ഓണം ബംപര്‍ അടിച്ചില്ലല്ലോയെന്ന നിരാശയിലാണോ നിങ്ങൾ. ആ നിരാശ മറികടക്കാൻ ഒരു എളുപ്പമാർഗമുണ്ട്.
ലോട്ടറിയെടുക്കലിനെ ‘നിക്ഷേപം’ എന്നൊന്നു ചിന്തിച്ചു നോക്കൂ. എല്ലാ നിക്ഷേപങ്ങള്‍ക്കുമുള്ള പോലെ നഷ്ടസാധ്യതകള്‍ ഉണ്ടെന്നു മനസിലാക്കുകയും ചെയ്താല്‍, സമ്മാനം അടിച്ചില്ലല്ലോ എന്ന സങ്കടം മറികടക്കാം.
∙ നഷ്ടസാധ്യത നൂറു ശതമാനം
ഏതു ലോട്ടറി ടിക്കറ്റ് എടുക്കുമ്പോഴും അതിനായി മുടക്കിയ തുക ഏതാണ്ട് പൂര്‍ണമായിതന്നെ നഷ്ടമാകാന്‍ നൂറു ശതമാനത്തിനടുത്തു സാധ്യതയാണുള്ളത്.
അതേ സമയം ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം നഷ്ടപ്പെടാനുള്ള സാധ്യത ഇതിന്റെ എതിര്‍ദിശയിലുമാണ്. ലാഭസാധ്യത വര്‍ധിക്കും തോറും നഷ്ടസാധ്യതയും ഉയരും.
∙ ലോട്ടറി എടുക്കാം, പക്ഷേ
ലോട്ടറി എടുക്കുന്നതിനെ വലിയ തെറ്റായി കാണേണ്ടതില്ല. എന്നാല്‍ ഇത് ആസക്തിയുടെ തലത്തിലേക്കു നീങ്ങരുത്. മാസത്തില്‍ ഒരു ലോട്ടറി ടിക്കറ്റോ ഓണം, ക്രിസ്മസ് പോലെയുള്ള വിശേഷവേളകളിലെ ബംപറോ എടുക്കുന്നത് സന്തോഷം നല്‍കും.
ഭാഗ്യമുണ്ടെങ്കില്‍ സമ്മാനവും ലഭിക്കും. അതേക്കുറിച്ചു തമാശയ്ക്ക് ചില ദിവാസ്വപ്നങ്ങളും കാണാം.
അതിനപ്പുറം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാനുള്ള മാന്ത്രികവടിയായി ലോട്ടറിയെ കാണാന്‍ തുടങ്ങിയാല്‍ ഓര്‍ക്കുക, ലഹരി പോലുള്ള മറ്റൊരു അപകടകരമായ ആസക്തിയിലേക്കാണു നിങ്ങള്‍ പോകുന്നത്.
∙ അന്ധവിശ്വാസങ്ങള്‍ വഴി തെറ്റിക്കാം
ലോട്ടറി എന്നത് വെറും സാധ്യതയുടെ അടിസ്ഥാനത്തിലാണെന്നു മനസിലാക്കുകയാണു വേണ്ടത്. അല്ലാതെ ചില അബദ്ധജഡില കണക്കുകൂട്ടലുകള്‍ നടത്തി ഏതെങ്കിലും പ്രത്യേക നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതും മുന്‍പു സമ്മാനം ലഭിച്ച പരമ്പരകള്‍ തേടി നടക്കുന്നതുമെല്ലാം നിങ്ങള്‍ വെറുതെ ലോട്ടറി എടുക്കുന്നതിനും അപ്പുറമുള്ള പ്രശ്നങ്ങളിലേക്കു പോകുന്നു എന്നതിന്റെ തെളിവാണ്.
വിവിധ ജില്ലകളിലെ ലോട്ടറി ടിക്കറ്റുകള്‍ എടുക്കാനായി നെട്ടോട്ടമോടുന്നതും ഇതിന്റെ ഭാഗം തന്നെ.
∙ സാമ്പത്തിക ആസൂത്രണം ലോട്ടറിയുടെ അടിസ്ഥാനത്തില്‍ വേണ്ട
ലോട്ടറിയില്‍ ബംപര്‍ അല്ലെങ്കില്‍ രണ്ടാം സമ്മാനമെങ്കിലും ലഭിച്ചാല്‍ അതുപയോഗിച്ചു കടം വീട്ടുകയും മറ്റു സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാമെന്ന രീതിയിലുള്ള ചിന്തയേ അരുത്. നിങ്ങള്‍ യാഥാർഥ്യ ബോധത്തോടെ നടത്തുന്ന സാമ്പത്തിക ആസൂത്രണത്തെ പോലും വഴി തെറ്റിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ താളം തെറ്റാന്‍ ഇതു വഴിയൊരുക്കും.
ബംപറടിച്ചാല്‍ ഒരു വേള്‍ഡ് ടൂര്‍ പോകുന്നതിനെ കുറിച്ചോ വലിയ ചാരിറ്റി ചെയ്യുന്നതിനെ കുറിച്ചോ ഒക്കെ അല്പ സമയത്തേക്കു ദിവാസ്വപ്നം കാണാം. അത്തരം നൈമിഷികമായ ആഹ്ളാദങ്ങള്ക്കുള്ള ചെലവായി ടിക്കറ്റിനു മുടക്കുന്ന തുകയെ കണ്ടാല്‍ കുഴപ്പമില്ല.
അതിനപ്പുറത്തേക്കു പോകാതെ സൂക്ഷിക്കേണ്ടതു നിങ്ങളുടെ ചുമതലയാണ്. അതുപോലെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചാല്‍ തുടര്‍ന്ന് അതിരുകള്‍ ലംഘിച്ചു ടിക്കറ്റെടുക്കാന്‍ പണം ചെലവഴിക്കുന്നതും ഒഴിവാക്കണം.
∙ വൈവിധ്യവല്‍ക്കരണം ലോട്ടറിയിലൂടേയും
സാമ്പത്തിക ആസൂത്രണത്തില്‍ ഏറെ പ്രധാനപ്പെട്ട
ഒന്നാണല്ലോ വൈവിധ്യവല്‍ക്കരണം. ലോട്ടറിക്കായി ചെലവഴിക്കുന്ന തുകയെ ആ രീതിയില്‍ കണ്ടാല്‍ കുഴപ്പമില്ല.
ഒന്നോര്‍ക്കുക, നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്കുന്ന ഒറ്റമൂലിയല്ല ലോട്ടറി. അതിനെ കേവലം വിനോദമായി മാത്രം കണ്ട് ഒരു ഡിന്നറിനോ മറ്റോ ചെലവഴിക്കുന്ന അത്ര തുക മാത്രം പരമാവധി വിനിയോഗിക്കാവുന്ന മേഖലയായി കാണാന്‍ പഠിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]