ജപ്പാനിൽ തീവ്ര വലതുപക്ഷ വിഭാഗമായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് സനയ് തകയ്ചിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന്റെ ആവേശത്തിൽ വൻ മുന്നേറ്റവുമായി ഓഹരി വിപണി. ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 4.75% നേട്ടവുമായി സർവകാല ഉയരമായ 47,944ൽ എത്തി.
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നേട്ടമാണ് തകയ്ചിക്ക് സ്വന്തമാകുന്നത്.
നിലവിൽ യുഎസിൽ നിന്നുള്ള കനത്ത താരിഫ്, ഉയർന്ന പണപ്പെരുപ്പം തുടങ്ങി വൻ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോവുകയാണ് ജപ്പാൻ. പ്രതിസന്ധികൾക്ക് തടയിടാൻ തകയ്ചിയുടെ നയങ്ങൾക്ക് കഴിയുമെന്ന വിലയിരുത്തലുകളാണ് ഓഹരികൾ ആഘോഷമാക്കിയത്.
കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാനോട് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായ പലിശനയം സ്വീകരിക്കാൻ തകയ്ചി ആവശ്യപ്പെട്ടേക്കും. പലിശനിരക്ക് കൂട്ടാനുള്ള ബാങ്കിന്റെ തീരുമാനത്തെ മുൻകാലങ്ങളിൽ അവർ ശക്തമായി എതിർത്തിരുന്നു.
ഷിഗേരു ഇഷിബ രാജിവച്ച ഒഴിവിലാണ് തകയ്ചിയെ തേടി പ്രധാനമന്ത്രി പദമെത്തിയത്.
മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നയങ്ങളെ പിന്തുടരുന്ന സമീപനവുമാകും തകയ്ചി സ്വീകരിക്കുക. ചൈനയുടെ നയങ്ങളുടെ കടുത്ത വിമർശകയും തായ്വാനോട് കൂറുപുലർത്തുന്നയാളുമാണ് തകയ്ചി.
ജപ്പാനും ചൈനയും തമ്മിലെ ബന്ധം തകയ്ചിയുടെ കീഴിൽ ഏത് ദിശയിലേക്കാകും നീങ്ങുകയെന്ന ആകാംക്ഷയും ഉയർന്നിട്ടുണ്ട്. തായ്വാൻ പ്രസിഡന്റ് ലായ് ചിങ്-തെ, തകയ്ചിയെ ‘തായ്വാന്റെ ഉറ്റ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് സാമൂഹിക മാധ്യമമായ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.
ജപ്പാന്റെ ധനമന്ത്രിയായിരിക്കേ, തകയ്ചി സ്വീകരിച്ച പല നിലപാടുകളും ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കും തലവേദനയുമായിരുന്നു.
ഇന്ത്യയിൽ ബാങ്കിങ് ആഘോഷം
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 40ലേറെ പോയിന്റ് താഴ്ന്ന് 25,000ന് താഴെയെത്തിയത് ആശങ്ക വിതച്ചെങ്കിലും, സെൻസെക്സും നിഫ്റ്റിയും നിലവിൽ വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. ഉച്ചയ്ക്കത്തെ സെഷനിൽ 609 പോയിന്റ് (+0.75%) നേട്ടവുമായി 81,816ലാണ് സെൻസെക്സുള്ളത്.
നിഫ്റ്റി 238 പോയിന്റ് (+0.74%) ഉയർന്ന് 25,076ലും.
മികച്ച സെപ്റ്റംബർപാദ ബിസിനസ് കണക്കുകൾ പുറത്തുവിടാനായതിനെ തുടർന്ന് ബാങ്കുകളുടെ ഓഹരികൾ കാഴ്ചവയ്ക്കുന്ന നേട്ടമാണ് സെൻസെക്സിനും നിഫ്റ്റിക്കും പ്രധാന കരുത്ത്. ജാപ്പനീസ് നിക്കേയ് ഉൾപ്പെടെ വിദേശ ഓഹരി സൂചികകൾ സ്വന്തമാക്കിയ നേട്ടവും ആവേശമായി.
സെൻസെക്സിൽ ടെക് മഹീന്ദ്ര 2.45% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. ടിസിഎസ് (+2.44%), കൊട്ടക് ബാങ്ക് (+2.32%), ബജാജ് ഫിനാൻസ് (+2.25%) സൊമാറ്റോ (+2.12%), ആക്സിസ് ബാങ്ക് (+2.00%), എച്ച്സിഎൽ ടെക് (+1.90%) തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത്.
ഐടി ഓഹരികളിലും മികച്ച വാങ്ങൽ ട്രെൻഡ് ദൃശ്യമാണ്.
ടാറ്റാ സ്റ്റീൽ ആണ് 1.70% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. അദാനി പോർട്സ് 1.42%, എൻടിപിസി 1.04%, പവർഗ്രിഡ് 0.90% എന്നിങ്ങനെയും താഴ്ന്നു.
ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിതി വിപണിമൂല്യം അഥവാ നിക്ഷേപക സമ്പത്ത് ഇന്നിതുവരെ ഒരുലക്ഷം കോടി രൂപയിലധികം ഉയർന്നിട്ടുണ്ട്.
വിശാല വിപണിയിൽ നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.19%, ഐടി 1.91%, ഹെൽത്ത്കെയർ 1.11%, ഫിനാൻഷ്യൽ സർവീസസ് 1.01% എന്നിങ്ങനെ ഉർന്ന് നേട്ടത്തിൽ മുന്നിലെത്തി. മെറ്റൽ 0.91%, മീഡിയ 0.71%, എഫ്എംസിജി 0.27% എന്നിങ്ങനെ താഴ്ന്നു.
പണലഭ്യത കൂട്ടാനുള്ള നടപടികളുമായി റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പണനയവും ബാങ്കിങ് ഓഹരികൾക്ക് നേട്ടമായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]