പത്തനംതിട്ട ∙ കോളജ് യൂണിയൻ ഉദ്ഘാടനത്തിനിടെ സംഘർഷമൊഴിവാക്കാനെന്ന പേരിൽ പൊലീസ് കൂട്ടിക്കൊണ്ടുപോയ യൂണിയൻ ഭാരവാഹിയായ കെഎസ്യു പ്രവർത്തകനെ സ്റ്റേഷനിലെത്തിച്ച് വധശ്രമത്തിനു കേസെടുത്തു.
കാതോലിക്കേറ്റ് കോളജ് യൂണിയന്റെ സ്പോർട്സ് സെക്രട്ടറി അലീഫ് എസ്.ഖാനെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സംഹിത 110 പ്രകാരമാണു കേസെടുത്തത്. പിന്നാലെ കെഎസ്യു– യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഇതിനിടെ കുഴഞ്ഞുവീണ അലീഫിനെ പൊലീസും പ്രവർത്തകരും ചേർന്ന് രാത്രി എട്ടരയോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്ഘാടന സമയത്തെ സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകൻ ജിബിൻ ബിജു ഡാനിയലിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് അലീഫിനെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.
കൈക്കു പരുക്കേറ്റ നിലയിലാണു ജിബിൻ. പരാതി വ്യാജമാണെന്നും കോളജിലെ സിസിടിവി പരിശോധിക്കണമെന്നും കെഎസ്യു പ്രവർത്തകർ പറഞ്ഞു.കെഎസ്യുവിനാണു കാതോലിക്കേറ്റ് കോളജിൽ യൂണിയൻ.
കോളജ് യൂണിയൻ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷത്തിനു പിന്നാലെ പൊലീസ് അലീഫിനെ സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നെന്നും കെഎസ്യു പ്രവർത്തകർ പറഞ്ഞു.
തുടർന്നു മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചിരുത്തി. ഇതിനിടെ പത്തനംതിട്ട
ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ജിബിനിൽനിന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണു വധശ്രമത്തിനു കേസെടുക്കുന്ന കാര്യം അറിയിച്ചത്.കെഎസ്യു പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് കെഎസ്യു പ്രവർത്തകർ പറയുന്നു.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനുശേഷവും കോളജ് പരിസരത്തും നഗരത്തിലും കെഎസ്യു–എസ്എഫ്ഐ സംഘർഷം ഉണ്ടായിരുന്നു.
എസ്എഫ്ഐ അതിക്രമത്തിൽ പരുക്കേറ്റ കോളജ് യൂണിയൻ ചെയർപഴ്സനെ അന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചെറിയ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിനാണു അലീഫിനെതിരെ വധശ്രമത്തിനു കേസെടുത്തിരിക്കുന്നതെന്നും ജിബിൻ സ്വയം പരുക്കേൽപിച്ചതാണെന്നും കെഎസ്യു ആരോപിച്ചു.
എന്നാൽ, പ്രകോപനം ഇല്ലാതെ അലീഫും മറ്റ് 5 പേരും ചേർന്ന് ജിബിനെ അസഭ്യം പറയുകയും വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐ ആരോപണം. സ്റ്റേഷൻ ഉപരോധിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, അൻസാർ മുഹമ്മദ്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി നിഥിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]