ദില്ലി: ദീപാവലി ഉത്സവ സീസണിലെ യാത്രാത്തിരക്ക് മുന്നിൽക്കണ്ട് വിമാന ടിക്കറ്റ് നിരക്കുകളിലെ വർദ്ധനവ് നിയന്ത്രിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെടുന്നു. ടിക്കറ്റ് നിരക്കുകൾ അവലോകനം ചെയ്ത ഡിജിസിഎ, യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും നിരക്കുകൾ ന്യായമായ തലത്തിൽ നിലനിർത്താനും വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി.
പ്രധാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ നിരീക്ഷിച്ച ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി. ഉത്സവകാലത്ത് യാത്രക്കാർക്ക് അമിതഭാരമാകുന്ന തരത്തിൽ ടിക്കറ്റ് നിരക്ക് ഉയരാതിരിക്കാൻ വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തിയതായും ഡിജിസിഎ അറിയിച്ചു.
ഡിജിസിഎയുടെ നിർദ്ദേശത്തെ തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇൻഡിഗോ 42 റൂട്ടുകളിലായി 730 അധിക സർവീസുകൾ നടത്തും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ചേർന്ന് 20 റൂട്ടുകളിലായി 486 സർവീസുകളും സ്പൈസ്ജെറ്റ് 38 റൂട്ടുകളിലായി 546 അധിക സർവീസുകളും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്സവകാലത്ത് യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കാൻ വിമാന നിരക്കുകളിൽ കർശന നിരീക്ഷണം തുടരുമെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]