കഞ്ചിക്കോട്∙ ദേശീയപാത പുതുശ്ശേരിയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച ബൈക്ക്, കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി അപകടം. വിദ്യാർഥികളുടെ ബൈക്ക് പൂർണമായി കത്തിനശിച്ചു.
ബൈക്ക് പൊട്ടിത്തെറിച്ച് തീ ആളിപ്പടരും മുൻപേ വിദ്യാർഥികൾ റോഡിലേക്കു ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒൻപതരയോടെ പുതുശ്ശേരി കുരുടിക്കാട് സിഗ്നലിനു സമീപമാണ് അപകടം.
മൂന്നു പേർക്കു പരുക്കേറ്റു.
ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥികളും ബെംഗളൂരു സ്വദേശികളുമായ വസന്ത് (21), ശങ്കർ (22) എന്നിവർക്കും കല്ലേപ്പുള്ളി കുരുപ്പത്ത് വീട്ടിൽ സുജിത്തിനുമാണ് (30) പരുക്കേറ്റത്. സുജിത്തിനു കാലിനും തലയ്ക്കും ഗുരുതര പരുക്കുണ്ട്.
കോയമ്പത്തൂർ ഭാഗത്തേക്ക് അമിത വേഗത്തിൽ പോയ കാർ ആദ്യം സുജിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിനു പിന്നിലേക്കു ഇടിച്ചുകയറി.
ഈ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടി തീപിടിക്കുകയായിരുന്നു.
ഇതോടെ മിന്നൽ വേഗത്തിൽ വിദ്യാർഥികൾ ചാടി രക്ഷപ്പെട്ടു. അപകടത്തിനിടയാക്കിയ കാർ പിടികൂടാനായിട്ടില്ല.
ഇതു കോയമ്പത്തൂർ ഭാഗത്തേക്കാണ് പോയതെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാർ പിടികൂടാനുള്ള ശ്രമത്തിലാണെന്നും കസബ പൊലീസ് അറിയിച്ചു. കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
പരുക്ക് ഗുരുതരമായതിനാൽ സുജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കോളജ് വിദ്യാർഥികൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ഉൾപ്പെടുന്ന 12 അംഗ സംഘം 6 ബൈക്കുകളിലായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു.
ഇവർ വിനോദയാത്രയ്ക്കു ശേഷം മടങ്ങുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ എച്ച്.ഹർഷാദ്, സീനിയർ ഫയർ ഓഫിസർ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേന, ഹൈവേ പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]