കോട്ടയം ∙ വീടിനെ മറച്ച് മരങ്ങളും ചെടികളും, മുറ്റം നിറയെ വള്ളിപ്പടർപ്പുകൾ, ഗേറ്റിനു മറയായി വീടിനു പുറത്ത് അലങ്കാരച്ചെടികൾ. ഒറ്റനോട്ടത്തിൽ മതിലുകെട്ടിയ വനം.
അതാണ് കാണക്കാരിയിലെ കപ്പടക്കുന്നേൽ വീട്. ഏറ്റുമാനൂർ കുറവിലങ്ങാട് റോഡിൽ രത്നഗിരി പള്ളിക്ക് സമീപം അൽഫോൻസാ സ്കൂളിനോട് ചേർന്ന് റോഡരികിലാണ് ഇരുനില വീട്.
പുരയിടത്തിന്റെ ഇരുവശങ്ങളിലും റോഡുകളുള്ള കണ്ണായ സ്ഥലം.
വലിയ മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നതിനാൽ അവിടെയൊരു വീട് ഉണ്ടെന്ന് പെട്ടെന്നാർക്കും തിരിച്ചറിയാനാവില്ല. കാട് വെട്ടിത്തെളിക്കാനോ പരിസരം വൃത്തിയാക്കാനോ സാം അനുവദിക്കാറില്ല.
അയൽവാസികളോ ബന്ധുക്കളോ വീട്ടിൽ വരുമായിരുന്നില്ല. നാട്ടിൽ സാമിന് സുഹൃത്തുക്കളുമില്ല.
സിറ്റൗട്ടിൽ വച്ച് മൽപിടിത്തം ഉണ്ടായിട്ടും കൊലപാതകം തന്നെ നടന്നിട്ടും പുറത്താരും അറിഞ്ഞില്ല.
സാം തെറ്റിദ്ധരിപ്പിച്ചെന്ന് ഇറാനിയൻ യുവതി ‘വിവാഹിതനാണെന്ന് അറിഞ്ഞത് അറസ്റ്റിലായപ്പോൾ’
കോട്ടയം ∙ സാം കെ.ജോർജ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് ഒപ്പമുണ്ടായിരുന്ന ഇറാനിയൻ യുവതി അറിഞ്ഞത് പൊലീസ് പിടിയിലായപ്പോൾ മാത്രം. കൊലപാതകത്തിനിടെ സാമിന്റെ കൈത്തണ്ടയിൽ പറ്റിയ മുറിവിനെപ്പറ്റി തിരക്കിയപ്പോൾ പൂച്ച മാന്തിയതാണെന്നാണ് പറഞ്ഞതെന്നും യുവതി പൊലീസിനോടു പറഞ്ഞു.
എംജി സർവകലാശാലാ ക്യാംപസിൽ എംടിടിഎം (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്) കോഴ്സിനാണ് യുവതി ആദ്യം അപേക്ഷ നൽകിയത്. എന്നാൽ ഇവിടെ യോഗ കോഴ്സ് പഠിച്ചിരുന്ന സാമാണ് ടെഹ്റാൻ സന്ദർശന വേളയിൽ യുവതിയെ യോഗയ്ക്കു ചേരാൻ പ്രേരിപ്പിച്ചത്.
എംടിടിഎം കോഴ്സിന് തലേവർഷം ചേർന്ന സാം അതു പൂർത്തിയാക്കാതെ യോഗയുടെ ഹ്രസ്വകാല കോഴ്സിന് ഇവിടെ ചേർന്നു.
അതിനാലാണ് യുവതിയെയും അതേ കോഴ്സിന് ചേരാൻ പ്രേരിപ്പിച്ചത്. ട്രാവൽ കോഴ്സിൽ സഹപാഠിയായിരുന്ന ഇറാൻകാരനുമായി ചങ്ങാത്തം സ്ഥാപിച്ചാണ് ഈ വർഷം ആദ്യം സാം ടെഹ്റാനിൽ പോയതും അവിടെ വച്ച് യുവതിയെ കണ്ടതും.യോഗ കോഴ്സിന് ചേരാനെത്തിയ യുവതിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ കോഴ്സ് കോഓർഡിനേറ്റർക്കൊപ്പം സാമും പോയിരുന്നു.
സാമിന്റെ വീട്ടിൽ മുകളിലത്തെ നിലയിലും താൻ താമസിച്ചിട്ടുണ്ടെന്ന് യുവതി പൊലീസിനോടു പറഞ്ഞു.
മുൻ ജീവിതപങ്കാളിയാണ് ജെസി എന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. ഒരിക്കൽ ഇരുവരും കലഹിക്കുന്നത് കണ്ടപ്പോഴാണ് യുവതി അവിടുന്ന് താമസം മാറിയത്.
മൈസൂരിൽ ദസറ ആഘോഷം കാണാൻ പോകാമെന്ന് പറഞ്ഞ് സാമാണ് ആദ്യം ബെംഗളുരുവിലേക്കും പിന്നീട് മൈസൂരുവിലേക്കും കൊണ്ടുപോയതെന്നും യുവതി പൊലീസിനോടു പറഞ്ഞു. മൈസൂരുവിൽ സാം പിടിയിലായപ്പോഴും യുവതിക്ക് കാര്യം മനസ്സിലായില്ല.
സാമിന്റെ ഭാര്യയെ കാണാനില്ലെന്നും അതിനാലാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നും അറിയിച്ചപ്പോഴാണ് വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. സർവകലാശാലയിൽ പതിവായി എത്താറുണ്ടായിരുന്ന സാം അവിടെ ജിമ്മിൽ ഇൻസ്ട്രക്ടറാണ് എന്നാണ് പലരോടും പറഞ്ഞിരുന്നത്.‘ആരെയും അത്ര വിശ്വസിക്കരുതെന്നാണ് ഇങ്ങോട്ടു പോരുമ്പോൾ കിട്ടിയ ഉപദേശം.
നേരത്തേ മുതൽ പരിചയമായതു കൊണ്ട് സാമിനെ വിശ്വസിക്കാമെന്ന് ടെഹ്റാനിൽ വച്ച് സുഹൃത്തു പറഞ്ഞു. അതുകൊണ്ട് എല്ലാത്തിനും അയാളെ ആശ്രയിച്ചു.
എന്നാലിപ്പോൾ അയാൾ തന്നെ വലിയ പ്രശ്നക്കാരനായി’- യുവതി പൊലീസിനോടു പറഞ്ഞു.
കൈക്കലാക്കിയത് ജെസിയുടെ പണംകൊണ്ട് വാങ്ങിയ വീട്
കോട്ടയം ∙ സ്വന്തം വീട്ടിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് ജെസി കാണക്കാരിയിൽ 20 സെന്റ് സ്ഥലവും വീടും 2005ൽ വാങ്ങുന്നത്. ഈ വീട് പുതുക്കിപ്പണിയാൻ പിന്നീട് ഒരു കോടിയിലേറെ രൂപ ചെലവായി.
തനിക്ക് ജോലി ഉള്ളതിനാൽ വായ്പ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സാം ഈ സ്ഥലം സ്വന്തം പേരിൽ റജിസ്ട്രേഷൻ നടത്തി. ജെസിയുടെ കുടുംബം പ്രതിഷേധിച്ചപ്പോൾ ‘സ്ഥലം വാങ്ങാനുള്ള പണവുമായി ജെസി വരും’ എന്ന് കരാറിൽ എഴുതിച്ചേർത്തു.
കല്യാണ സമയത്ത് ജെസിയുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ജിദ്ദയിൽ കെജി സ്കൂൾ നടത്തിയതിൽ നിന്ന് ജെസിക്ക് ഓരോ മാസവും ലഭിച്ചിരുന്ന വരുമാനവും സാമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ 2015ൽ തനിക്കും ഇളയ മകനും സംരക്ഷണവും ജീവനാംശവും ആവശ്യപ്പെട്ട് ജെസി പാലാ കോടതിയിലെത്തി. സാം ഓരോ മാസവും 5000 രൂപ വീതം ഇരുവർക്കും നൽകാൻ കോടതി വിധിച്ചു.
3 വർഷം കഴിഞ്ഞപ്പോൾ മകൻ പ്രായപൂർത്തിയായി. ഇരുവർക്കുമുള്ള ജീവനാംശം കുറച്ചു മാത്രം നൽകി.
തനിക്ക് ലഭിക്കാനുള്ള 3.10 ലക്ഷം രൂപയ്ക്കായി ജെസി കോടതിയെ സമീപിച്ചു.പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാൻ കോടതിയും ശ്രമിച്ചിരുന്നു. ഇരുവരെയും ഒരു വീട്ടിൽ താമസിപ്പിക്കാം എന്ന ലക്ഷ്യത്തോടെ കോടതിയാണ് വീടിന്റെ ഒന്നാം നിലയിലേക്ക് സാമിന് പ്രവേശിക്കാനായി വീടിനു പുറത്തുകൂടി ഗോവണി എന്ന നിർദേശം വച്ചത്.
കോടതിയിൽ സ്വയം വാദം
കോട്ടയം ∙ പാലാ മജിസ്ട്രേട്ട് കോടതിയിൽ സാം സ്വയമാണ് കേസ് വാദിച്ചിരുന്നത്.
കോടതിയിലെ സ്വന്തം വാദം പരിധിവിട്ടപ്പോൾ അഭിഭാഷകരെ വയ്ക്കണമെന്നു കോടതി നിർദേശിച്ചെങ്കിലും കേൾക്കാൻ സാം തയാറായില്ല. ആദ്യഘട്ടത്തിൽ സാം അഭിഭാഷകരെ വച്ചിരുന്നു.
സാമുമായി ഒത്തുപോകാൻ പറ്റാതെ വന്നതോടെ അഭിഭാഷകർ പിൻവാങ്ങുകയായിരുന്നു.
സാം പ്രണയാഭ്യർഥന നടത്തി; വീട്ടുകാരെ അവഗണിച്ച് താലികെട്ടി
∙ പ്ലസ്വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസി ആദ്യമായി സാമിനെ കണ്ടത്. സാമിന്റെ പ്രണയാഭ്യർഥനയോടെയാണ് ആ ബന്ധം ശക്തമായത്.
ജെസിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. 1994ൽ ബെംഗളൂരുവിലെ വിവേക് നഗറിൽ വച്ചായിരുന്നു ഇരുവരും മാത്രമായ വിവാഹച്ചടങ്ങ്.
താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ ചെയ്യുകയോ മറ്റ് നടപടികൾ പൂർത്തിയാക്കുകയോ ചെയ്തില്ല. ഈ സമയം മുൻ ബന്ധത്തിൽ സാമിന് ഒരു കുട്ടിയുണ്ടായിരുന്നു.
വിവാഹശേഷം ഈ കുട്ടിയെയും ജെസി സ്വന്തം പോലെ വളർത്തി. പിന്നീട് രണ്ടു കുട്ടികൾ കൂടി ഇവർക്കുണ്ടായി.
മറ്റു സ്ത്രീകളുമായി സാമിന്റെ ബന്ധം ജെസി അറിഞ്ഞതോടെയാണ് വഴക്ക് തുടങ്ങിയത്.
2005 വരെ കുടുംബം സൗദിയിലെ ജിദ്ദയിൽ ആയിരുന്നു. കുടുംബ പ്രശ്നങ്ങളൊന്നും മറ്റുള്ളവരെ അറിയിക്കുന്ന സ്വഭാവം ജെസിക്ക് ഇല്ലാതിരുന്നതിനാൽ ഇത്തരം തർക്കങ്ങൾ ആരും അറിഞ്ഞിരുന്നില്ല. 2005ൽ ജെസി നാട്ടിൽ കാണക്കാരിയിലേക്ക് വന്നെങ്കിലും സാം വിദേശത്ത് തുടർന്നു.
വിദേശ വനിതകളെ സാം വീട്ടിലെത്തിച്ച് താമസിപ്പിക്കുന്നുണ്ടെന്ന് ജെസി പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. സാമിന്റെ കുടുംബവും സുഹൃത്തുക്കളും ജെസിയുടെ കുടുംബവും നൽകിയ പിന്തുണയിലാണ് മക്കളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവുകളും കഴിഞ്ഞു പോന്നിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

