ഓയൂർ ∙ എൽഡിഎഫും യുഡിഎഫുമായി 3 പ്രസിഡന്റുമാർ ഭരണം നടത്തിയ അപൂർവ പഞ്ചായത്തുകളിൽ ഒന്നാണ് പൂയപ്പള്ളി. ആദ്യ ടേം സിപിഐയിലെ ജെസി റോയിയും രണ്ടാമത്തെ ടേം സിപിഎമ്മിലെ വി.സരിതയും പ്രസിഡന്റായി ഏകദേശം 4 വർഷക്കാലം ഭരിച്ചു.
അതിനിടയിൽ കാഞ്ഞിരംപാറ വാർഡിലെ പഞ്ചായത്തംഗം ആതിരയ്ക്ക് സർക്കാർ ജോലി ലഭിച്ചതോടെ രാജിവച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് വന്നു. യുഡിഎഫ് ജയിച്ചതോടെ കോൺഗ്രസിനു 8 അംഗങ്ങളുടെ പിൻബലം ലഭിച്ചു.
അവിശ്വാസത്തിൽ കോൺഗ്രസിലെ ഒരംഗം എൽഡിഎഫിനു അനുകൂലമായി നിന്നതോടെ തുല്യം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലോടെ കോൺഗ്രസിലെ എസ്.മായ പ്രസിഡന്റായി.
വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലോടെ എൽഡിഎഫിനും ലഭിച്ചു. തുടർന്ന വന്ന യുഡിഎഫ് ഭരണകാലത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയതായി യുഡിഎഫും എന്നാൽ എൽഡിഎഫ് കൊണ്ടുവന്ന പദ്ധതികൾ പൂർത്തീകരിച്ചതല്ലാതെ പുതിയതായി ഒന്നും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് എൽഡിഎഫും അവകാശപ്പെടുന്നു.
എല്ലാവരെയും ഒപ്പം നിർത്തി യുഡിഎഫിന്റെ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടു വരാൻ കഴിഞ്ഞതായി പ്രസിഡന്റ് എസ്.മായ അവകാശപ്പെട്ടു. പഞ്ചായത്ത് ഓഫിസിലും ട്രഷറിയിലും ഹോമിയോ ആയുർവേദ ആശുപത്രികളിൽ എത്തുന്ന വയോജനങ്ങൾക്കായി വയോജന സൗഹൃദകേന്ദ്രം സ്ഥാപിച്ചു.
കുടുംബശ്രീ ഓഫിസ് നവീകരിച്ചു. സ്റ്റേഡിയത്തിന്റെ നിർമാണം, കുടുംബാരോഗ്യ കേന്ദ്രത്തിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ്, ആരോഗ്യ രംഗത്ത് സ്മാർട്ട് കാർഡ്, ലാബ് ഫെസിലിറ്റീസ്, ഇ ഹെൽത്ത് സൗകര്യം, കുടുംബാരോഗ്യകേന്ദ്രത്തിലെ കോൺഫറൻസ് ഹാൾ നവീകരണം, ഈവനിങ് ഒപി, തൈറോയ്ഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ലാബ് ടെസ്റ്റുകൾ ആരംഭിച്ചതെല്ലാം നേട്ടങ്ങളാണ്.
മാലിന്യമുക്ത കേരളത്തിനായും ജനസുരക്ഷയ്ക്കും വേണ്ടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി സ്ഥാപിച്ചു.
എൽഡിഎഫിന്റെ 4 വർഷത്തെ ഭരണം പൂയപ്പള്ളി പഞ്ചായത്തിൽ മുൻപ് എങ്ങും ഇല്ലാത്ത തരത്തിലെ വികസന പ്രവർത്തനങ്ങൾ കൊണ്ടു വന്നതായി അവർ പറയുന്നു. മരുതമൺപള്ളിയിലെ ആരോഗ്യകേന്ദ്രത്തെ നവീകരിച്ചു കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റി.
ആരോഗ്യ സബ് സെന്ററുകളുടെ വികസനം, പൂയപ്പള്ളി പഞ്ചായത്ത് ഓഫിസിനു സമീപം പാർക്കിങ് ഗ്രൗണ്ട് സ്ഥാപിച്ചതെല്ലാം എൽഡിഎഫ് ഭരണ നേട്ടങ്ങളാണ്. നാൽക്കവലയിൽ ഹരിതകർമസേനയുടെ എംസിഎഫ് കെട്ടിടം നവീകരിച്ചു. പൂയപ്പള്ളി കൃഷിഭവന് സ്വന്തമായി കെട്ടിടം നിർമിച്ചു. വാർഡ് തലത്തിൽ മിനി എംഎസിഎഫ് നിർമിച്ചു.
പഞ്ചായത്ത് ഓഫിസിന് ചുറ്റുമതിൽ നിർമിച്ചതും പ്രധാനപ്പെട്ട റോഡുകളുടെ നവീകരണവും ആയുർവേദ ഹോമിയോ ആശുപത്രിയുടെ കെട്ടിട
നവീകരണം എന്നിവയെല്ലാം എൽഡിഎഫിന്റെ ഭരണ നേട്ടങ്ങളാണ്.
“4 വർഷത്തെ വികസന മുരടിപ്പിന് ശേഷം ഭരണമാറ്റത്തിലൂടെ അധികാരത്തിൽ വന്ന യുഡിഎഫ് 1 വർഷം കൊണ്ടു സമസ്തമേഖലകളിലും വികസനമെത്തിക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടമായി കാണുന്നത്.”
എസ്.മായ (പ്രസിഡന്റ് പൂയപ്പള്ളി പഞ്ചായത്ത്–യുഡിഎഫ്)
“വികസന പ്രവർത്തനങ്ങൾ പനടപ്പാക്കിയത് എൽഡിഎഫ് പ്രസിഡന്റുമാരുടെ ഭരണ കാലഘട്ടത്തിലാണ്. പഞ്ചായത്ത് പാർക്കിങ് ഗ്രൗണ്ട്, കൃഷി ഓഫിസ് കെട്ടിടം, പഞ്ചായത്തിന്റെ ചുറ്റുമതിൽ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്.”
ടി.ബി.ജയൻ (ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ–എൽഡിഎഫ്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]