മല്ലപ്പള്ളി ∙ കോട്ടയം– കോഴഞ്ചേരി സംസ്ഥാനപാതയിൽ വൈദ്യുതി സബ്സ്റ്റേഷനു സമീപത്തെ വളവിൽ റോഡിൽ വീണുകിടക്കുന്ന ടെലിഫോൺ തൂൺ അപകടക്കെണിയായി. കഴിഞ്ഞദിവസം ഏതോ വാഹനമിടിച്ചാണ് തൂൺ വീണത്.
വർഷങ്ങൾക്കു മുൻപുതന്നെ ഉപയോഗമില്ലാതായ തൂണായിരുന്നു. വാഹനങ്ങൾക്ക് ഭീഷണിയായിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ നീക്കം ചെയ്യാൻ തയാറായിരുന്നില്ല.
ഇപ്പോൾ താഴെവീണു കിടക്കുന്നതിനാൽ രാത്രി പോകുന്ന വാഹനങ്ങൾക്ക് അപകടക്കെണിയാണ്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുന്ന ഇരുചക്രവാഹനക്കാരും അപകടഭീതിയിലാണ്.
കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ പലയിടങ്ങളിലും ഉപയോഗമില്ലാതെ സ്ഥിതിചെയ്യുന്ന ടെലിഫോൺ തൂണുകൾ ഏറെയാണ്.
മല്ലപ്പള്ളി-തിരുവല്ല, മല്ലപ്പള്ളി-ആനിക്കാട്, മല്ലപ്പള്ളി-റാന്നി എന്നീ റോഡുകളിലുമുള്ള ടെലിഫോൺ തൂണുകൾ വാഹനങ്ങൾക്ക് അപകടഭീതി സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. വർഷങ്ങൾക്കു മുൻപു തൂണിൽനിന്നു കേബിളുകൾ മാറ്റിയെങ്കിലും ഇവ നീക്കാനുള്ള നടപടികൾ ഇതുവരെയുമായില്ല.
പല പ്രദേശങ്ങളിലും തൂണുകൾ ചരിഞ്ഞു കിടക്കുന്നത് വാഹനയാത്രയ്ക്കു തടസ്സമാകുന്നതായി ഡ്രൈവർമാർ പറയുന്നു. വെണ്ണിക്കുളം കവലയിൽ ഇത്തരത്തിലുള്ള തൂൺ കാണാൻ കഴിയും.
വീതി കുറവായ ഗ്രാമീണ റോഡുകളിലും വാഹനയാത്രയ്ക്കു തടസ്സമായി തൂണുകൾ സ്ഥിതിചെയ്യുന്നു. വാഹനങ്ങൾക്കു ഭീഷണിയായി ഉപയോഗമില്ലാത്ത ടെലിഫോൺ തൂണുകൾ റോഡുവക്കുകളിൽനിന്നു നീക്കംചെയ്ത് വാഹനയാത്ര സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]