പന്തളം ∙ ജില്ലയിലെ ആദ്യ പഞ്ചായത്ത് ലേണിങ് സെന്ററായി തിരഞ്ഞെടുക്കപ്പെട്ട തുമ്പമൺ പഞ്ചായത്തിൽ പഠനകേന്ദ്രം തുറന്നു.
കിലയുടെ സഹായത്തോടെ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ മുകൾനിലയിൽ നിർമിച്ച കേന്ദ്രം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പ്രവർത്തനമികവുകൾ കണ്ടുപഠിക്കാനവസരമൊരുക്കുന്നതാണ് പദ്ധതി.
സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകൾക്കും കേരളത്തിനു പുറത്തുനിന്നുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഇവിടെയെത്തി പഠനം നടത്താവുന്ന രീതിയിലാണ് ക്രമീകരണം.
സാമ്പത്തിക വികസനം, സാമൂഹിക നീതി, സേവന വിതരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള അവസരം നൽകുകയാണ് ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവരുടെ പ്രവർത്തന പരിചയങ്ങളും മികച്ച മാതൃകകളും പരസ്പരം കൈമാറാനും ഇത് വേദിയാകും.
പ്രായോഗിക പരിശീലനങ്ങളിലൂടെയും സന്ദർശനങ്ങളിലൂടെയും തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളുടെയും ജീവനക്കാരുടെയും കാര്യക്ഷമത വർധിപ്പിക്കുക, ഫലപ്രദമായ പ്രാദേശിക സ്വയംഭരണത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നിവയാണ് വിഭാവനം ചെയ്യുന്നത്.
പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് തോമസ് ടി.വർഗീസ്, സ്ഥിരസമിതി അധ്യക്ഷരായ ടി.എ.രാജേഷ്, ഗീതാറാവു, അംഗങ്ങളായ ജി.ഗിരീഷ് കുമാർ, കെ.സി.പവിത്രൻ, ഡപ്യൂട്ടി ഡയറക്ടർ പി.രാജേഷ് കുമാർ, കില റിസർച് അസോഷ്യേറ്റ് കെ.യു.സുകന്യ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]