കാൺപൂർ: ഓസ്ട്രേലിയ എ ടീമിനെതിരായ നിർണ്ണായകമായ അവസാന ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 317 റൺസ് വിജയലക്ഷ്യം. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ, ക്യാപ്റ്റൻ ജാക്ക് എഡ്വേർഡ്സ് (80), ലിയാം സ്കോട്ട് (73), കൂപ്പർ കൊനോലി (64) എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ആയുഷ് ബദോനി രണ്ട് വിക്കറ്റ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പമായതിനാൽ ഇന്നത്തെ മത്സരം വിജയിക്കുന്നവർക്ക് പരമ്പര നേടാം.
മത്സരത്തിന്റെ തുടക്കത്തിൽ ഓസീസ് ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എട്ട് ഓവറിൽ 44 റൺസിന് നാല് വിക്കറ്റും, 21 ഓവറിൽ 135 റൺസിന് ആറ് വിക്കറ്റും നഷ്ടപ്പെട്ട് ഓസീസ് പതറി.
ഓപ്പണർമാരായ മക്കെൻസി ഹാർവി (7), ജെയ്ക്ക് ഫ്രേസർ മക്ഗൂർക്ക് (5) എന്നിവരെ അർഷ്ദീപ് സിംഗ് പുറത്താക്കി. പിന്നാലെ വന്ന ഹാരി ഡിക്സണെയും (1) ലാച്ലാൻ ഹിയേണിനെയും (16) ഹർഷിത് റാണ മടക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി.
അഞ്ചാം വിക്കറ്റിൽ കൊനോലിയും ലാച്ലാൻ ഷോയും ചേർന്ന് പടുത്തുയർത്തിയ 71 റൺസിൻ്റെ കൂട്ടുകെട്ടാണ് ഓസീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ, ഷോയെ നിഷാന്ത് സിന്ധുവും, കൊനോലിയെ ആയുഷ് ബദോനിയും പുറത്താക്കിയതോടെ ഓസീസ് വീണ്ടും 135/6 എന്ന നിലയിലേക്ക് വീണു.
200 റൺസിനുള്ളിൽ ഓസീസിനെ ഒതുക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകളെ തകർത്തത് ഏഴാം വിക്കറ്റിലെ സ്കോട്ട് – എഡ്വേർഡ്സ് സഖ്യമാണ്. 152 റൺസാണ് ഇരുവരും ചേർന്ന് ടീം സ്കോറിലേക്ക് ചേർത്തത്.
42-ാം ഓവറിൽ സ്കോട്ടിനെ ബദോനി പുറത്താക്കിയാണ് ഈ നിർണ്ണായക കൂട്ടുകെട്ട് ഇന്ത്യ പൊളിച്ചത്. തൊട്ടുപിന്നാലെ വന്ന ടോഡ് മർഫിക്ക് (2) തിളങ്ങാനായില്ല.
45-ാം ഓവറിൽ ക്യാപ്റ്റൻ എഡ്വേർഡ്സും മടങ്ങിയതോടെ ഓസീസിൻ്റെ സ്കോറിംഗ് വേഗത കുറഞ്ഞു. എന്നിരുന്നാലും, അവസാന ഓവറുകളിൽ തൻവീർ സംഗയും (12) ടോം സ്ട്രേക്കറും (6*) ചേർന്ന് ടീം സ്കോർ 300 കടത്തി.
ഇരു ടീമുകളുടെയും പ്ലേയിംഗ് ഇലവൻ താഴെ നൽകുന്നു. ഇന്ത്യ: പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു, ആയുഷ് ബദോനി, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, ഗുര്‍ജപ്നീത് സിംഗ്.
ഓസ്ട്രേലിയ: മക്കെന്‍സി ഹാര്‍വി, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോനോലി, ഹാരി ഡിക്സണ്‍, ജാക്ക് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍), ലാച്ലാന് ഷാ, ലാച്ലാന് ഹിയേണ്, ലിയാം സ്കോട്ട്, ടോഡ് മര്‍ഫി, തന്‍വീര്‍ സംഗ, ടോം സ്ട്രേക്കര്‍. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]