകളിൽ വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയുടെ അതിർ വരമ്പ് മുതൽ മണ്ണ് തിട്ടകളാക്കി മാറ്റുകയാണ്. മണ്ണിടിച്ചിൽ തടയുന്നതിനൊപ്പം ടൂറിസം സാധ്യത കണക്കിലെടുത്തു കൊണ്ടുള്ള പദ്ധതികളും വീരമലയിൽ നടപ്പിലാക്കുകയാണ്.
ഇതിന്റെ ഭാഗമായി വനം വകുപ്പിന്റെ ഭൂമിയിൽ നഗരവനം പദ്ധതി ഉടൻ നടപ്പാക്കും.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് കാസർകോടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിച്ച് കൊണ്ടുള്ള ടൂറിസം പദ്ധതിയ്ക്കും മലയുടെ മുകൾത്തട്ടിൽ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചുകഴിഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഉണ്ടായ മട്ടലായിക്കുന്നിൽ സംരക്ഷണ ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]