ചാത്തന്നൂർ ∙ ദേശീയപാത വികസനത്തെ തുടർന്നു തകർന്നു തരിപ്പണമായ ശീമാട്ടി ജംക്ഷൻ, കെഎസ്ആർടിസി ഡിപ്പോ ജംക്ഷൻ എന്നിവിടങ്ങളിലെ ഇടറോഡുകളിലൂടെ യാത്ര ദുസ്സഹമാകുന്നു. റോഡുകൾ കുഴികളായി മാറിയതിനാൽ വാഹനങ്ങൾക്കു സർവീസ് റോഡിലേക്കു കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയാണ്.
നിരന്തരം അപകടങ്ങളും ഉണ്ടാകുന്നു.രണ്ടു കൊല്ലത്തിലേറെയായി റോഡ് തകർന്നു കിടന്നിട്ടും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും മൗനം പാലിക്കുകയാണ്.
ശീമാട്ടി ജംക്ഷനിൽ ഏറെ തിരക്കേറിയ പാത ആരംഭിക്കുന്ന ഭാഗമാണു ദേശീയപാത വികസനത്തെ തുടർന്നു തകർന്നത്. മരക്കുളം, അടുതല, നടയ്ക്കൽ- ആറയിൽ റോഡുകൾ ആരംഭിക്കുന്ന ഭാഗമാണിത്.
ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയ്ക്ക് ഇവിടം കടന്നു പോകുക ബുദ്ധിമുട്ടാണ്. വാഹനങ്ങളുടെ അടിവശം നിരത്തിൽ ഇടിച്ചു തകരാർ സംഭവിക്കുന്നുണ്ട്.
ഇതു വാഹന ഉടമകൾക്കു വലിയ സാമ്പത്തിക നഷ്ടം വരുത്തുകയാണ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റിമറിയുന്നതും പതിവായി.
മഴ പെയ്താൽ യാത്ര അതികഠിനമാണ്.
കെഎസ്ആർടിസി ജംക്ഷനിൽ മേലേവിള റോഡ് ആരംഭിക്കുന്ന ഭാഗവും പൂർണമായും തകർന്നു കിടക്കുകയാണ്. ടാറിങ് കുത്തിയിളക്കിയതിനാല് ഇടറോഡിലെ മണ്ണ് ഒലിച്ചു കല്ലുകൾ തെളിഞ്ഞു നിൽക്കുകയാണ്.
സർവീസ് റോഡിനോട് ചേർന്നുള്ള ഓടകളുടെ സ്ലാബ് ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾക്കും കയറാനും ഇറങ്ങാനും കഴിയില്ല.
പ്രതിഷേധം നടത്തും
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ എൻഎച്ച് അതോറിറ്റി, കരാർ കമ്പനി ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി. കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയാണ്.
വെട്ടിപ്പൊളിച്ച റോഡുകൾ ഉടനടി സഞ്ചാരയോഗ്യമാക്കണമെന്നു മണ്ഡലം പ്രസിഡന്റ് ടി.എം. ഇക്ബാൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]