രാമനാട്ടുകര∙ പൊറ്റപ്പടിയിൽ നിയന്ത്രണംവിട്ട് ദേശീയപാത സർവീസ് റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ചു മറിഞ്ഞ മിനി പിക്കപ് വാനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷിച്ചു. പരുക്കേറ്റ ഡ്രൈവർ ബേപ്പൂർ നടുവട്ടം പിവി ഹൗസിൽ സുനിയെ(52) ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടക്കുറുംബ റോഡിനു സമീപം ഉച്ചയ്ക്ക് 1.15നാണ് അപകടം.
പാറമ്മലിലെ ഗോഡൗണിൽ നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പെയ്ന്റ് സാമഗ്രികളുമായി എത്തിയ പിക്കപ് വാനാണ് നടപ്പാതയിലെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും വൈദ്യുതലൈൻ വാഹനത്തിലേക്ക് പതിച്ചതിനാൽ ആശങ്ക സൃഷ്ടിച്ചു.
കെഎസ്ഇബി ജീവനക്കാർ എത്തി ലൈൻ ഓഫാക്കി.
നാട്ടുകാർ വാഹനം ഉയർത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കാൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാനായില്ല. വിവരം മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചു.
സ്റ്റേഷൻ ഓഫിസർ സി.കെ.മുരളീധരൻ, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.
വാൻ അമിത വേഗത്തിലാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സർവീസ് റോഡിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരനും 2 വിദ്യാർഥികളും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
വാഹനത്തിലെ പെയ്ന്റ് കന്നാസുകൾ പൊട്ടി റോഡിൽ പരന്നു. വിവരം അറിഞ്ഞു ഫറോക്ക് എസ്ഐ റാം മോഹൻ റോയ്, ഹൈവേ പൊലീസ് എസ്ഐ കെ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]