തിരുവനന്തപുരം ∙ മോഡൽ സ്കൂൾ ജംക്ഷൻ– തമ്പാനൂർ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കി അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന ദീർഘ ദൂര സ്വകാര്യ സർവീസുകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനും മോട്ടർ വാഹന വകുപ്പിനും മുട്ടിടി. സ്വന്തമായി പാർക്കിങ് സ്ഥലമുള്ള സ്വകാര്യ സർവീസുകൾ പോലും റോഡിന്റെ വശത്ത് ദീർഘ നേരം പാർക്ക് ചെയ്താണ് ആളെ കയറ്റുന്നത്.
സ്വകാര്യ സർവീസുകൾ സംഗീത കോളജ്– നോർക്ക ജംക്ഷൻ റോഡിലേക്ക് മാറ്റാൻ മേയർ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചെങ്കിലും നടപ്പാക്കാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് ആരോപണം.രാവിലെയും വൈകിട്ട് 4 മുതലും ആണ് റോഡ് കയ്യടക്കി ദീർഘദൂര ബസുകൾ പാർക്ക് ചെയ്യുന്നത്.
6 ന് സർവീസ് ആരംഭിക്കേണ്ട ബസുകൾ മണിക്കൂറുകൾക്ക് മുൻപേ റോഡ് വക്കിൽ പാർക്ക് ചെയ്ത ശേഷം ഡ്രൈവർ സ്ഥലം വിടും.
സ്വന്തമായി പാർക്കിങ് യാർഡ് ഉള്ള ബസുകൾ പോലും റോഡിന്റെ ഒരു വശത്താണ് നിർത്തുന്നത്. ട്രയിൻ വരുന്ന സമയം കൂടിയാകുമ്പോൾ കുരുക്ക് രൂക്ഷമാകും.
വൈകിട്ട് പാസഞ്ചർ ട്രെയിനുകളെ ആശ്രയിക്കുന്നവർക്ക് കുരുക്ക് കാരണം പലപ്പോഴും ട്രയിൻ കിട്ടാറില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഒരു മാസം മുൻപ് കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ദീർഘ ദൂര സർവീസുകൾ സംഗീത കോളജ്– നോർക്ക ജംക്ഷൻ റോഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
തിരക്കില്ലാത്തതും ആവശ്യത്തിന് സ്ഥലമുള്ളതും പരിഗണിച്ചായിരുന്നു തീരുമാനം. തമ്പാനൂരിലെ പാർക്കിങ് യാർഡിൽ നിന്ന് തിരിച്ചാൽ മേട്ടുക്കട വഴി നോർക്ക ജംക്ഷനിലെത്തി ഒന്നിനു പുറകേ ഒന്നായി ബസുകൾ പാർക്ക് ചെയ്ത് ആളെ കയറ്റിയാൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാകും. എന്നാൽ ചില ബസുകൾ ഒഴികെ മിക്കവരും ഇതു പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
യോഗ തീരുമാനം വന്ന് രണ്ട് ദിവസം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഉഴപ്പി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]