വടശേരിക്കര ∙ ഒളികല്ല്, കുമ്പളത്താമൺ പ്രദേശങ്ങളിൽ കാട്ടാനകൾ താവളമാക്കുകയാണോ? ദിവസമെന്നോണം കാട്ടാനകൾ എത്തുകയും അവയുടെ എണ്ണം വർധിക്കുകയും ചെയ്യുന്നതാണ് മലയോരവാസികളിൽ ആശങ്ക നിറയ്ക്കുന്നത്. ഞായറാഴ്ച രാത്രിയും കാട്ടാനകളെത്തിയിരുന്നു.2 കൊമ്പനും പിടിയും മോഴയുമാണ് ചുറ്റിത്തിരിഞ്ഞത്. കല്ലാറ് കടന്ന് കുമ്പളത്താമണ്ണിലെ കൈതത്തോട്ടത്തിലും ആനയെത്തി. കൈതയും റബർത്തൈകളും മരങ്ങളുമെല്ലാം നശിപ്പിച്ചാണ് ആനകൾ മടങ്ങുന്നത്. ഇരുപ്രദേശങ്ങളിലും വനപാലകർ തമ്പടിച്ച് ആനകളെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണാനാകുന്നില്ല.
ഒരു വർഷത്തിലധികമായി തുടങ്ങിയ ദുരിതം
ഒളികല്ലും കുമ്പളത്താമണ്ണും ജനവാസ കേന്ദ്രങ്ങളാണ്.
വടശേരിക്കരനിന്ന് 4 കിലോമീറ്ററോളം ദൂരം മാത്രം. സാധാരണക്കാരായ കർഷകരാണ് ഇവിടങ്ങളിലെ താമസക്കാർ. ഒരു വർഷത്തിലധികമായി കാട്ടാനകൾ നിരന്തരം ജനവാസ കേന്ദ്രത്തിലെത്തുന്നു.
ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, താമരപ്പള്ളി തോട്ടം, ഒളികല്ല്, കുമ്പളത്താമൺ, മണപ്പാട്ട്, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ആനകൾ വിഹരിക്കുന്നത്.സന്ധ്യയ്ക്ക് 7 മണിക്ക് വടശേരിക്കര നിൽക്കുന്ന ഒളികല്ലുകാരുടെ മുഖങ്ങളിലെ ഭീതിയും നൈരാശ്യവും പറഞ്ഞറിയിക്കാനാകില്ല. മൂന്നും നാലും ബൈക്കുകളിലെ യാത്രക്കാർ ഒന്നിച്ചാണ് താമരപ്പള്ളി തോട്ടം കടന്ന് ഒളികല്ലിൽ എത്തുന്നത്.
ഇല്ലിക്കൊമ്പൻ എത്തിയ വഴി
ഒളികല്ല് കടന്നാണ് 10 വർഷം മുൻപ് ഇല്ലിക്കൊമ്പൻ പമ്പാനദിയിലൂടെ ബംഗ്ലാംകടവിലെത്തിയത്.
കിടങ്ങുമൂഴി കടന്ന് റബർ തോട്ടത്തിലൂടെ സ്റ്റേഡിയം ഭാഗത്തെത്തി ഒരാളെ അടിച്ചുകൊന്നശേഷം ജനവാസ കേന്ദ്രത്തിലൂടെ പമ്പാനദിയിലിറങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു.പിന്നീട് ഒളികല്ല് വഴിയായിരുന്നു മടക്കവും. അന്നു തുടങ്ങിയതാണ് ഒളികല്ലിലേക്ക് കാട്ടാനകളുടെ വരവ്.
മുൻപ് മാസങ്ങൾ കൂടി എത്തിയിരുന്ന ആനകൾ ഇപ്പോൾ ദിവസവും വരുന്നു.
ഒളികല്ല് റോഡിൽ പിഐപി കനാൽ ഭാഗത്തുവച്ചാണ് ആനയെ കാണുന്നതെങ്കിൽ പെട്ടതുതന്നെ.ഒഴിഞ്ഞുനിൽക്കാനോ ഓടിമാറാനോ ഇടമില്ല. കനാലിലോ എതിർവശത്തെ കുഴിയിലോ ചാടുകയേ നിവൃത്തിയുള്ളൂ.
സന്ധ്യയ്ക്കുശേഷം റോഡിൽ വെളിച്ചവുമില്ല. മുന്നിൽ ആനകളുണ്ടോയെന്നറിയാൻ ടോർച്ച് തെളിച്ച് കയ്യിൽ പിടിക്കണം. എത്ര കാലം ഈ അവസ്ഥ സഹിക്കണമെന്ന മലയോരവാസികളുടെ ചോദ്യത്തിനു മുന്നിൽ വനപാലകരും പകച്ചു നിൽക്കുകയാണ്.
സർക്കാരും ജനപ്രതിനിധികളും മൗനത്തിലും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]