കോഴിക്കോട്∙ പനാത്തുതാഴം നേതാജി നഗർ ജംക്ഷൻ അടച്ചതുമായി ബന്ധപ്പെട്ടു കക്ഷിരാഷ്ട്രീയ വിവാദം. ഉദ്ഘാടനത്തോട് അടുക്കുന്ന ദേശീയപാത ബൈപാസിൽ, നേതാജി നഗറിലെ അനധികൃത ജംക്ഷൻ അപകട
സാധ്യത മുന്നിൽക്കണ്ട് ദേശീയപാത അതോറിറ്റി അടച്ചുപൂട്ടിയിരുന്നു. പനാത്തുതാഴം–സിഡബ്ല്യുആർഡിഎം റോഡ് മുറിഞ്ഞു പോയതോടെ, വാഹനങ്ങൾ തൊണ്ടയാട് വഴിയോ പാച്ചാക്കിൽ വഴിയോ ആണു ബൈപാസ് മുറിച്ചു കടക്കുന്നത്.
ഇതു രണ്ടിടത്തും വൻ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
പാത പാതിയിൽ മുറിയാനിടയായതും പകരം വഴിയില്ലാതായതും കോർപറേഷന്റെ അനാസ്ഥയാണെന്നാണ് എം.കെ.രാഘവൻ എംപിയുടെ ആരോപണം. പദ്ധതി രേഖ തയാറാക്കുമ്പോൾ കോർപറേഷനും സംസ്ഥാന സർക്കാരും കൃത്യമായ വിവരം നൽകുന്നതിൽ കാണിച്ച അനാസ്ഥയാണ് നിലവിലെ അവസ്ഥയ്ക്കു കാരണമെന്ന് എം.കെ.രാഘവൻ പറയുന്നു.
‘ദേശീയപാത പദ്ധതിയുടെ ടെൻഡർ ഡ്രോയിങ്ങിൽ, പനാത്തുതാഴം – സിഡബ്ല്യുആർഡിഎം റോഡിനെ വെറും 5 മീറ്റർ വീതിയുള്ള കോർപറേഷൻ റോഡ് ആയാണു കാണിച്ചിരിക്കുന്നത്.
മലാപ്പറമ്പ് ജംക്ഷനിൽ അടിപ്പാതയും തൊണ്ടയാട് ജംക്ഷനിൽ ഫ്ലൈ ഓവറും അനുവദിച്ചതിനാൽ, ഇടയ്ക്കു പുതിയ മേൽപാലം അനുവദിക്കാൻ കഴിയുമായിരുന്നില്ല’ –എം.കെ.രാഘവൻ പറഞ്ഞു. വിഷയത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപരോധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപീകരിക്കാൻ 8ന് 6 മണിക്കു യോഗം ചേരുമെന്നു ചേവരമ്പലത്തെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, കർമസമിതി രൂപീകരിച്ച് എംപിയെ മാസങ്ങൾക്കു മുൻപു തന്നെ കാര്യങ്ങൾബോധ്യപ്പെടുത്തിയിരുന്നുവെന്നും വീഴ്ച പറ്റിയത് എംപിക്കാണെന്നും സിപിഎം നേതാവും കോർപറേഷനിലെ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലറുമായ എം.എൻ.പ്രവീൺ പറഞ്ഞു.
‘എംപിക്കും കലക്ടർക്കുമാണ് ദേശീയപാത അതോറിറ്റിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനും അജൻഡ വയ്ക്കാനും കഴിയുക.
എല്ലാ രാഷ്ട്രീയക്കാരും ഉൾപ്പെട്ട കർമസമിതി ഇക്കാര്യം നേരത്തേ തന്നെ എംപിയുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.
പക്ഷേ, നടപടിയുണ്ടായില്ല. മലാപ്പറമ്പിൽ നിന്നു പാച്ചാക്കിൽ ഭാഗത്തേക്കു കിഴക്കു ഭാഗത്തുള്ള സർവീസ് റോഡ് 2 പാതകളായി നല്ല വീതിയിലാണു നിർമിക്കുന്നത്.
ഇതോടെ കുറച്ചു പരിഹാരമാകുമെന്നാണു കരുതുന്നത്. മുറിഞ്ഞു പോയ പനാത്തുതാഴം – സിഡബ്ല്യുആർഡിഎം റോഡിനെ വീണ്ടും കൂട്ടിമുട്ടിക്കാൻ സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ചേർന്നു പോംവഴി കാണുമെന്നു കരുതുന്നു’– പ്രവീൺ പറഞ്ഞു.
പാച്ചാക്കിലിനും മലാപ്പറമ്പിനുമിടയിൽ അണ്ടർപാസ് വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചിരുന്നുവെന്നും പ്രവീൺ അറിയിച്ചു. എന്നാൽ, ഈ വിഷയത്തിൽ സമരത്തിനില്ലെന്നും പ്രവീൺ പറഞ്ഞു.
ബൈപാസ് പൂർത്തിയാകുമ്പോഴുണ്ടാകുന്ന ഗതാഗത പ്രശ്നം നേരത്തേ തന്നെ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി കുടിൽത്തോട് വാർഡ് കൗൺസിലർ വി.പ്രസന്ന പറഞ്ഞു.
‘നിർമാണത്തിന്റെ തുടക്കം മുതൽ തന്നെ അണ്ടർപാസ് വേണമെന്നും വെള്ളക്കെട്ടിനു പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നു. കോർപറേഷൻ ഫണ്ടിൽ നിന്നു പണം ചെലവിട്ടാണു വെള്ളക്കെട്ട് പരിഹരിക്കാൻ ഓടകൾ വീതി കൂട്ടിയതും മറ്റും.
ദേശീയപാത അതോറിറ്റി വിളിച്ച യോഗങ്ങളിലെല്ലാം അണ്ടർപാസിന് ആവശ്യം ഉന്നയിച്ചിരുന്നു’.
മണിക്കൂറിൽ 100–120 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങളോടുന്ന ബൈപാസിൽ, നേതാജി നഗറിൽ അനധികൃത ക്രോസിങ് തുറന്നിടുന്നത് അപകടം വിളിച്ചു വരുത്തുമെന്നു കോട്ടൂളി വാർഡ് കൗൺസിലർ എസ്.ജയശ്രീ പറഞ്ഞു. ‘ആറുവരിപ്പാത വരുമ്പോൾ എന്താണുണ്ടാവുകയെന്നു മുൻകൂട്ടി കാണാൻ പറ്റിയിട്ടില്ല.
അണ്ടർപാസ് അനുവദിക്കാൻ കഴിയില്ലെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞിരുന്നത്. സംസ്ഥാന സർക്കാരിന്റെ തീരുമാനമുണ്ടാകുമെന്നു കരുതുന്നു’– ജയശ്രീ പറഞ്ഞു.
അടിപ്പാത നടപ്പില്ല; മേൽപാലം നോക്കാമെന്ന് എൻഎച്ച്എഐ
നേരത്തേ തന്നെ അണ്ടർപാസ് നിർമിക്കുകയോ തൊണ്ടയാട് ഫ്ലൈ ഓവറിനു നീളം കൂട്ടുകയോ ചെയ്തിരുന്നുവെങ്കിലും പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാമായിരുന്നുവെന്നു വിദഗ്ധർ പറയുന്നു.
പനാത്തുതാഴത്തിനും പാച്ചാക്കിലിനും ഇടയിൽ ഇനി അണ്ടർപാസ് നിർമാണം തീർത്തും അസാധ്യമാണെന്നാണു ദേശീയപാത അതോറിറ്റിയുടെ നിലപാട്. ഉയരം കൂട്ടി പുനർ നിർമിക്കേണ്ടി വരുമെന്നതിനാൽ, നിർമാണം പൂർത്തിയായ ബൈപാസ് നല്ല നീളത്തിൽ തന്നെ പൊളിക്കേണ്ടി വരും.
സർവീസ് റോഡും ഉയർത്തേണ്ടി വരും. ഒന്നര വർഷത്തോളം ഗതാഗതം പൂർണമായി വഴി തിരിച്ചുവിടേണ്ടി വരുമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.
ബൈപാസിനു കുറുകെ, മേൽപാലമെന്ന നിർദേശത്തെ അവർ സ്വാഗതം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]