നെയ്യാറ്റിൻകര ∙ കോഴി ഫാമിൽ കയറിയ തെരുവ് നായ്ക്കൾ ആയിരത്തോളം കോഴികളെ കടിച്ചു കൊന്നതിനെ തുടർന്ന് കാഞ്ഞിരംകുളം കഴിവൂർ പ്രദേശം ഭീതിയിൽ. നാട്ടിൻപുറത്തിനു പുറമേ, തീര പ്രദേശത്തും തെരുവ് നായ ഭീതി വിതയ്ക്കുന്നു.
മൗനം പാലിച്ച് തദ്ദേശ സ്ഥാപനങ്ങൾ.മിനിയാന്ന് പുലർച്ചെയാണ് കഴിവൂർ വേങ്ങനിന്ന ആർ.എസ്.ഭവനിൽ രാജുവും സുനജ കുമാരിയും ചേർന്നു നടത്തുന്ന ഐശ്വര്യ പൗൾട്രി ഫാമിൽ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ദീപാവലി മാർക്കറ്റ് ലക്ഷ്യമിട്ട് വളർത്തിയ ആയിരത്തോളം കോഴികൾ ചത്തതിലൂടെ ഇവർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
ഫാമിൽ എത്തിയപ്പോൾ ഉടമയെയും തെരുവ് നായ്ക്കൾ ആക്രമിക്കാൻ തുനിയുകയുമുണ്ടായി.
കഴിഞ്ഞ മാസം തുടക്കത്തിൽ കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പുല്ലുവിള, പള്ളം, പുതിയതുറ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണമുണ്ടായിരുന്നു. 3 വയസ്സുകാരൻ ഉൾപ്പെടെ മുപ്പതോളം പേർക്കാണ് കടിയേറ്റത്.
മത്സ്യ ബന്ധനം കഴിഞ്ഞു മടങ്ങിയ ആളിനെ മുന്നിൽ നിന്നും മത്സ്യക്കച്ചവടം നടത്തിയ സ്ത്രീയെ പിന്നിൽ നിന്നും ആക്രമിച്ചു. ഇരുവർക്കും സാരമായ പരുക്കുണ്ടായിരുന്നു.
നായയെ നാട്ടുകാർ ചേർന്നു തല്ലിക്കൊന്നു.അസുഖം ബാധിച്ച നായയാണ് എല്ലാവരെയും ആക്രമിച്ചതെന്നായിരുന്നു വിവരം.
ഇതേ തുടർന്ന് ആക്രമണത്തിനിരയായ എല്ലാവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നായ മറ്റു നായ്ക്കളെയും കടിച്ചുവെന്നത് ഭീതിയോടെയായിരുന്നു ജനം നോക്കി കണ്ടത്.
എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വേറെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസത്തിനു വക നൽകുന്നു. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ട
നാടാണ് പുല്ലുവിള. പുല്ലുവിള സ്വദേശികളായ ശിലുവമ്മ, ജോസ്ക്ലിൻ എന്നിവരാണ് ഏതാനും വർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ടത്.
ജൂലൈ മാസം പകുതിക്കു ശേഷമാണ് തിരുപുറം പഞ്ചായത്തിലെ പാഞ്ചിക്കാട്ട് കടവ്, കഞ്ചാംപഴിഞ്ഞി തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ ആക്രമണമുണ്ടായത്. ഒട്ടേറെ പേരെ ആക്രമിച്ച ഈ നായയെയും ജനങ്ങൾ തല്ലിക്കൊന്നു കുഴിച്ചു മൂടി.
മാലിന്യം നേരെ സംസ്കരിക്കാതെ വലിച്ചെറിയുന്നതും തദ്ദേശ സ്ഥാപനങ്ങൾ എബിസി പദ്ധതി ശരിയായ രീതിയിൽ നടത്താത്തതും കാരണം തെരുവ് നായ്ക്കൾ ഗണ്യമായി പെരുകിയിട്ടുണ്ട്. ഇവയെ നിയന്ത്രിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]