കാണ്‍പൂര്‍: ഓസ്ട്രേലിയ എ ടീമിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടി ഇന്ത്യ എയുടെ പ്രഭ്സിമ്രാന് സിംഗ്. 68 പന്തില്‍ 102 റണ്‍സ് നേടി പ്രഭ്സിമ്രാന് പുറത്തായി.
കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ 317 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തിട്ടുണ്ട്. റിയാന്‍ പരാഗ് (55), ശ്രേയസ് അയ്യര്‍ (62) എന്നിവരാണ് ക്രീസില്‍.
പ്രഭ്സിമ്രാന് പുറമെ അഭിഷേക് ശര്‍മ (22), തിലക് വര്‍മ (3) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് വേണ്ടി ക്യാപ്റ്റന്‍ ജാക്ക് എഡ്വേര്‍ഡ്സ് (80), ലിയാം സ്കോട്ട് (73), കൂപ്പര്‍ കൊനോലി (64) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആയുഷ് ബദോനിക്ക് രണ്ട് വിക്കറ്റുണ്ട്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. അഭിഷേക് ശര്‍മയെ (22) ഒരറ്റത്ത് നിര്‍ത്തി പ്രഭ്സിമ്രാന് ആക്രമണം അഴിച്ചുവിട്ടു.
83 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 12-ാം ഓവറില്‍ അഭിഷേക് മടങ്ങി.
മര്‍ഫിയുടെ പന്തില്‍ തന്‍വീര്‍ സംഗയ്ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഭിഷേഖ് ഗോള്‍ഡന്‍ ഡക്കായിരുന്നു.
പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മ ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി.
അധികം വൈകാതെ പ്രഭ്സിമ്രാന് സെഞ്ചുറി പൂര്‍ത്തിയാക്കി. 68 പന്തുകള്‍ നേരിട്ട
താരം ഏഴ് സിക്സും എട്ട് ഫോറും നേടി. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു.
തന്‍വീര്‍ സംഗയ്ക്കായിരുന്നു വിക്കറ്റ്. പരാഗ് – ശ്രേയസ് സഖ്യം ഇതുവരെ 121 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
നേരത്തെ, മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ കൂട്ടി തകര്‍ച്ച നേരിട്ടിരുന്നു ഓസീസ്. ഒരൂ ഘട്ടത്തില്‍ എട്ട് ഓവറില്‍ നാലിന് 44 എന്ന നിലയിലും പിന്നീട് 21 ഓവറില്‍ ആറിന് 135 എന്ന നിലയിലേക്കും വീണു.
22 റണ്‍സിനിടെ ഓപ്പണര്‍മാരായ മക്കെന്‍സി ഹാര്‍വി (7), ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക് (5) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രണ്ട് പേരേയും ര്‍ഷ്ദീപ് സിംഗാണ് പുറത്താക്കിയത്.
തുടര്‍ന്നെത്തിയ ഹാരി ഡിക്സണ്‍ (1), ലാച്ലാന് ഹിയേണ് (16) എന്നിവര്‍ക്കും ക്രീസില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ല. ഹര്‍ഷിത് റാണയാണ് ഇരുവരേയും മടക്കിയത്.
തുടര്‍ന്ന് കൊനോലി – ലാച്ലാന് ഷോ സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് കൂട്ടതകര്‍ച്ച ഒഴിവാക്കിയത്.
എന്നാല്‍ ഷോ നിശാന്ത് സിന്ധുവിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. കൊനോലി, ബദോനിയുടെ പന്തിലും പുറത്തായതോടെ ഓസീസ് ആറിന് 135 റണ്‍സെന്ന നിലയിലായി.
ഇന്ത്യക്ക് അവരെ 200 റണ്‍സിനുള്ളില്‍ ഒതുക്കാമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സ്കോട്ട് – എഡ്വേര്‍ഡ്സ് കൂട്ടുകെട്ട് പ്രതീക്ഷകളെല്ലാം പൊളിച്ചു.
ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 152 റണ്‍സാണ് നേടിയത്. ഇരുവരും 42-ാം ഓവര്‍ വരെ ക്രീസില്‍ തുടര്‍ന്നു.
സ്കോട്ടിനെ, ബദോനി മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ടോഡ് മര്‍ഫിക്ക് (2) തിളങ്ങാനായില്ല.
എഡ്വേര്‍ഡ്സ് 45-ാം ഓവറിലും മടങ്ങി. ഇതോടെ ഓസീസിന്റെ ഇന്നിംഗ്സിന് വേഗം കുറഞ്ഞു.
എങ്കിലും തന്‍വീര്‍ സംഗ (12) ടോം സ്ട്രേക്കര്‍ (പുറത്താവാതെ 6) സഖ്യം ഓസീസിനെ 300 കടത്തി. ഇരു ടീമുകളുടേയും പ്ലേയംഗ് ഇലവന് അറിയാം… ഇന്ത്യ: പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു, ആയുഷ് ബദോനി, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, ഗുര്‍ജപ്നീത് സിംഗ്.
ഓസ്ട്രേലിയ: മക്കെന്‍സി ഹാര്‍വി, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോനോലി, ഹാരി ഡിക്സണ്‍, ജാക്ക് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍), ലാച്ലാന് ഷാ, ലാച്ലാന് ഹിയേണ്, ലിയാം സ്കോട്ട്, ടോഡ് മര്‍ഫി, തന്‍വീര്‍ സംഗ, ടോം സ്ട്രേക്കര്‍. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]