തിരുവനന്തപുരം ∙ മോഡൽ സ്കൂൾ ജംക്ഷൻ –തമ്പാനൂർ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കി അനധികൃതമായി പാർക്ക് ചെയ്യുന്ന ദീർഘദൂര സ്വകാര്യബസുകൾക്കെതിരെ നടപടിയെടുക്കില്ലെന്ന പിടിവാശിയിൽ പൊലീസ്. സ്വകാര്യ ബസുകളുടെ തോന്നുംപടിയുള്ള പാർക്കിങ് കാരണം ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല.
കുരുക്കഴിക്കാൻ റോഡിലിറങ്ങിയാൽ സ്വകാര്യബസുകൾക്ക് എതിരെ നടപടിയെടുക്കേണ്ടി വരുമെന്നതിനാലാണ് പൊലീസിന്റെ ഒളിച്ചോട്ടം.
ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വിളിച്ചറിയിക്കാൻ ശ്രമിച്ചാൽ പൊലീസ് സ്റ്റേഷനിലെ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും ആരോപണമുണ്ട്. സ്വകാര്യ ബസ് സർവീസുകൾ സംഗീതകോളജ്–നോർക്ക ജംക്ഷൻ റോഡിലേക്ക് മാറ്റിയാൽ പ്രശ്നം പരിഹരിക്കാം.
മേയർ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചെങ്കിലും പൊലീസ് ഇത് അട്ടിമറിച്ചു.
ഗതാഗതക്കുരുക്കിന് കാരണംതമ്പാനൂർ ഭാഗത്തെ കയ്യേറ്റം
തമ്പാനൂർ ഭാഗത്ത് റോഡിലെ കയ്യേറ്റമാണ് ഗതാഗതകുരുക്കിന് പ്രധാനകാരണം. തമ്പാനൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ അനുവദിച്ചതിലും അധികം സ്ഥലം കൈയ്യേറിയ സ്ഥാപനങ്ങളാണ് ഗതാഗതതടസ്സമുണ്ടാക്കുന്നത്.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്, കെഎസ്ആർടിസിക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റം കാരണം സ്റ്റാൻഡിനുള്ളിലൂടെ നടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് യാത്രക്കാർ പറയുന്നു.
3 മാസം മുൻപാണ് ബസ് നിർത്തിയിടുന്ന ഭാഗത്തൂടെ നടന്നുപോയ സ്ത്രീ അപകടത്തിൽപ്പെട്ട് മരിച്ചത്.
ബസിനും മതിലിനും ഇടയിൽ ഞെരുങ്ങിയായിരുന്നു മരണം. 24 മണിക്കൂറും തിരക്കുള്ള ഈ ഭാഗത്ത് കാൽ നടയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.
യാത്രക്കാർ നടന്നു പോകേണ്ട വഴിയിലാണു കടകളുടെ പുറത്തേക്കു കച്ചവട
സാധാനങ്ങൾ ഇറക്കി വച്ചിരിക്കുന്നത്. മുൻപ് അകത്ത് നിർത്തിയിരുന്ന ബസുകളിൽ പകുതിയും സ്റ്റാൻഡിനു പുറത്തും ആർഎംഎസിനു മുന്നിലുമായി നിർത്തിയിടുകയാണ്.
ഡിപ്പോയിൽ യാഡിലുൾപ്പെടെ ആകെ 75 ബസുകൾ നിർത്താനാണു സ്ഥലമുള്ളത്.
ഡിപ്പോയിൽ മാത്രം 170 ബസുകളുണ്ട്. ഇതിൽ 80 ബസുകൾ എപ്പോഴും ഡിപ്പോയിലുണ്ടാകും.
കൂടാതെ കേരളത്തിലെ 93 ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം ബസുകളും സെൻട്രൽ ഡിപ്പോയിലാണ് ട്രിപ്പ് അവസാനിക്കുന്നത്. രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 6 വരെയും ഗതാഗത കുരുക്ക് അതിന്റെ പാരമ്യത്തിലെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]