കൂരാച്ചുണ്ട് ∙ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ ഇഞ്ചിക്കൃഷി മഞ്ഞളിപ്പു പിടിച്ചു വ്യാപകമായി നശിച്ചതോടെ കർഷകർക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. തുടർച്ചയായ മഴയും ഇഞ്ചിയുടെ ഇലകളിൽ ഈർപ്പം നിലനിൽക്കുന്നതും രോഗവ്യാപനത്തിനു കാരണമായി.
പൂവത്തുംചോലയിൽ കൃഷി ചെയ്ത എഴുതുകണ്ടി രാമകൃഷ്ണന്റെ ഇഞ്ചി പൂർണമായും നശിച്ചു. ഒരേക്കറിൽ 250 കിലോഗ്രാം കൃഷിയിറക്കിയ കർഷകന്റെ ഇഞ്ചിയിൽ രോഗബാധ കണ്ടപ്പോൾ തന്നെ കുമിൾനാശിനി തളിച്ചെങ്കിലും രക്ഷപ്പെട്ടില്ല.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.
കല്ലാനോട് തോണിക്കടവ് പുളിക്കൽ ആന്റണി, കോട്ടയിൽ സണ്ണി എന്നിവരുടെ കൃഷിയും നശിച്ചു. കരിയാത്തുംപാറ, കക്കയം, കാളങ്ങാലി, കേളോത്തുവയൽ, ശങ്കരവയൽ വട്ടച്ചിറ, എരപ്പാംതോട്, ഓഞ്ഞിൽ മേഖലകളിലും രോഗം വ്യാപിച്ചിട്ടുണ്ട്.
വീട്ടാവശ്യത്തിനു കൃഷി ചെയ്തവരുടെയും ഇഞ്ചി നിശ്ശേഷം നശിച്ചു. കുമിൾരോഗം വ്യാപിച്ചതാണു കൃഷി പൂർണമായും നശിക്കാൻ കാരണമായതെന്നു കർഷകർ പറയുന്നു. രോഗം പിടിപെട്ടശേഷം കർഷകർ മരുന്നുകൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
ചക്കിട്ടപാറ വനിത സൊസൈറ്റി കുരിശുംമൂട്ടിൽ ത്രേസ്യാമ്മയുടെ കൃഷിയിടത്തിലെ ഇഞ്ചിക്കൃഷിയും നശിച്ചു.
20 സെന്റോളം ഭൂമിയിൽ മഞ്ഞളിപ്പ് പിടിച്ച് ചെടി തകർന്നു. 25,000 രൂപയോളം നഷ്ടമുണ്ടായി.
പൂഴിത്തോട്ടിൽ കാര്യാവിൽ സേവ്യറിന്റെ കൃഷിയിടത്തിലെ ഇഞ്ചി മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു. രോഗം പെട്ടെന്നു തന്നെ വ്യാപിച്ച് ഇല നശിക്കുകയായിരുന്നുവെന്നു കർഷകൻ പറഞ്ഞു. കൃഷി നശിച്ച് വൻ നഷ്ടം സംഭവിച്ചവർക്ക് ധനസഹായം അനുവദിക്കാൻ കൃഷി വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
രോഗകാരണം പൈറുക്കുലേറിയ കുമിൾ
പൈറുക്കുലേറിയ എന്ന കുമിളാണു രോഗകാരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ഇലകളിൽ ആദ്യം പാടുകൾ രൂപപ്പെട്ടു പിന്നീട് മഞ്ഞളിപ്പ് പിടിപെടും. ഫംഗസ് വ്യാപനം വേഗത്തിലാകുന്നതോടെ ഇലകൾ ഉണങ്ങി വീഴുകയും ചെയ്യും.
പെട്ടെന്നു തന്നെ കൂടുതൽ ദൂരപരിധിയിലേക്ക് രോഗം വ്യാപിക്കും.
പ്രാഥമികതലത്തിൽ കുമിൾനാശിനി പ്രയോഗിക്കണം. 4 മാസത്തോളം പ്രായമായ ചെടികളിലാണു രോഗം വ്യാപിച്ചതായി കണ്ടത്.
വായു, വിത്ത്, ചെടികളുടെ അവശിഷ്ടങ്ങൾ എന്നിവയിലൂടെ കുമിൾ പടരുന്നതിനാൽ കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ഗവേഷകർ നിർദേശിക്കുന്നുണ്ട്.
വിത്ത് നടുന്നതിനു മുൻപ് പ്രൊപികോണോസോൾ, കർബെണ്ടാസിം, മാങ്കോസെബ്ബ് എന്നിവയിൽ ഏതെങ്കിലുമൊരു ലായനിയിൽ അര മണിക്കൂർ മുക്കി വയ്ക്കണം. പ്രൊപികോണോസോൾ കുമിൾനാശിനി സ്പ്രേ ചെയ്യുന്നതും രോഗസാധ്യത കുറയ്ക്കും.
ഇലകൾ മഞ്ഞ നിറമാകുന്നതിനു മുൻപു തന്നെ കുമിൾനാശിനി ഉപയോഗിക്കണം. രണ്ടാഴ്ച ഇടവേളകളിൽ കുമിൾനാശിനി ഉപയോഗിക്കണം.
രോഗബാധയുള്ള സ്ഥലങ്ങളിൽ താൽക്കാലികമായി ഇഞ്ചിക്കൃഷി ഒഴിവാക്കണമെന്നും കൃഷി വകുപ്പ് അധികൃതർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]