ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ചലച്ചിത്ര നടി ആരെന്ന് ചോദിച്ചാൽ എന്താകും നിങ്ങളുടെ ഉത്തരം?
ദീപിക പഡുകോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, അതോ നയൻതാരയോ?
ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടി മാമാങ്ക’മായ ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗളയാണ് സമ്പത്തിൽ ഏറ്റവും മുന്നിലുള്ള വനിതാ ചലച്ചിത്രതാരം.
7,790 കോടി രൂപയാണ് ജൂഹിയുടെ ആസ്തി. കഴിഞ്ഞ ഒറ്റവർഷം ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയിലുണ്ടായ വർധന 69 ശതമാനം.
4,600 കോടി രൂപയായിരുന്നു 2024ൽ ആസ്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) മാതൃസ്ഥാപനമായ നൈറ്റ് റൈഡേഴ്സ് സ്പോർട്സിലെ ഓഹരി പങ്കാളിത്തമാണ് ജൂഹിയുടെ ആസ്തി വർധനയ്ക്ക് വഴിയൊരുക്കിയത്.
കഴിഞ്ഞ 2 വർഷത്തിനിടെ ഒറ്റ സിനിമയിൽ പോലും അഭിനയിക്കാതെയാണ് ജൂഹി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ചലച്ചിത്ര നടി എന്ന പട്ടം സ്വന്തമാക്കിയത്.
2025ലെ ഹുറൂൺ അതിസമ്പന്ന പട്ടികപ്രകാരം അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ, കരൺ ജോഹർ എന്നിവരെയെല്ലാം പിന്നിലാക്കി രണ്ടാംസ്ഥാനത്താണ് ജൂഹി. അമിതാഭ് ബച്ചനും കുടുംബത്തിനും ആസ്തി 1,630 കോടി രൂപ.
ധർമ പ്രൊഡക്ഷൻസ് ഉടമകൂടിയായ കരൺ ജോഹറിന്റെ ആസ്തി 1,880 കോടി. സിനിമയിൽ നിന്നുള്ളതിന് പുറമേ, തന്റെ ‘എച്ച്ആർഎക്സ്’ എന്ന ലൈഫ്സ്റ്റൈൽ ബ്രാൻഡിൽ നിന്നുകൂടി വരുമാനം നേടുന്ന ഹൃതിക്കിന്റെ ആസ്തി 2,160 കോടി രൂപയാണ്.
ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാറുഖ് ഖാൻ മാത്രമാണ് ആസ്തിയിൽ ജൂഹി ചൗളയ്ക്ക് മുന്നിലുള്ളത്.
ഷാറുഖും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളാണ്. 12,490 കോടി രൂപ ആസ്തിയാണ് ഷാറുഖിനുള്ളത്.
കഴിഞ്ഞവർഷം 7,300 കോടി രൂപയായിരുന്ന ആസ്തിയാണ് 71% കുതിപ്പോടെ ഇക്കുറി ‘ബോളിവുഡിന്റെ ബാദ്ഷ’ 12,000 കോടിക്ക് മുകളിലേക്ക് ഉയർത്തിയത്. ഹുറൂൺ ‘ശതകോടീശ്വര’ പട്ടികയിൽ ഇതാദ്യമായി ഇടംപിടിക്കാനും ഇതുവഴി ഷാറുഖിന് കഴിഞ്ഞു.
ഷാറുഖും ഭാര്യ ഗൗരി ഖാനും ചേർന്ന് നയിക്കുന്ന റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് കാഴ്ചവയ്ക്കുന്ന മികച്ച വരുമാന നേട്ടമാണ് ആസ്തിക്കുതിപ്പിന്റെ മുഖ്യ സ്രോതസ്സ്.
300 കോടി രൂപ ബജറ്റിൽ നിർമിച്ച ‘ജവാൻ’ സിനിമ 1,700 കോടിയിൽപ്പരം തുക രാജ്യാന്തരതലത്തിൽ ഗ്രോസ് കളക്ഷൻ നേടിയത് റെഡ് ചില്ലീസിന് വൻ നേട്ടമായിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസി വഴിയുള്ള വരുമാനത്തിന് പുറമേയാണ് ഷാറുഖിന്റെ ഈ നേട്ടം.
ഹുറൂൺ 2025 പട്ടികയിലെ ടോപ്-10 സ്വയാർജിത സമ്പന്ന വനിതകളിൽ ബോളിവുഡിൽ നിന്ന് ജൂഹി ചൗള മാത്രമേയുള്ളൂ.
ഹുറൂൺ പട്ടികയിൽ ജൂഹി ചൗള കഴിഞ്ഞവർഷം തന്നെ ദീപിക പഡുകോൺ, കരീന കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയവരെ പിന്തള്ളിയിരുന്നു. ജൂഹിയുടെ ഭർത്താവ് ജയ് മേത്തയും കെകെആർ സഹ ഉടമയാണ്.
1986ൽ ‘സുൽത്താനത്ത്’ എന്ന സിനിമയിലൂടെയായിരുന്നു ജൂഹി അഭിനയരംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന് 1990കളിലും 2000ന്റെ തുടക്കത്തിലും ബോളിവുഡിലെ ഏറ്റവും വേതനം പറ്റുന്ന നടിമാരിലൊരാളായി, തിരക്കുള്ള താരമായി വളർന്നു.
2023ൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ‘ഫ്രൈഡേ നൈറ്റ് പ്ലാൻ’ ആണ് ജൂഹിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]