യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ മധുരമുള്ള പാനീയങ്ങൾക്ക് ഏർപ്പെടുത്തുന്ന പുതിയ ‘പഞ്ചസാര നികുതി’ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് വിൽക്കുന്ന ശീതളപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം.
ധനകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം, നിലവിലുള്ള ഏകീകൃത നികുതിക്ക് പകരമായി പാനീയങ്ങളിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി പുതിയ നികുതി ഘടന നടപ്പിലാക്കും. പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് നികുതിയും വർധിക്കും.
ഇത് വിപണിയിൽ മധുരം കൂടിയ പാനീയങ്ങളുടെ വില വർധിക്കാൻ കാരണമാകും. നിലവിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം എക്സൈസ് നികുതിയാണ് യുഎഇ ഈടാക്കുന്നത്.
പുതിയ നിയമം വരുന്നതോടെ, ഓരോ 100 മില്ലി ലിറ്ററിലുമുള്ള പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയുള്ള ഒരു ബഹുമുഖ നികുതി സംവിധാനം നിലവിൽ വരും. ഇതനുസരിച്ച്, പഞ്ചസാരയുടെ അളവ് അധികമുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതി നൽകേണ്ടിവരും.
അതേസമയം, എനർജി ഡ്രിങ്കുകൾക്ക് നിലവിലുള്ള 100 ശതമാനം നികുതി മാറ്റമില്ലാതെ തുടരും. പുതിയ നികുതി പ്രാബല്യത്തിൽ വരുന്നതോടെ, ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ അല്ലെങ്കിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനോ നിർമ്മാതാക്കൾ നിർബന്ധിതരാകും.
ഉൽപ്പന്നങ്ങളുടെ ചേരുവകളിലും നിർമ്മാണ രീതിയിലും മാറ്റങ്ങൾ വരുത്താൻ കമ്പനികൾക്ക് ആവശ്യമായ സമയം നൽകുന്നതിനാണ് നികുതി നടപ്പാക്കുന്നത് 2026 വരെ നീട്ടിവെച്ചതെന്ന് യുഎഇ ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. യുഎഇയിലെ ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക, വിപണിയിലുള്ള ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് പുതിയ നികുതി പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]