പാപ്പിനിശ്ശേരി ∙ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ചുങ്കം മുതൽ കെഎസ്ടിപി റോഡ് ജംക്ഷൻ വരെ ദേശീയപാതയിൽ ഡിവൈഡർ സ്ഥാപിച്ചു. വൺവേ ആക്കിയ ദേശീയപാത ചുങ്കത്തു നിയന്ത്രണമില്ലാതെ വാഹനങ്ങൾ കയറി വരുന്നതിനാൽ വളപട്ടണം പാലത്തിനു സമീപം ഗതാഗതക്കുരുക്കു പതിവാണ്.
ഈ പ്രശ്നം പരിഹരിക്കാനാണു ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന്റെ മുന്നിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരത്തേക്കു ഡിവൈഡർ സ്ഥാപിച്ചത്.
കെഎസ്ടിപി പഴയങ്ങാടി റോഡ് ജംക്ഷൻ വരെ റോഡിനു നടുവിൽ കോൺക്രീറ്റ് ബാരിയർ സ്ഥാപിച്ചു. കെ.വി.സുമേഷ് എംഎൽഎ, വളപട്ടണം പൊലീസ് ഇൻസ്പെക്ടർ എന്നിവർ യോഗം ചേർന്നാണു തീരുമാനമെടുത്തത്.
ദേശീയപാത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർമാണ കരാർ കമ്പനി തൊഴിലാളികളാണു രാത്രി ഡിവൈഡർ സ്ഥാപിച്ചത്. ഇന്നലെ വാഹനങ്ങൾ നിരനിരയായി ക്രമത്തിൽ കടന്നുവന്നതിനാൽ കുരുക്ക് ഒഴിവായി.
എന്നാൽ ഇവയിൽ റിഫ്ലക്ടർ സ്ഥാപിക്കാത്തതു രാത്രി അപകടങ്ങൾക്കിടയാക്കുമെന്നു പരാതിയുണ്ട്.
ചുങ്കം വൺവേ തെറ്റിച്ചു കടന്നുവരുന്ന ചില വാഹനങ്ങൾ കെഎസ്ടിപി റോഡ് വഴി തിരിഞ്ഞു വീണ്ടും ദേശീയപാതയിലേക്കു കടക്കുന്നതായും പരാതിയുണ്ട്. വളപട്ടണം പാലത്തിനു സമീപം പതിവായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ 9 മാസം മുൻപാണു പാപ്പിനിശ്ശേരിയിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത്.
കോട്ടൺസ് – ചുങ്കം റോഡ് വൺവേ ആക്കി ദേശീയപാതയിലെയും കെഎസ്ടിപി റോഡിലെയും വാഹനങ്ങളെ വഴിതിരിച്ചുവിട്ടതോടെ കുരുക്കൊഴിവായി.
ഇക്കാര്യം വിജയകരമായി നടപ്പാക്കിയെങ്കിലും ചുങ്കത്തു മിക്ക വാഹനങ്ങളും നിയന്ത്രണമില്ലാതെ കുത്തിക്കയറി ഗതാഗതക്കുരുക്ക് പതിവായി. തുടർന്നാണു പുതിയ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]