റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിക്കും കമ്പനികൾക്കുംമേൽ കുരുക്ക് മുറുക്കാൻ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നീക്കം. സിഎൽഇ പ്രൈവറ്റ് ലിമിറ്റഡ് (സിപിഎൽ) എന്ന കമ്പനിയും റിലയൻസ് ഗ്രൂപ്പും തമ്മിലെ 6,503.13 കോടി രൂപയുടെ വായ്പാ ഇടപാട് സെബി ആക്ട്-1992, സെബി റഗുലേഷൻസ്-2003 എന്നിവയിലെ തട്ടിപ്പ് തടയൽ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് സെബി കാരണംകാണിക്കൽ നോട്ടിസ് അയച്ചു.
നോട്ടിസ് ലഭിച്ചെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അയച്ച കത്തിൽ ഇരു കമ്പനികളും സമ്മതിക്കുകയും ചെയ്തു.
അതേസമയം, സിപിഎല്ലുമായി കമ്പനിക്ക് വായ്പാ ഇടപാടുകളൊന്നുമില്ലെന്ന് റിലയൻസ് പവർ വ്യക്തമാക്കി. സെബിയുടെ നോട്ടിസിന്മേൽ തുടർനടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു.
സിപിഎല്ലുമായുള്ള തർക്കങ്ങൾ എട്ടുമാസം മുൻപ് ബോംബെ ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് വ്യവസ്ഥയിലൂടെ പരിഹരിച്ചതാണെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചറും പറഞ്ഞു. സെബിയുടെ നോട്ടിസിന്മേൽ തുടർനടപടികളെടുക്കുമെന്നും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിപിഎല്ലുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർത്തത്.
ഇത് ഫെബ്രുവരി 9ന് കമ്പനി പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. വായ്പ സംബന്ധിച്ച് കഴിഞ്ഞ 4 വർഷങ്ങളിലെ കമ്പനിയുടെ പ്രവർത്തനഫല സ്റ്റേറ്റ്മെന്റുകൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.
പണംതിരിമറി ആരോപണങ്ങളെല്ലാം റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും നിഷേധിച്ചിട്ടുമുണ്ട്.
വിവിധ ബാങ്കുകളിൽ നിന്ന് അനധികൃതമായി വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന ആരോപണത്തിന്മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷണവല മുറുക്കുന്നതിന് പിന്നാലെയാണ് അനിൽ അംബാനിക്കും കമ്പനികൾക്കുംമേൽ സെബിയും നോട്ടിസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ അനിൽ അംബാനിയുമായി ബന്ധപ്പെട്ട
35 സ്ഥലങ്ങളിലായി 50ഓളം ഓഫിസുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
സെബിയുടെ കാരണംകാണിക്കൽ നോട്ടിസിന്റെ പശ്ചാത്തലത്തിൽ റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് വീണു. റിലയൻസ് പവർ 1.37% ഇടിഞ്ഞ് 44.79 രൂപയിലാണ് ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുന്നതിന് മുൻപുള്ളത്.
ഇക്കഴിഞ്ഞ ജൂണിൽ 76.49 രൂപയെന്ന 52-ആഴ്ചത്തെ ഉയരത്തിലെത്തിയ ഓഹരിവിലയാണ് ഇപ്പോൾ 45 രൂപയ്ക്ക് താഴെ എത്തിനിൽക്കുന്നത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ വ്യാപാരം ചെയ്യുന്നത് ഇന്ന് 3.14% ഇടിഞ്ഞ് 236 രൂപയിൽ.
ഈ വർഷം ജൂണിൽ ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 425 രൂപയിൽ എത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/SK Chakrabortyൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]