പുൽപള്ളി ∙ സർവീസ് സഹകരണബാങ്കിൽ വായ്പ തട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ മടക്കിനൽകുക, കടക്കെണിമൂലം ജീവനൊടുക്കിയ രാജേന്ദ്രൻ നായരുടെ കുടുംബത്തിനു നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമരസമിതി ബാങ്കിനുമുന്നിൽ സമരം ആരംഭിച്ചു.
വ്യാജരേഖകൾ ചമച്ച് വായ്പ തട്ടിപ്പു നടത്തിയവരെ ശിക്ഷിക്കണമെന്നും തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണം നീതിപൂർവമല്ലെന്നും അനാവശ്യ കാലതാമസം വരുത്തുന്നുണ്ടെന്നും ആരോപിച്ചു.
സിപിഐ എംഎൽ ജില്ലാസെക്രട്ടറി എ.എൻ.സലിം കുമാർ ഉദ്ഘാടനം ചെയ്തു.
സി.ജി.ജയപ്രകാശ്, പി.ആർ.അജയകുമാർ, വി.എസ്.ചാക്കോ, എൻ.സത്യാനന്ദൻ, പറമ്പക്കാട്ട് ദാനിയേൽ എന്നിവർ പ്രസംഗിച്ചു.രാജേന്ദ്രൻനായരുടെ കുടുംബവും ബാങ്കിനുമുന്നിൽ സത്യഗ്രഹം ആരംഭിച്ചു.ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കേളക്കവല സ്വദേശി രാജേന്ദ്രൻ നായരുടെ പിതാവ് കിഴക്കെ ഇടയിലാത്ത് ശ്രീധരൻ നായരെ (95) സമരക്കാർ ബാങ്കിനു മുന്നിലെത്തിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. കിടപ്പാടത്തിന്റെ രേഖ മടക്കി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കുടുംബവും സമരക്കാരും.
കിടപ്പുരോഗിയായ ശ്രീധരൻനായരെ ബാങ്കിന്റെ താഴത്തെ നിലയിൽ തറയിൽ കിടക്കയിൽ കിടത്തിയിരിക്കുകയാണ്.
2017 മുതലുള്ള വായ്പയും പലിശയുമായി 60 ലക്ഷത്തോളം രൂപ രാജേന്ദ്രൻ നായർക്കു ബാങ്കിൽ കുടിശികയുണ്ട്. സർച്ചാർജ് ഉത്തരവ് നടപ്പാക്കാൻ ബാങ്ക് ഭരണസമിതി തയാറാവുന്നില്ലെന്നും രാജേന്ദ്രൻനായുടെ വായ്പാതുക കൊല്ലപ്പള്ളിൽ സജീവന്റെ അക്കൗണ്ടിലേക്കാണു പോയതെന്ന് അന്വേഷണസംഘം കണ്ടെത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
രാജേന്ദ്രൻ നായരുടെ കട ബാധ്യതകൾ സർക്കാർ ഏറ്റെടുക്കുമെന്നും ആശ്രിതർക്ക് ജോലി നൽകുമെന്നും കുടുംബത്തിനു ധനസഹായം നൽകുമെന്നും ബത്തേരി തഹസിൽദാർ രേഖാമൂലം ഉറപ്പുനൽകിയിരുന്നു.
എന്നാൽ ആരുംതിരഞ്ഞുനോക്കാത്ത അവസ്ഥയിലാണു കുടുംബമെന്ന് ഭാര്യ ജലജ പറയുന്നു. രണ്ടരവർഷം കാത്തിരുന്നിട്ടും തീരുമാനമാകാത്തതിനാലാണ് നീതിതേടി ബാങ്കിനു മുന്നിലെത്തിയതെന്നും അവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]