ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ ഭിന്നത ഉടലെടുത്തിരിക്കുന്നത്. സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗം പ്രമേയം പാസാക്കി.
കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വ്യക്തിപരമായ നേട്ടങ്ങൾക്കായി സുകുമാരൻ നായർ എൻഎസ്എസിനെ ഇടതുപക്ഷത്തിന് അടിയറ വെച്ചുവെന്ന് പ്രമേയത്തിൽ രൂക്ഷവിമർശനമുണ്ട്.
എൻഎസ്എസിൻ്റെ അടിസ്ഥാന മൂല്യങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് പ്രമേയം പാസാക്കിയതെന്ന് കരയോഗം ഭാരവാഹികൾ വ്യക്തമാക്കി. സുകുമാരൻ നായരുടെ ഇടത് അനുകൂല നിലപാടിനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഈ പ്രമേയം.
വിശദീകരണ യോഗം മാറ്റി; സർക്കാർ അനുകൂല നിലപാടിൽ പ്രതിഷേധം ശക്തം അതേസമയം, ശബരിമല വിഷയത്തിൽ സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് വിശദീകരിക്കുന്നതിനായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിളിച്ചുചേർത്ത അടിയന്തര യോഗം മാറ്റിവെച്ചു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ചേരാനിരുന്ന താലൂക്ക് യൂണിയൻ പ്രസിഡൻ്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗമാണ് മാറ്റിയത്. ഭൂരിഭാഗം ഭാരവാഹികളും പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
ജനറൽ സെക്രട്ടറിയുടെ നിലപാടിനെതിരെ സംഘടനയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു വിശദീകരണ യോഗം വിളിച്ചത്. അയ്യപ്പ സംഗമത്തിലെ പിന്തുണയിൽ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ആഗോള അയ്യപ്പ സംഗമത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.
സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നല്ല കാര്യങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും ശബരിമലയുടെ വികസനം മുൻനിർത്തിയാണ് അയ്യപ്പ സംഗമത്തെ അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ അനാവശ്യമായി വിഷയം വഷളാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻഎസ്എസ് രാഷ്ട്രീയമായി സമദൂര നയം തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ നിലപാട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻഎസ്എസിന് ആവശ്യമില്ല.
മന്നത്ത് പത്മനാഭൻ ശക്തമായ അടിത്തറയുള്ള സംഘടനയാണ് രൂപീകരിച്ചിരിക്കുന്നത്. ചിലർ തൻ്റെ നെഞ്ചത്ത് കയറി നൃത്തം ചെയ്യുകയാണ്, എന്നാൽ കേരളത്തിലെ നായന്മാരുടെ നെഞ്ചത്ത് കയറി ആരും നൃത്തം ചെയ്യാമെന്ന് വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എൻഎസ്എസിനെ കമ്മ്യൂണിസ്റ്റോ കോൺഗ്രസോ ബിജെപിയോ ആക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും ചങ്ങനാശ്ശേരിയിൽ നടന്ന വിജയദശമി ആഘോഷ പരിപാടിയിൽ സംസാരിക്കവെ സുകുമാരൻ നായർ വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]