വിലക്കയറ്റം മറികടക്കാൻ സ്വന്തം കറൻസിയിൽ നിന്ന് 4 പൂജ്യങ്ങൾ കൂട്ടത്തോടെ വെട്ടി ഇറാന്റെ തന്ത്രം. 10,000 റിയാൽ ഇതോടെ ഇനി വെറും ഒരു റിയാൽ ആകും.
ഇതിനുള്ള അനുമതി ഇറാന്റെ പാർലമെന്റ് കേന്ദ്രബാങ്കിന് നൽകി. മൂന്നുവർഷംകൊണ്ടാണ് മാറ്റം പ്രാബല്യത്തിൽ വരുത്തേണ്ടത്.
അതുവരെ ഒറ്റ റിയാലും 10,000 റിയാലും പ്രചാരത്തിൽ തുടരും. 3 വർഷംകൊണ്ട് 10,000 റിയാൽ പൂർണമായും ഒഴിവാക്കും.
രാജ്യത്ത് സീമകൾ ലംഘിച്ച് കത്തിക്കയറിയ പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനും ഓരോ ഉൽപന്നങ്ങൾ വാങ്ങുമ്പോഴും ജനങ്ങൾ മില്യന്റെയും ബില്യന്റെയും കണക്കുകൾ പറയാൻ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് ഇറാന്റെ ഈ പൂജ്യംവെട്ടൽ ഐഡിയ.
കറൻസിയിൽ നിന്ന് 4 പൂജ്യം ഒഴിവാക്കാൻ ഇക്കണോമിക് കമ്മിഷൻ കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നു. ഡോളറിനെതിരെ റിയാൽ നേരിടുന്ന കനത്ത മൂല്യത്തകർച്ച മറികടക്കുക കൂടിയാണ് പുതിയ ഐഡിയയുടെ ലക്ഷ്യം.
പണപ്പെരുപ്പം റോക്കറ്റിലേറിയതിനാൽ നിലവിൽ 10,000 റിയാൽ ആണ് പ്രാഥമിക തുകയായി ഇറാൻകാർ കണക്കാക്കുന്നത്.
10,000ൽ നിന്ന് 4 പൂജ്യം ഒഴിവാക്കുന്നത് കറൻസി വിനിമയം എളുപ്പമാക്കുമെന്നാണ് ഇറാന്റെ പ്രതീക്ഷ. ഏറ്റവും ചെറിയതുക ഇനി 10,000 എന്നതിന് പകരം ഒന്നാകുമെന്നത് ജനങ്ങൾക്കും പ്രയോജനപ്പെടും.
സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും ഇനി ബില്യനും മില്യനും പറയേണ്ടിവരില്ല.
∙ 10,000 റിയാൽ ഇനി ഒരു റിയാൽ ആകും
∙ ഒരു റിയാൽ 100 ഖെറാനും.
മൂല്യം ഇല്ലാത്തതിനാൽ വൻതോതിൽ കറൻസികൾ അച്ചടിക്കേണ്ടിവന്നത് ഇറാന് സാമ്പത്തികപ്രയാസം സൃഷ്ടിച്ചിരുന്നു. പൂജ്യം ഒഴിവാക്കി, മൂല്യം ക്രമീകരിച്ചതിനാൽ അച്ചടിയും ചെലവും കുറയ്ക്കാം.
അതേസമയം, ഡോളറിനെതിരെ കറൻസിയുടെ മൂല്യത്തിൽ വ്യത്യാസം വരില്ലെന്നതിനാൽ പണപ്പെരുപ്പം കുറയ്ക്കാൻ ഈ നടപടി ഉപകാരപ്പെടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പം കുറയ്ക്കാൻ വേണ്ടത് നയപരമായ നടപടികളാണെന്നും കണക്കിലെ കളികളല്ലെന്നും അവർ പറയുന്നു.
ഇറാൻ റിയാലും മൂല്യവും
ഇറാനും യുഎസും തമ്മിലെ ആണവ ഉടമ്പടി പാളിയതിനെ തുടർന്ന്, 2018ൽ ഇറാനെതിരെ യുഎസ് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അതോടെയാണ് ഇറാന്റെ കറൻസിയുടെ മൂല്യത്തകർച്ച കൂടുതൽ മോശമായി തുടങ്ങിയത്.
∙ 2015ൽ ഒരു ഡോളറിന് 32,000 റിയാൽ ആയിരുന്നു മൂല്യം. ∙ 2018ൽ ഉപരോധത്തെ തുടർന്ന് മൂല്യം 1.35 ലക്ഷമായി.
എന്നാൽ, ഔദ്യോഗിക മൂല്യം ഇറാൻ 42,000 ആയി നിർണയിച്ചു. 42,000 ആണ് ഇപ്പോഴും ഔദ്യോഗിക എക്സ്ചേഞ്ച് റേറ്റ്.
∙ പൂജ്യം വെട്ടിക്കളയാൻ നേരത്തേ തീരുമാനിച്ച ഓഗസ്റ്റിൽ മൂല്യം 9.20 ലക്ഷമായിരുന്നു.
ഇപ്പോൾ 11.15 ലക്ഷം. ഒരു ഡോളർ കൊടുത്താൽ 11.15 ലക്ഷം റിയാൽ കൂടെപ്പോരും.
മില്യനും ബില്യനും പറഞ്ഞ് ബുദ്ധിമുട്ടിയ ജനങ്ങൾ 10 റിയാൽ എന്നതിന് പകരം ടൊമൻ എന്ന് പറഞ്ഞിരുന്നു.
എന്നാൽ, കറൻസിയുടെ പേര് റിയാൽ എന്നു തന്നെ നിലനിർത്താനും ഇക്കണോമിക് കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ജനങ്ങൾ പക്ഷേ, വ്യാപകമായി ഉപയോഗിക്കുന്നത് ടൊമൻ ആണ്.
2018 മുതൽ ഇതിനകം ഇറാൻ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 90 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.
ഏറെ വർഷങ്ങളായി കുത്തനെ ഉയർന്നുനിൽക്കുകയാണ് ഇറാനിൽ പണപ്പെരുപ്പം. കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് 38.7%.
ഇന്ത്യയിൽ ഇത് 3 ശതമാനത്തോളമേയുള്ളൂ. ഉപരോധവും സംഘർഷങ്ങളുമാണ് ഇറാനെ വലച്ചത്. 2019ൽ ഹസൻ റൂഹാനി പ്രസിഡന്റ് ആയിരുന്നപ്പോൾതന്നെ പൂജ്യം വെട്ടിക്കളയാൻ ഇറാൻ ആലോചിച്ചെങ്കിലും ഇപ്പോഴാണ് നടപടികൾക്ക് തുടക്കമായത്.
കറൻസിയിൽ നിന്ന് പൂജ്യം ഒഴിവാക്കുന്ന ആദ്യ രാജ്യമല്ല ഇറാൻ.
പണപ്പെരുപ്പവും കറൻസിയുടെ മൂല്യത്തകർച്ചയും മൂലം പൊറുതിമുട്ടിയ സിംബാബ്വേ 10 പൂജ്യങ്ങളാണ് സമീപകാലത്ത് വെട്ടിക്കളഞ്ഞത്. 10 ബില്യൻ ഡോളർ അതോടെ ഒരു ഡോളറായി.
തുർക്കി 2005ൽ സ്വന്തം കറൻസി ലിറയിൽ നിന്ന് 6 പൂജ്യങ്ങൾ വെട്ടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]