ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം.
സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം.
എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും ഇക്കേ ചുക്കു ബിയാഫ്രയിലെ ഇഗ്ബോ ഗോത്രങ്ങളുടെ കൂട്ടനിലവിളികളില്‍, രക്തം വഴികളില്‍ നിന്ന് വഴികളിലേക്ക് പതഞ്ഞൊഴുകിക്കൊണ്ടിരുന്നു. മുന്നിലൂടെ ഓടുന്ന മനുഷ്യരെ ഒരു വലിയ കൂട്ടം ചിരിച്ചുകൊണ്ട് വെടിവെച്ച് വീഴ്ത്തുന്നു.
വെടിയേറ്റുവീണവരെ റോഡിന് സമീപം വലിച്ചെറിയുന്നു. മൃതദേഹങ്ങള്‍ കൂമ്പാരമായി കുമിഞ്ഞുകൂടി.
അവസാനമായി ജീവന് വേണ്ടി യാചിച്ചുകൊണ്ട് കൈക്കൂപ്പിയിഴഞ്ഞവരെ വെടിവെക്കാതെ ഇരുമ്പുവാള്‍ കൊണ്ട് തുടരെ തുടരെ വെട്ടുന്നവര്‍ തലയോട്ടി പിളരുന്ന ശബ്ദം കേട്ട് പുളകം കൊണ്ടു. അത് കണ്ട് ഭയന്ന ഇഗ്ബോഗോത്രത്തിലെ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ കത്തുന്ന തീയേക്കാള്‍ തീവ്രമായി എരിഞ്ഞുകൊണ്ടിരുന്നു.
എനുഗു, അനാമ്പ്ര, ഇമ്മോ, എമ്പോയി…മനുഷ്യരുടെ രക്തം ഒഴുകി ഭൂമി കട്ട ചുവപ്പായി മാറിക്കൊണ്ടിരുന്നു.
യുദ്ധം പ്രേതം പോലെ എല്ലായിടത്തും അലഞ്ഞുകൊണ്ടിരുന്നു. അത് കണ്ട് മനുഷ്യര്‍ പകലിലും ഇരുട്ടിലും ഓടിയൊളിച്ചു.
2 ഒക്കാനായില് നിന്നും വളരെ ദൂരെ കിഴക്കുമാറി ദൈവം കൈവിട്ട പള്ളിക്ക് സമീപമുള്ള റെഫ്യൂജി ക്യാമ്പില്‍ അമ്മ ഇങ്കേച്ചിയുടെ മടിയില്‍ കിടന്ന് വിറച്ചുറങ്ങുകയായിരുന്നു ഇക്കേ ചുക്കു.
മറ്റുള്ള കുട്ടികളെപ്പോലെ അവന്റെ കുഞ്ഞ് ശരീരവും എല്ലിച്ച് വളഞ്ഞിരുന്നു. മാംസം ഇല്ലാത്ത കൈകളില്‍ നിറയെ മരുന്നുകള്‍ വച്ചുള്ള കെട്ടുകള്‍ ആയിരുന്നു.
ശ്വാസം ഭ്രാന്തമായി വായിലൂടെ പുറത്തേക്ക് തള്ളുമ്പോള്‍ അവന്റെ നീര് വീണ് ചുവന്ന കണ്ണുകള്‍ പിടക്കുന്നത് അമ്മയെ വേദനിപ്പിച്ചു. ഒടുവില്‍ ഉസുവിലെ സ്കൂളില്‍ ഒപ്പം പഠിച്ച ഇഫാനി ചുക്കുവിന്റെ പാതിചത്ത ശരീരത്തിലെ അവശേഷിക്കുന്ന മാംസം, വിശന്നപ്പോള്‍ ആര്‍ത്തിയോടെ കടിച്ചുതിന്നാന്‍ അലറിയ ഭ്രാന്തുപിടിച്ച മനുഷ്യരെ കണ്ട് പേടിച്ച് അവന് എണീറ്റു.
അവന്റെ ഇടത് കണ്ണില്‍ നിന്നും ചോര പുറത്തേക്ക് ചെറുതായി ഒഴുകി. ആ നീറ്റല്‍ മറന്നുകൊണ്ട് ചുറ്റും ചിതറിവീണ കണ്ണുകളില്‍ അമ്മ ഇങ്കേച്ചി മങ്ങി നിന്നു.
അമ്മയുടെ കൈകള്‍ അവനെ വട്ടം പിടിച്ചിരുന്നു. അവനെ മാറോട് ചേര്‍ത്ത് ഇങ്കേച്ചി ആയിരം തവണ പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു.
‘മമ്മ അടുത്തുണ്ട്..മമ്മ കൂടെയുണ്ട്’. 3 കഴിഞ്ഞ പതിമൂന്ന് ദിവസങ്ങളായി വിശ്രമമില്ലാതെ അഞ്ച് മലകള്‍ കടന്നുള്ള യാത്രയില്‍ നഷ്ടപ്പെട്ടവര്‍, പട്ടിണിയിലും ആഴത്തിലുള്ള മുറിവുകളില്‍ വീര്‍ത്തുപൊട്ടിയ പഴുപ്പുകൊണ്ടുണ്ടായ ശക്തമായ രോഗം ബാധിച്ച് മരണത്തെ സ്വീകരിച്ചവര്‍, അങ്ങനെ വേദന കണ്ട് വെടിയൊച്ചകള്‍ കേട്ട് പകച്ചുപോയ കുഞ്ഞുമക്കള്‍ ഭയന്ന് ഞെട്ടി വിറച്ചതില്‍ ആര്‍ക്കും അത്ഭുതം തോന്നിയില്ല.
പട്ടിണി കിടന്ന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കണ്ണുകെട്ടി ഓടുന്നതിനിടയില്‍ മരിക്കാതെ ജീവന് മുറുകെ പിടിച്ചത് മാത്രം അവര്‍ക്ക് അത്ഭുതം ആയി തോന്നി. എത്രയോ തവണ മരണത്തില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേറ്റുവെന്ന് ഇങ്കേച്ചി ആലോചിച്ചു.
മൂന്നാമത്തെ മലകടക്കുന്നതിനിടയില് ഇരുട്ടില്‍ തോക്കുമായി പാഞ്ഞുവന്ന സൈനികരെ കണ്ട് മണ്ണില്‍ ശ്വാസം വിടാതെ മരവിച്ച് കിടന്നപ്പോള്‍, മഴയില്‍ തണുത്തുവിറച്ച് മുറിവുകളില്‍ നീര്ക്കെട്ടി പനിച്ചുവിറച്ചപ്പോള്‍, മരത്തിന്റെ വേരും പച്ചിലകളും കാട്ടുപഴങ്ങളും ഒടുക്കം പുഴുക്കളെയും ഓന്തുകളെയും പല്ലികളെയും മുയലിനെയും പച്ചക്ക് തിന്നാന്‍ തമ്മില്‍ അടിയുണ്ടായപ്പോള്‍ , പട്ടിണി സഹിക്കാതെ ഇരുട്ടില്‍ കിടന്നലറിയ ഭ്രാന്തന് മനുഷ്യക്കൂട്ടങ്ങള്‍ കുഞ്ഞുങ്ങളെ തിന്നാന്‍ വേണ്ടി ആക്രമിച്ചപ്പോള്‍, നടന്ന് നടന്ന് ശ്വാസമറ്റ് വീണപ്പോള്‍… അങ്ങനെ എത്രയോ തവണ ജീവനെ കൈവിടാതെ അവര്‍ പിടിച്ചുനിന്നു. നീരുവീണുനീലിച്ച കാലുകള്‍ മെല്ലെയനക്കി ഇങ്കേച്ചി ഒരു തണുത്ത ശ്വാസം വലിച്ചുവിട്ടു.
എല്ലാവരെയും പോലെ ആ രാത്രി അവളുമോര്ത്തു. വീട്ടില്‍ ഇക്കേ ചുക്കുവിനെ ചേര്‍ത്ത് പിടിച്ചുറങ്ങുന്ന ഭര്‍ത്താവിനെയും മകള്‍ അമാറയെയും അവള് കണ്ടു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതില്‍ തകര്‍ത്ത് കയറിയ കുറെ പേര്.
ആദ്യം തന്നെ ഭര്‍ത്താവിന്റെ തലക്കാണ് അവര്‍ ആഞ്ഞുവെട്ടിയത്. ഒന്നല്ല പത്തോ അതിലധികമോ.
അവര്‍ കലി തീരുന്നത് വരെ വെട്ടിക്കൊണ്ടിരുന്നു. അലറിക്കരഞ്ഞ മകള്‍ അമാറയെ 4 പേര് ചേര്‍ന്നും ഇങ്കേച്ചിയെ 3 പേര് ചേര്‍ന്നും ആക്രമിച്ചു.
സ്വന്തം പിതാവിന്റെ തലയറ്റ ശരീരത്തിന് മുകളില്‍ കിടത്തി അവളെ അഞ്ചോ അതിലധികമോ തവണ ആയുധധാരികള്‍ ബലാത്സംഗം ചെയ്തു. ഇങ്കേച്ചിയുടെ വസ്ത്രങ്ങള്‍ വലിച്ചൂരി തല നിലത്തിടിച്ചു.
ബോധമില്ലാത്ത അവളുടെ ശരീരത്തില്‍ കയറിയിറങ്ങിയത് എത്രപേരാണെന്ന് മങ്ങിയ കാഴ്ച്ചയില്‍ അവള്‍ക്ക് വ്യക്തമായില്ല. ബോധം വന്നപ്പോള്‍ കാണുന്നത് ഒരു ഭാഗം വെട്ടിയെടുത്ത തലയുമായി മകള്‍ അമാറ മരിച്ച് കിടക്കുന്നതും ഇക്കേ ചുക്കുവിന്റെ പ്രായമുള്ള ആയുധധാരിയായ പയ്യന് അവളെ പീഡിപ്പിക്കുന്നതുമായിരുന്നു.
‘അനങ്ങാതെ കിടക്കടി കൂത്തിച്ചിമോളെ. അല്ലെങ്കില്‍ നിന്റെ മോളുടെ കാലിനിടയില്‍ കേറ്റിയ ഇരുമ്പുവാള്‍ നിന്റെ മറ്റോടത്തും കേറ്റും.’ ആ ചെറിയ പയ്യന്റെ കലി കണ്ട് കണ്ണുതുറന്ന ഇങ്കേച്ചി അവനെ തട്ടിമാറ്റാന്‍ ശ്രമിച്ചു.
ദേഹത്ത് നൂല്‍ബന്ധമില്ലാതെ ഒട്ടിക്കിടന്ന് അവന് അവളുടെ മാറിടത്തില്‍ ആഞ്ഞുകടിച്ചുക്കൊണ്ട് മാംസം തുപ്പി. നിലവിളിച്ചുകൊണ്ട് കൈയില്‍ കിട്ടിയ ഇരുമ്പുവടി പയ്യന്റെ തലയില്‍ ആഞ്ഞടിച്ചുകൊണ്ട് ഇക്കേ ചുക്കുവിനെ വിളിച്ച് അവള് കാടിനെ ലക്ഷ്യമാക്കി ഓടി.
തുടയില്‍ നിന്നും ഒഴുകുന്ന ചോരയും നീറ്റലും കടിച്ചമര്‍ത്തി കത്തുന്ന കുടിലുകള്‍ക്കിടയിലൂടെ നിലവിളിച്ചോടുന്ന മനുഷ്യരോടൊപ്പം അവള് അലറി. ‘ഇക്കേ ചുക്കു….’ സൈനികര്‍ വാളുകൊണ്ട് വെട്ടിയും ബോംബെറിഞ്ഞും വെടിവെച്ചും ആളുകളെ വീഴ്ത്തി.
മുമ്പിലോടുന്നവരില് ചിലര്‍ വഴുതിവീണു. ചിലര്‍ക്ക് വെടിയേറ്റു.
ഒന്നും നോക്കാതെ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് ഇങ്കേച്ചി പാഞ്ഞു. കാടിന്റെ ഇരുട്ടില്‍ വെടിയേറ്റ് വീഴുന്നവരുടെ ശബ്ദം അവള് കേട്ടു.
വെടിയുണ്ടകള്‍ പായുമ്പോള്‍ ഉള്ള മിന്നല്‍ ഇടിമിന്നലിനേക്കാള്‍ ശക്തമായി പൊട്ടിത്തെറിച്ചു. ഓടിയ ഓട്ടത്തില്‍ പാറയിടുക്കിലും വേരുകള്‍ക്കിടയിലും തട്ടിവീണ് പല തവണ അവള് ഉയര്‍ന്നുപൊങ്ങി.
വെടിവെച്ചുകൊണ്ട് കൂവിവിളിക്കുന്ന സൈനികരുടെ ശബ്ദം കേള്‍ക്കാത്ത ദൂരം വരെ അവള് ഓടി. ഏറെ ദൂരം പിന്നിട്ടപ്പോള്‍ ആര്‍ത്തിയോടെ ഒരു മഴപയ്തു.
ആ മഴയില്‍ എവിടെയോ ഇങ്കേച്ചി വീണുപോയി. എണീക്കാന്‍ കഴിയാതെ കിടന്ന അവളെ താങ്ങിയെടുത്തുകൊണ്ട് ഒരു ശരീരം കുതിച്ചോടി.
ബോധത്തെ തിരികെപ്പിടിച്ചപ്പോഴേക്കും വഴിയേറെ പിന്നിട്ടിരുന്നു. താഴ്വരയില് തോടിനിടയിലെ പാറയിടുക്കില്‍ ഒളിച്ചിരുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടയിലേക്ക് ആ മനുഷ്യന് ഇങ്കേച്ചിയെ കൊണ്ടിരുത്തി.
‘ഞാന്‍ ഒബിന്നയാണ് പേടിക്കണ്ട’. അയാള്‍ ഇങ്കേച്ചിയോട് പറഞ്ഞു.
അവന്റെ കൂടെ ഉള്ള സ്ത്രീകളില്‍ ഒരാളുടെ കയ്യില്‍ ഒരു പയ്യന് കിടന്നിരുന്നു. മുഖം വ്യക്തമാവാതെ ഇരുട്ടില്‍ അവള് തറപ്പിച്ചുനോക്കി.
‘മമ്മാ….’ അവന് പയ്യെ വിളിച്ചു. അവള് കരയാന്‍ തുടങ്ങി.
‘എന്റെ മോന്..എന്റെ. ..’ അലറിക്കരഞ്ഞ അവളുടെ വാപൊത്തിയ ശേഷം ഒബിന്ന പറഞ്ഞു.
‘ഒച്ചവെക്കരുത്…അവര്‍ പുറകെയുണ്ട്. നിന്റെ മകനെ എടുത്ത് പിടിക്ക്.
പറ്റാവുന്ന വേഗത്തില്‍ കൂടെ ഓട്…’ ഒബിന്ന പറഞ്ഞുതീരും മുന്നേ എവിടെന്നോ ഒരു വെടിയൊച്ച കേട്ടു. ഇക്കേ ചുക്കുവിനെ വാരിയെടുത്തുകൊണ്ട് അവള് അവര്‍ക്കൊപ്പം കുതിച്ചു.
നിര്‍ത്താതെ ഓടിയ രാത്രി മങ്ങി വെട്ടം വീണു തുടങ്ങിയപ്പോള്‍ ആണ് കൂടെയുള്ളവരെ കണ്ടത്. എല്ലാവര്ക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.
കരയാനോ ഒരു വാക്ക് ഉരുവിടാനോ നില്‍ക്കാതെ പകലിനെ രാത്രിയാക്കി മുന്നോട്ട് തന്നെ നടന്നു. കൂട്ടത്തില്‍ വെടിയേറ്റവരും വെട്ടേറ്റവരുമുണ്ടായിരുന്നു.
ചിലര്‍ അവസാന ശ്വാസം വരെ നടന്നും ഇഴഞ്ഞും നീങ്ങി ഒടുവില്‍ വീണുപിടഞ്ഞു. ചിലര്‍ മല കയറുന്നതിനിടയില്‍, ചിലര്‍ നദികടക്കുന്നതിനിടയില്, മറ്റുചിലര്‍ തളര്‍ന്നു തളര്ന്നങ്ങനെ.
മരണവേദന അനുഭവിച്ച് വീണ് വീണ് ഒടുവില്‍ റെഫ്യൂജി ക്യാമ്പിലെത്തി. ഇങ്കേച്ചിയെ കണ്ട് ഓടിവന്ന ക്യാമ്പിലെ സഹായിയോട് അവസാന ശ്വാസംപിടിച്ചുകൊണ്ട് അവള് പറഞ്ഞു.
‘ന്റെ മകന് ജീവനുണ്ട്. അവനെ രക്ഷിക്കണം.’ ഇങ്കേച്ചിയുടെ ശരീരം അവര്‍ക്ക് മുമ്പില്‍ വീണു.
‘ന്റെ മകനെ…’ തളര്‍ന്നു വീണ ശരീരത്തോടെ അവള് നിലത്തുകിടന്ന് വീണ്ടും പിറുപിറുത്തു. ക്യാമ്പിലെത്തിയതിന്റെ പിറ്റേന്ന് എല്ലാവര്ക്കും ജീവന് തിരികെ കിട്ടിയപോലെ തോന്നി.
ഗുസി സൂപ്പിനോട് സാമ്യമുള്ള എന്തോ കുടിക്കാനും കിട്ടിയിരുന്നു. മുറിവേറ്റയിടങ്ങളില്‍ മരുന്നുകള്‍ പുരട്ടിയും നെറ്റിയില്‍ കുരിശ് വരച്ച് പ്രാര്‍ത്ഥിക്കുവാനും ക്യാമ്പിലെ നടത്തിപ്പുകാര്‍ ഒപ്പം നിന്നു.
കുട്ടികളെ അവര്‍ ആകുന്നവിധം പരിചരിച്ചു. ഇസല്ല ഫിലി എന്നായിരുന്നു ഡോക്ടറുടെ പേര്.
അവരുടെ നാട് കാമെറൂണ്‍ ആയിരുന്നു. യുദ്ധം നാടിനെ ചുറ്റിവളഞ്ഞപ്പോള് സഹായത്തിനായി ഇവിടെ വന്നവരാണ് അവര്‍.
അവര്‍ക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു. വിശ്രമമില്ലാതെ അവര്‍ ക്യാമ്പില്‍ ഓടിനടന്നു.
കടുത്ത വേദനയിലും ഇസല്ല ചിരിച്ചിരുന്നു. യുദ്ധത്തില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയേക്കാള്‍ ഞെട്ടലായിരുന്നു ഇങ്കേച്ചിക്ക്.
ഓരോ നിമിഷവും മനുഷ്യര്‍ മരിച്ചുവീണു. എത്രയോ ഗ്രാമങ്ങള്‍, നഗരങ്ങള്‍ ചാരമായി മാറി.
യുദ്ധം മിന്നല്‍ വേഗത്തില്‍ ആണ് പാഞ്ഞുകൊണ്ടിരുന്നത്. ഇഗ്ബോ ഗോത്രത്തെ തന്നെ ഈ ലോകത്ത് നിന്ന് പിഴുതെറിയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഇതുവരെ കേള്‍ക്കാത്ത വാക്കുകള്‍ , വാര്‍ത്തകള്‍, പേരുകള്‍, കഥകള്‍ അവള് ക്യാമ്പിലെ മനുഷ്യര്‍ക്കിടയില്‍ കേട്ടു. അതിലൊന്നായിരുന്നു റേപ്പ്’ എന്ന വാക്ക്.
ഇസല്ലയുടെ സഹായി ഇയാനി സുക്കു ആണ് ആ വാക്ക് പരിചയപ്പെടുത്തിയത്. ‘റേപ്പ്..’ ആ വാക്ക് മാത്രം എല്ലാവരുടെയും നെഞ്ചില്‍ ആണിപോലെ തറച്ചുകേറി.’ ‘എങ്ങനെയാണ് ഇങ്ങനെയൊക്കെ പെരുമാറാന്‍ സാധിക്കുക.
മനുഷ്യര്‍ക്ക് എങ്ങനെ? അതും ഇത്രയും ക്രൂരമായി?’ ‘ക്രൂരത…, അവര്‍ തങ്ങളോട് ചെയ്തതിന് ആ വാക്ക് പറഞ്ഞാല്‍ മതിയോ. അല്ല, അതിന് പുതിയൊരു വാക്ക് തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
മുലയൂട്ടുന്ന സ്ത്രീകളുടെ മുലക്കണ്ണുകള്‍ അരിഞ്ഞുകളയുക, പെണ്‍കുട്ടികളെയടക്കം കൂട്ടമായി റേപ്പ് ചെയ്ത് കൊല്ലുക, കുഞ്ഞുങ്ങളെ അടുപ്പിലിട്ടും കുടിലിലിട്ടും ജീവനോടെ ഇട്ട് കത്തിക്കുക, പുരുഷന്മാരെ കെട്ടിയിട്ട് തല്ലി വേദനിപ്പിച്ചുകൊല്ലുക, ജീവനോടെ തന്നെ അവരുടെ വൃഷണങ്ങള്‍ മുറിച്ച് മാറ്റുക, തലകള്‍ വെട്ടിയെടുത്ത ശേഷം പ്രദര്‍ശിപ്പിക്കുക, ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഇരുമ്പുവടികള്‍, തോക്കിന്റെ അറ്റം, ഇരുമ്പുവാളുകള്‍ കയറ്റുക. ‘ഓഹ് എന്റെ ദൈവമേ നീ ഞങ്ങളുടെ വേദന കാണുന്നില്ലേ? അതോ കയ്യൊഴിഞ്ഞോ?’ വാവിട്ട് കരഞ്ഞുകൊണ്ട് ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ ക്യാമ്പിലെ ഒരമ്മ രാത്രികളില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
അവളുടെ മാനസികനില തെറ്റിയിരുന്നു. ഇസല്ല കൂടെ ഇരുന്ന് നെഞ്ചുതടവി ഉറക്കും വരെ അവള് അത് ആവര്‍ത്തിച്ചു.
അത് കേട്ട് ഇങ്കേച്ചി മിണ്ടാതെ കിടന്നു. 4 ‘മമ്മാ…’-ആറാം ദിവസം ഇക്കേ ചുക്കൂ വിളിച്ചു.
‘മ്മ്…..’ ഇങ്കേച്ചി മൂളി. അവളുടെ കണ്ണുകളില്‍ ചുവന്നൊഴുകി.
‘മമ്മാ… അവര്‍..അവര്‍..അവരിനി വരോ?’ (മറുപടിയില്ല). ‘മമ്മാ …..എന്തിനാ…എന്തിനാ അവര്‍ … നമ്മളെ…? അവര്‍…അവരിനി വരോ?’ ഇക്കേ ചുക്കൂ ഭയത്തോട് കൂടി വീണ്ടും ചോദിച്ചു.
‘മോനെ. നമ്മളോട് ഇന്നെ എന്താണ് പറഞ്ഞിരിക്കുന്നത്.
മോന് ഓര്‍മ്മയുണ്ടോ?’ ഇങ്കേച്ചി ഇക്കേ ചുക്കുവിന്റെ കാതില്‍ മെല്ലെ പറഞ്ഞു. പിതാവ് പറഞ്ഞത് പതുക്കെ ഓര്‍ത്തെടുത്തുകൊണ്ട് അവന് മൂളി.
‘മ്മ്… ‘ ‘എന്താ ഇന്നെ നമ്മളോട് പറയാറുള്ളത്…പറ…കേള്‍ക്കട്ടെ!’ ഇങ്കേച്ചി ആവര്‍ത്തിച്ചു. ‘ഏത് ഇരുട്ടിനേയും നീക്കി സൂര്യന്റെ വെളിച്ചം വരും.
ആ വെളിച്ചം ഒരു ശക്തിയാണ്. ശക്തി ദൈവമാണ്.
അത് നമുക്ക് വേണ്ടി കത്തും…വഴി കാട്ടും…’ ഇങ്കേച്ചി അവനെ ചേര്‍ത്ത് പിടിച്ചു. 5 ക്യാമ്പിലേക്ക് എവിടെ നിന്നൊക്കെയോ ആളുകള്‍ എത്താന്‍ തുടങ്ങി.
ചിലര്‍ കൊലവിളി നടത്തിയ സൈനികരുടെ കഥകള്‍ പറഞ്ഞു. പയ്യെ ഭീതി എങ്ങും പരന്നു.
അംഗസംഖ്യ കൂടിയപ്പോള്‍ ക്യാമ്പ് അതികഠിനമായ ദാരിദ്ര്യത്തിലേക്ക് മൂക്കുകുത്തി. ക്യാമ്പിലേക്ക് ഭക്ഷണവും മരുന്നും എത്തിച്ച സംഘത്തെ കാണാതായി.
അതിനിടയിലാണ് സപ്ലൈ റോഡുകള്‍ ഗവണ്മെന്റ് അടച്ചെന്ന വാര്‍ത്ത ഇസല്ല പറഞ്ഞത്. സപ്ലൈ റോഡുകള്‍ അടച്ചുപൂട്ടിയാല്‍ ഒളിവില്‍ കഴിയുന്നവരും ക്യാമ്പുകളില്‍ കഴിയുന്നവരും പട്ടിണികിടന്ന് മരിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.
എല്ലാവരും വീണുപോയപ്പോള്‍ ഇസല്ല പിടിച്ചുനില്ക്കാന് ശ്രമിച്ചു. പക്ഷെ കാമറൂണ്‍ മരുന്നുകളും ആഹാരവും എത്തിക്കുന്നത് തത്കാലികമായി നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തയും ബോര്‍ഡര്‍ അടച്ചുവെന്ന വാര്‍ത്തയും അവളെ നിശബ്ദയാക്കി.
പുതിയ വഴികള്‍ തേടി യാത്ര തിരിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിയ പകലില്‍ സൈന്യം ക്യാമ്പ് വളഞ്ഞു. പട്ടിണി കിടന്ന് ഒട്ടിയ വയറുകളെ ചവിട്ടിമെതിച്ചുകൊണ്ട് അവര്‍ കുതിച്ചു.
ഇസല്ലയെ കെട്ടിയിട്ട് ഒരു ജീവനോട് ചെയ്യാന്‍ പാടില്ലാത്തതൊക്കെ അവര്‍ ചെയ്തു. ക്യാമ്പ് നിന്ന് കത്തി.
ഇങ്കേച്ചിയടക്കമുള്ള എല്ലാവരെയും അവര്‍ പിടികൂടി. ‘ഇക്കേ ചുക്കൂ…പൊക്കോ…മോന് ഓടിരക്ഷപ്പെട്…’ ഇങ്കേച്ചി നിലവിളിച്ചു.
കരഞ്ഞുകൊണ്ട് ഇക്കേ ചുക്കൂ ഓടി. ആ ഓട്ടത്തിന് ബലം കുറവായിരുന്നു.
ആര്‍ക്കും അവനെ പിടികൂടാമായിരുന്നു. ആ ശരീരം പ്രാണനും കൊണ്ട് പായുന്നത് കണ്ടുചിരിച്ച സൈനീകരില്‍ ഒരുവന് ഇക്കേ ചുക്കുവിന്റെ നേരേ ബോംബെറിഞ്ഞു.
കുഞ്ഞുശരീരം പൊട്ടിത്തെറിച്ചു. ക്യാമ്പിലെ പാവങ്ങളെ കൊല്ലുന്നതിന് മുന്‍പ് സൈന്യം റേപ്പ് ചെയ്യുകയും ഇഗ്ബോ ഗോത്രത്തിലെ പാട്ടുകള്‍ പാടിപ്പിച്ച് നൃത്തം ചെയ്യിക്കുകയും ചെയ്തു.
ഉറ്റപ്പെട്ടവരെ നഷ്ടപ്പെട്ട് നീറുന്ന വേദനയില്‍ കുഞ്ഞുമക്കളെ ചുട്ടുക്കൊല്ലുമെന്ന ഭയത്തില്‍ നിറക്കണ്ണുകള്‍ ഒഴുക്കി അവര്‍ ആ ചെന്നായ്ക്കള്‍ക്ക് മുന്നില്‍ ആടിക്കൊണ്ടിരുന്നു. ഒടുവില്‍ ക്യാമ്പിലെ എല്ലാവരെയും കൊന്ന് രക്തമൊഴുക്കി കൂവിവിളിച്ച് അവര്‍ അതിവേഗം മുന്നോട്ട് പാഞ്ഞു.
ഭൂമി നിശ്ശബ്ദമായി. എങ്ങും ചുടുരക്തം.
ചാരം. കൂട്ടിയിട്ട
മൃതദേഹങ്ങള്‍. കത്തിത്തീര്‍ന്ന കുടിലുകള്‍.
പൂര്‍ണനഗ്നയായി തലയില്ലാതെ കൈകള്‍ ഇരുവശത്തും കെട്ടിയിട്ട നിലയില്‍ രക്തമൊഴുക്കി ക്രിസ്തുവിനെപ്പോലെ കുരിശ്ശില്‍ ഇസല്ല കിടന്നു.
പ്രതീക്ഷ നഷ്ടപ്പെട്ട കണ്ണുകള്‍ തുറന്ന് ഇങ്കേച്ചിയും മറ്റുവരും കിടന്നു.
പട്ടിണിാിടന്ന് അസുഖം ബാധിച്ച് വയറ് വീര്‍ത്തുപൊട്ടാറായ പച്ചയും ചുവപ്പും മലമൊഴുക്കി ചുരുണ്ടുവീണ കുഞ്ഞുങ്ങള്‍ കത്തിയെരിഞ്ഞുതീര്‍ന്നു. ആ കൂട്ടത്തിനിടയില്‍ കുറച്ച് ദൂരെ മാറി അരക്ക് കീഴെ ശൂന്യമായ ചത്ത ശരീരവുമായി ഇക്കേ ചുക്കു കിടന്നു.
അവന്റെ കണ്ണുകള്‍ പിടയ്ക്കുന്നുണ്ടായിരുന്നു. ‘മമ്മാ…’ അവസാനമായി ഒരു ശബ്ദം പുറത്തേക്ക് വീണു.
‘ഏത് ഇരുട്ടിനേയും നീക്കി സൂര്യന്റെ വെളിച്ചം വരും. ആ വെളിച്ചം ഒരു ശക്തിയാണ്.
ശക്തി ദൈവമാണ്… അത് നമുക്ക് വേണ്ടി കത്തും.വഴി കാട്ടും.’ പിതാവ് കാതില്‍ പറയുന്നതായി അവന് തോന്നി. അടയാന്‍ തുടങ്ങിയ കണ്ണ് അവന് തുറന്നു.
ആ കണ്ണുകളില്‍ സൂര്യന് കത്തി നിന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]