ആലപ്പുഴ∙ നഗരത്തിൽ പുതുതായി ടാറിങ് നടന്ന റോഡുകളിലെ വശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങൾക്കു കാരണമാകുന്നു. കൊട്ടാരപ്പാലം ഭാഗത്തും വടശേരി പള്ളിയിലേക്കുള്ള റോഡിലും പൂന്തോപ്പ്–കാളാത്ത് റോഡ് അടക്കമുള്ള റോഡുകളിലുമാണ് ഉയർത്തി ടാറിങ് നടത്തിയത്.
സാധാരണ നിരപ്പിൽ നിന്നും റോഡ് ഉയർന്നതോടെ ഇരുചക്രവാഹന യാത്രക്കാരും വഴിയാത്രക്കാരും അപകടത്തിൽ പെടുന്നത് പതിവായി. കഴിഞ്ഞ 25ന് കൊട്ടാരപ്പാലം സ്വാമി ജിംനേഷ്യത്തിനു മുൻവശം രാത്രി ഒൻപതോടെ കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിക്കാനിടയായതു റോഡിലെ ഉയരക്കൂടുതൽ കാരണമാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
തമിഴ്നാട് സ്വദേശിയും എ.എൻ.പുരം കട്ടച്ചിറ നിവാസിയുമായ എൻ.രാജേന്ദ്രനാണ് (57) മരിച്ചത്.
കൊട്ടാരപ്പാലം സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കി മുന്നോട്ട് എടുക്കുമ്പോൾ സമീപത്തുകൂടി പോയ രാജേന്ദ്രന്റെ സൈക്കിളിൽ ഇടിക്കുകയും രാജേന്ദ്രൻ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. അപകടം നടന്ന സ്ഥലത്ത് പുതുതായി ടാർ ചെയ്തതോടെ ഉയരം കൂടിയതിനാൽ രാജേന്ദ്രന് സൈക്കിൾ റോഡിന്റെ അരികിലേക്ക് ഇറക്കാൻ കഴിഞ്ഞില്ല.
ഇതിനാലാണ് അപകടമുണ്ടായതെന്നാണു നാട്ടുകാർ ചൂണ്ടിക്കാട്ടിയത്.
പൊതുവേ വീതി കുറവും വാഹനത്തിരക്കും ഏറെയുള്ള കൊട്ടാരപ്പാലം റോഡിൽ ടാർഭാഗം കഴിഞ്ഞ് ഇരുചക്രവാഹനങ്ങൾ കുത്തനെയുള്ള താഴ്ചയിലേക്ക് ഇറങ്ങുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനു വേണ്ടി വാഹനം അരികിലേക്ക് ചേർക്കുന്നതോടെ കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നുണ്ട്.
വടശേരി പള്ളിയിലേക്കുള്ള റോഡ് ഉയർന്നതോടെ മഴക്കാലത്ത് റോഡിൽ നിന്നുള്ള വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
ക്രമാതീതമായി ഉയർത്തിയ റോഡുകളുടെ വശങ്ങളിൽ ഉയരക്കൂടുതലുള്ള ഭാഗങ്ങളിൽ ചെരിച്ചു ടാറിങ് നടത്തിയാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]